ആദ്ധ്യാത്മ രാമായണ മാഹാത്മ്യം

Monday 18 May 2015 10:03 pm IST

ഒരിക്കല്‍ ശ്രീ നാരദ മഹര്‍ഷി വേദസ്വരൂപനും ജ്ഞാനിയും സൃഷ്ടികര്‍ത്താവും പിതാവുമായ ശ്രീ ബ്രഹ്മദേവന്റെ സവിധത്തിലെത്തി ചോദിച്ചു. ''ദേവശ്രേഷ്ഠാ, വന്യ പിതാവേ, അങ്ങെനിക്കു നിരവധി തവണ ജ്ഞാനോപദേശം നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ഞാനിവിടെ വന്നത് മനുഷ്യര്‍ക്കു വരാന്‍ പോകുന്ന പരിതാവാവസ്ഥ ഉണര്‍ത്തിക്കാണ് കലിയുഗം വരാറായി മനുഷ്യര്‍ അധര്‍മ്മികളായിത്തീരാന്‍ പോകുന്നു. അവര്‍ നാസ്തികരും മൂഢശരീരത്തെ ആരാധിക്കുന്നവരും ധനത്തെ സ്‌നേഹിക്കുന്നവരുമായിത്തീരും. പരഹിംസയും പരസ്ത്രീഗമനവും സാര്‍വത്രികമായിത്തീരും. അവരുടെ ബുദ്ധി മൃഗത്തിനു തുല്യമായിമാറും. ബ്രാഹ്മണരും വിദ്യയും കച്ചവടചരക്കാവും. ജാതിധര്‍മ്മങ്ങള്‍ വെടിഞ്ഞ് സര്‍വ്വരും ശൂദ്രരായിത്തീരും. ചതിയും വഞ്ചനയും ഏതുവിധത്തിലെങ്കിലും ധനം ആര്‍ജ്ജിക്കണമെന്ന ചിന്തയും മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ഭക്തി വര്‍ദ്ധിപ്പിക്കാനും ഈശ്വരാരാധനയ്ക്കുമുള്ള ക്ഷേത്രങ്ങള്‍ ധനം സമ്പാദിക്കാനുള്ള ഉപകരണങ്ങളാകും. ഭഗവത് സ്വരൂപമായ ഭാഗവതംപോലും ചിലര്‍ വില്‍പ്പനചരക്കാക്കും. പ്രതിഫലം വാങ്ങാതെ ഭഗവദ്കഥ പറയാന്‍ ആരെയും കിട്ടാതാകും. മനുഷ്യനെ സ്ത്രീകള്‍ പുരുഷന്മാരെ നിന്ദിക്കുന്നവരും ഭരണകര്‍ത്താക്കളുമാകും. ധര്‍മ്മത്തിന് ഒരു വിലയും ഉണ്ടാകില്ല. ഇങ്ങനെയുള്ള മനുഷ്യര്‍ക്ക് ഭക്തിയോ മുക്തിയോ ലഭിക്കുന്നതെങ്ങനെ? അവിടത്തെ ഉന്നത സൃഷ്ടിയായ മനുഷ്യനെ ധര്‍മ്മത്തിലേക്കുയര്‍ത്തുവാന്‍ ഒരു മാര്‍ഗം ഉപദേശിച്ചുതരണം. ഇതുകേട്ട് ബ്രഹ്മദേവന്‍ ഒന്നു പുഞ്ചിരിച്ചു. എന്നിട്ട് നാരദനോടു പറഞ്ഞു. ''പണ്ട് ഒരു ദിവസം ശ്രീപാര്‍വതീദേവി ജിജ്ഞാസാഭരിതയായി ശ്രീപരമേശ്വരന്റെ അടുത്തെത്തി തനിക്കു രാമതത്ത്വം ഉപദേശിച്ചുതരണമെന്നപേക്ഷിച്ചു. സന്തുഷ്ടനായ ശിവന്‍ പാര്‍വതിക്ക് ശ്രീരാമതത്ത്വം ഉപദേശിച്ചുകൊടുത്തു. അതു മനനം ചെയ്ത ദേവി സദാ പരമാനന്ദത്തില്‍ ലയിച്ചുകഴിയുന്നു. ഈ രാമതത്ത്വം കലിയുഗത്തില്‍ കഴിയുന്നവിധത്തിലെല്ലാം പ്രചരിപ്പിക്കുക. രാമകഥയും രാമതത്ത്വവും കേള്‍ക്കുകയും രാമായണം വായിക്കുകയും പഠിപ്പിക്കുകയും ചെയ്യുമ്പോള്‍ കലിദോഷങ്ങള്‍ അകന്നുപോകും. അവരുടെ സര്‍വ്വപാപങ്ങളും അവസാനിച്ച് മോക്ഷപ്രാപ്തിക്ക് അര്‍ഹരായിത്തീരും. ''ബ്രഹ്മാവ് നാരദനു രാമകഥാ മാഹാത്മ്യം പറഞ്ഞുകൊടുത്തു. രാമായണത്തിന്റെ അവസാനം ശ്രീരാമചന്ദ്രന്‍ ലക്ഷ്മണന് രാമഗീത ഉപദേശിച്ചുകൊടുക്കുന്നുണ്ട്. ഉപനിഷദ് സാഗരത്തെ കടഞ്ഞുണ്ടാക്കിയതാണ് രാമഗീത. ഇതു പഠിക്കുന്ന മനുഷ്യന്‍ മുക്തിക്ക് അര്‍ഹനാണെന്ന് ശ്രീരാമന്‍ തന്നെ പറയുന്നു. ജമദഗ്നിയുടെ പുത്രനായ പരശുരാമന്‍ ശിവന്റെ ശിഷ്യനായി കൈലാസത്തില്‍ താമസിക്കുന്ന കാലത്താണ് പരമശിവന്‍ പാര്‍വതിക്ക് രാമതത്ത്വം ഉപദേശിക്കുന്നത്. ഇതുകേട്ട് മനനം ചെയ്ത പരശുരാമന്‍ ശ്രീനാരായണന്റെ അംശാവതാരമായിത്തീര്‍ന്നു. രാമായണവും രാമഗീതയും വായിക്കുകയും പഠിക്കുകയും ചെയ്യുന്നതിലൂടെ രാമതത്ത്വം ഗ്രഹിക്കാന്‍ കഴിയുന്നു. തത്ത്വഗ്രഹണത്തിലൂടെ ജ്ഞാനവും ജ്ഞാനത്തിലൂടെ ഭക്തിയും ഭക്തിയിലൂടെ മുക്തിയും ലഭിക്കും. ഇതാണ് ബ്രഹ്മദേവന്‍ നാരദനുപദേശിച്ചുകൊടുത്തത്. അദ്ധ്യാത്മപ്രദീപകമത്യന്തം രഹസ്യാമി- തദ്ധ്യാത്മരാമായണം മൃത്യുശാസനപ്രോക്തം അദ്ധ്യയനം ചെയ്തീടും മര്‍ത്യജന്മികള്‍ക്കെല്ലാം മുക്തിസിദ്ധിക്കുമസന്ദിഗ്ദ്ധമിജ്ജന്മം കൊണ്ടേ, ഭക്തികൈക്കൊണ്ടു കേട്ടുകൊള്ളുവിന്‍ ചൊല്ലീടുവ- നെത്രയും ചുരുക്കി ഞാന്‍ രാമമാഹാത്മ്യമെല്ലാം. ബുദ്ധിമത്തുക്കളായോരിക്കഥ കേള്‍ക്കുന്നാകില്‍ ബദ്ധരാകിലുമുടന്‍ മുക്തരായ് വന്നുകൂടും. ഉമാമഹേശ്വര സംവാദത്തിനൊടുവില്‍ ശ്രീപരമേശ്വരന്‍ ശ്രീ പാര്‍വതിയോടു പറയുന്നു:- അദ്ധ്യാത്മരാമായണമെന്നു പേരിതിന്നിദ- മദ്ധ്യയനം ചെയ്യുന്നോര്‍ക്കദ്ധ്യാത്മജ്ഞാനമുണ്ടാം. പുത്രസന്തതി ധനസമൃദ്ധി ദീര്‍ഘായുസ്സും മിത്രസമ്പത്തു കീര്‍ത്തി രോഗശാന്തിയുമുണ്ടാം ഭക്തിയും വര്‍ദ്ധിച്ചീടും മുക്തിയും സിദ്ധിച്ചീടു- മെത്രയും രഹസ്യമിതെങ്കിലോ കേട്ടാലും നീ. .. തുടരും  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.