ബിജെപി ഉപരോധം താക്കീതായി

Tuesday 19 May 2015 10:58 pm IST

അലയടിക്കുന്ന ജനസാഗരം…. കേരളത്തിലെ അഴിമതി ഭരണത്തിനും ഒത്തുതീര്‍പ്പു രാഷ്ട്രീയത്തിനും എതിരെ ബിജെപി നടത്തിയ രാപകല്‍ സെക്രട്ടേറിയറ്റ് ഉപരോധം ദേശീയഅധ്യക്ഷന്‍ അമിത് ഷാ ഉദ്ഘാടനം ചെയ്യുന്നു. (ചിത്രം – അനില്‍ഗോപി)

തിരുവനന്തപുരം: അഴിമതിക്കാരുടെ കൂടാരമായ യുഡിഎഫ് സര്‍ക്കാരിനും അവരെ ഒത്തുകളി സമരങ്ങളിലൂടെ പരിരക്ഷിക്കുന്ന എല്‍ഡിഎഫിനും താക്കീതായിബിജെപിയുടെ ഉപരോധ സമരം. ബിജെപിയുടെ സെക്രട്ടറിയേറ്റ് ഉപരോധ സമരം അക്ഷരാര്‍ഥത്തില്‍ പ്രതിഷേധക്കടലായി. അഴിമതിക്കെതിരെ പോരാടാനും പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാന്‍ ശക്തമായി പ്രവര്‍ത്തിക്കാനും അധ്യക്ഷന്‍ അമിത് ഷാ നല്‍കിയ ആഹ്വാനത്തെ വന്‍കരഘോഷത്തോടെയാണ് ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ വരവേറ്റത്. സംസ്ഥാനത്തെ കോണ്‍ഗ്രസ് മുക്തമാക്കാന്‍ ഷാ ജനങ്ങളെ ആഹ്വാനം ചെയ്തു.

തുള്ളിക്ക് ഒരു കുടംപോലെ പെയ്തിറങ്ങിയ പെരുമഴയത്തും ആവേശത്തിന്റെ ഇടിമുഴക്കമായി അമിത്ഷായുടെ വാക്കുകള്‍. സെക്രട്ടേറിയറ്റ് വീഥി ഉത്സാഹക്കടലായി മാറിയപ്പോള്‍ ബിജെപിയുടെ ഉപരോധം കേരള രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമായി.

പലതരത്തിലും വിധത്തിലുമുള്ള സമരങ്ങള്‍ കണ്ടിട്ടുള്ള സെക്രട്ടേറിയറ്റിനു മുന്‍വശത്ത് ബിജെപിയുടെ ഉപരോധ സമരം നല്‍കിയത് വേറിട്ടൊരു കാഴ്ചയായി. ബിജെപി നടത്തിയ രാപകല്‍ ഉപരോധം തിങ്കളാഴ്ച വൈകിട്ടേ തുടങ്ങിയിരുന്നു. ഇന്നലെ രാവിലെ മുതല്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ ഉപരോധത്തിനായി ഒഴുകി എത്തി.

പത്ത് മണിയായപ്പോഴേയ്ക്കും എം.ജി. റോഡ് ജനസമുദ്രം. ഏജീസ് ഓഫീസ് മുതല്‍ പുളിമൂട് ജംഗ്ഷന്‍ വരെ സൂചികുത്താന്‍ ഇടമില്ലാതെ ബിജെപി പ്രവര്‍ത്തകര്‍. കുങ്കുമ-ഹരിത പതാകകള്‍ വീശിയും ഭാരത് മാതാ കീ ജയ്‌വിളിച്ചും ആവേശം വിതറിയ പ്രവര്‍ത്തകര്‍ സ്വയം നിയന്ത്രിച്ച് അച്ചടക്കത്താലും മാതൃകയായി.

സമരഗേറ്റിനു മുന്നിലെ റോഡിനു കുറുകെ ഉയര്‍ത്തിയ താത്ക്കാലിക സ്റ്റേജില്‍ നേതാക്കള്‍ വാക്കുകള്‍ കൊണ്ട് ആവേശം വിതറിയപ്പോള്‍ അതേറ്റുപാടി അണികള്‍ ആരവം മുഴക്കി. മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ ഒ. രാജഗോപാല്‍, സി.കെ.പത്മനാഭന്‍, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, പി. കെ. ക്യഷ്ണദാസ് എന്നിവര്‍ സമകാലിക രാഷ്ട്രീയാവസ്ഥ വരച്ചുകാട്ടി. തനി തമിഴില്‍ ദേശീയ സെക്രട്ടറി എച്ച്. രാജയുടെ വാക്കുകളിലെ ഫലിതവും ആവേശത്തോടെ പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങി. സംസ്ഥാന അദ്ധ്യക്ഷന്‍ വി. മുരളീധരന്‍ 12 മണിയോടെ വേദിയിലെത്തി. ദേശീയ അദ്ധ്യക്ഷന്‍ ഉടന്‍ വേദിയില്‍ എത്തുമെന്ന് അറിയിപ്പുണ്ടായി. മഴ ഉടന്‍ പെയ്‌തേക്കാം. എന്നാല്‍ ഇതിലും വലിയ പ്രതിസന്ധികള്‍ തരണം ചെയ്ത പ്രസ്ഥാനമായതിനാല്‍ ആരും തല്‍സ്ഥാനങ്ങളില്‍ നിന്നും മാറരുതെന്ന സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ വാക്കുകള്‍ പ്രവര്‍ത്തകര്‍ അക്ഷരം പ്രതി പാലിച്ചു. കാര്‍മേഘം കനത്ത മഴയായി പെയ്തിറങ്ങി.

മഴ ശക്തമായി പെയ്‌തെങ്കിലും അതവഗണിച്ചും പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ വേദിയിലെത്തി. സുരക്ഷാ ഉദ്യാഗസ്ഥന്‍ നല്‍കിയ മഴക്കോട്ട് നിരസിച്ച അദ്ദേഹം പ്രസംഗം തുടങ്ങി. ഭാരത് മാതാ കീ ജയ് വിളിച്ചും അണികളെകൊണ്ട് വിളിപ്പിച്ചും പ്രസംഗം തുടങ്ങിയ അമിത്ഷാ അവസാനിപ്പിച്ചതും രാഷ്ട്രമാതാവിനു ജയഘോഷം മുഴക്കിത്തന്നെ. പ്രസംഗം അര മണിക്കൂര്‍ നീണ്ടു. മഴയത്ത് സ്റ്റേജില്‍ നിന്നു തന്നെ നേതാക്കളോട് കുശലാന്വേഷണം നടത്തി പിന്നീട് തൈക്കാട് ഗസ്റ്റ് ഹൗസിലേക്ക്.
ഉപരോധ സമരത്തിനു ശേഷം മഴനഞ്ഞുകൊണ്ടു തന്നെ പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് ആഹ്വാനം പ്രാവര്‍ത്തികമാക്കി നേതാക്കളും പ്രവര്‍ത്തകരും. ഉപരോധ സമരത്തെ തുടര്‍ന്ന് സമരവീഥിയിലുണ്ടായ മാലിന്യങ്ങള്‍ നീക്കം ചെയ്ത് മാതൃക കാട്ടിയ ശേഷമായിരുന്നു പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.