ജമാ അത്തെ ഇസ്ലാമിക്ക് മദനിയെ വേണ്ട; ജസ്റ്റിസ് ഫോര്‍ മദനി ഫോറം നിശ്ചലം

Tuesday 19 May 2015 1:33 am IST

  കൊച്ചി: മദനിയെ മുന്‍നിര്‍ത്തി രാഷ്ട്രീയ യുദ്ധംനയിച്ചവര്‍ ഒടുവില്‍ രാഷ്ട്രീയ ലാഭത്തിനായി മദനിയെ കയ്യൊഴിഞ്ഞു. ബെംഗളൂരു സ്‌ഫോടനക്കേസിലെ പ്രതിയായ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിക്ക് നിയമ-സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നതിന് രൂപീകരിച്ച ജസ്റ്റിസ് ഫോര്‍ മദനി ഫോറം മൂന്ന് വര്‍ഷത്തിലേറെയായി നിശ്ചലം. മദനിയുടെ തിരിച്ചുവരവ് വെല്‍ഫയര്‍ പാര്‍ട്ടിക്ക് തിരിച്ചടിയാവുമെന്നതിനാല്‍ ഫോറത്തില്‍ ഏറെ പ്രാതിനിധ്യമുള്ള ജമാ അത്തെ ഇസ്ലാമി നിര്‍ജ്ജീവമായതാണ് സംഘടന നിശ്ചലമാകാന്‍ കാരണം. മദനിക്കുവേണ്ടി പള്ളികള്‍ കേന്ദ്രീകരിച്ച് പിരിച്ചെടുത്ത ലക്ഷങ്ങള്‍ സംബന്ധിച്ചും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ബെംഗളൂരു സ്‌ഫോടനക്കേസില്‍ മദനി അറസ്റ്റിലായതിന് തൊട്ടുപിന്നാലെ 2010 ആഗസ്റ്റിലാണ് വിവിധ മുസ്ലീംസംഘടനകള്‍ ജസ്റ്റിസ് ഫോര്‍ മദനി ഫോറം രൂപീകരിച്ചത്. കോണ്‍ഗ്രസ്, സിപിഎം, മുസ്ലീം ലീഗ് തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളുടെ പരസ്യപിന്തുണയോടെയായിരുന്നു ഇത്. ഭീകരപ്രവര്‍ത്തന കേസിലെ പ്രതിയെ 'ഭരണകൂട ഭീകരത'യുടെ ഇരയായി ചിത്രീകരിച്ച് നടത്തിയ വര്‍ഗ്ഗീയ പ്രചാരണത്തില്‍ പരസ്പരം പോരടിച്ചിരുന്ന മുസ്ലിം സംഘടനകളോടൊപ്പം ഇടതുബുദ്ധിജീവികളും ഒന്നിച്ചു. മുന്‍ എംപി ഡോ.സെബാസ്റ്റ്യന്‍ പോള്‍ ചെയര്‍മാനായ ഫോറത്തില്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ കെ.പി. മുഹമ്മദും ജനറല്‍ കണ്‍വീനര്‍ എച്ച്.ഷഹീര്‍ മൗലവിയുമാണ്. രണ്ട് വര്‍ഷത്തോളം ഫോറത്തിന്റെ പ്രവര്‍ത്തനം സജീവമായിരുന്നു. പള്ളികള്‍ കേന്ദ്രീകരിച്ച് പണംപിരിക്കുകയാണ് ആദ്യം ചെയ്തത്. ഭീകരവാദക്കേസിലെ പ്രതിക്കുവേണ്ടി ആരാധനാലയം ദുരുപയോഗം ചെയ്തുള്ള സാമ്പത്തിക സമാഹരണത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജിയെത്തി. ഇതേതുടര്‍ന്ന് ആലപ്പുഴ ജില്ലയില്‍ പോലീസ് രണ്ട് കേസുകള്‍ എടുത്തെങ്കിലും തുടര്‍നടപടികള്‍ അട്ടിമറിച്ചു. മതവികാരമിളക്കി നടന്ന പ്രചാരണത്തില്‍ ലക്ഷക്കണക്കിന് രൂപ ഫോറത്തിന്റെ കൈവശമെത്തി. എന്നാല്‍ ഫണ്ട് കൈകാര്യം ചെയ്യുന്നതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഭിന്നതയുണ്ടായതോടെ ഫോറം പ്രതിസന്ധിയിലായി. പിഡിപി സംസ്ഥാന സെക്രട്ടറിമാരായ മുഹമ്മദ് റെജീബ്, സാബു കൊട്ടാരക്കര, സംസ്ഥാന വൈസ് പ്രസിഡണ്ട് വര്‍ക്കല രാജ് എന്നിവരായിരുന്നു ഫോറത്തില്‍ പിഡിപിയുടെ പ്രതിനിധികള്‍. കേസ് നടത്തിപ്പിനെന്ന് പറഞ്ഞ് പത്ത് ലക്ഷത്തോളം രൂപ ഇവര്‍ വാങ്ങിയെങ്കിലും കണക്ക് നല്‍കിയില്ല. ഇതേതുടര്‍ന്ന് പിഡിപിയും ഫോറവുമായി തര്‍ക്കമുണ്ടായി. ഇതിനിടയിലാണ് ജമാ അത്തെ ഇസ്ലാമി വെല്‍ഫയര്‍ പാര്‍ട്ടി രൂപീകരിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. വിവിധ മുസ്ലീം സംഘടനാനേതാക്കള്‍ ഫോറത്തിന്റെ ഭാരവാഹികളായിരുന്നെങ്കിലും ജമാ അത്തെ ഇസ്ലാമിക്കായിരുന്നു സംഘടനാപരമായ മുന്‍തൂക്കം. ഇത് തുടക്കത്തില്‍തന്നെ മറ്റ് മുസ്ലിം സംഘടനകളെ പിന്നോട്ട് വലിച്ചിരുന്നു. പണത്തെച്ചൊല്ലി കലഹമുയര്‍ന്ന സാഹചര്യം മുതലെടുത്ത് ഫോറത്തിന്റെ പ്രവര്‍ത്തനത്തില്‍ ജമാ അത്തെ ഇസ്ലാമി നിര്‍ജ്ജീവമായി. മൂന്ന് വര്‍ഷത്തോളമായി ഫോറത്തിന്റെ യോഗം നടക്കാറില്ലെന്ന് ഭാരവാഹികള്‍ പറയുന്നു. എന്നാല്‍ ഫോറം പിരിച്ചുവിടുകയോ ആരെങ്കിലും രാജിവെക്കുകയോ ചെയ്തിട്ടില്ല. ഇപ്പോള്‍ കേസ് നടത്തുന്നത് പിഡിപി സംസ്ഥാന നേതൃത്വമാണ്. മദനി മടങ്ങിയെത്തുന്നത് മുസ്ലിം ലീഗിനെപ്പോലെ വെല്‍ഫയര്‍ പാര്‍ട്ടിക്കും തിരിച്ചടിയാകുമെന്ന തിരിച്ചറിവാണ് ജമാ അത്തെ ഇസ്ലാമിയുടെ പിന്മാറ്റത്തിന് പിന്നില്‍. മദനിയുടെ അസാനിധ്യത്തില്‍ പിഡിപി നിര്‍ജ്ജീവമാണിപ്പോള്‍. ഒരുവിഭാഗം പിഡിപി പ്രവര്‍ത്തകരും നേതാക്കളും വെല്‍ഫയര്‍ പാര്‍ട്ടി ഉള്‍പ്പെടെയുള്ള മറ്റ് മുസ്ലിം പാര്‍ട്ടികളില്‍ അഭയംതേടുകയും ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.