പീഡനക്കേസില്‍ വൈദികനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തം

Tuesday 19 May 2015 11:14 pm IST

പറവൂര്‍: പതിനാല്കാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പള്ളിമേടയില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പുത്തന്‍ വേലിക്കര പറങ്കി നാട്ടിയകുരിശ് ലൂര്‍ദ്ദ് മാതാ പള്ളി വികാരി ഫാ.എഡ്വിന്‍ ഫിഗറസിനെ അറസ്റ്റു ചെയ്യുന്നതില്‍ പോലീസ് ഗുരുതരമായ വീഴ്ച വരുത്തി എന്നാരോപിച്ച് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പുത്തന്‍ വേലിക്കര ബസാറില്‍ പ്രതിഷേധധര്‍ണ്ണ സംഘടിപ്പിച്ചു. ടുയുസിഐ നേതാവ് അഡ്വ.ടി.ബി.മിനി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ മാസം രണ്ടാം തീയതിയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് കാണിച്ച് പെണ്‍കുട്ടിയുടെ അമ്മ പുത്തന്‍ വേലിക്കര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇതിനെതുടര്‍ന്ന് ഫാദര്‍ എഡ്വിവിന്‍ വിദേശത്തേക്ക് കടന്നു കളഞ്ഞു. അവിടെ നിന്നു തന്റെ അഭിഭാഷകന്‍ വഴി ഹൈക്കോടതിയില്‍ മൂന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിക്കുകയായിരുന്നു. മെയ് 5 വരെ വൈദികനെ അറസ്റ്റ് ചെയ്യരുത് എന്ന് ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെ 27നു അന്വേഷണ ഉദ്യോഗസ്ഥനായ വടക്കേക്കര സിഐ മുമ്പാകെ ഹാജരായി. ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 5 മണിക്കൂറോളം ചോദ്യം ചെയ്തശേഷം പറഞ്ഞു വിടുകയായിരുന്നു. 5ന് ജാമ്യ അപേക്ഷ പരിഗണിച്ച ഹൈക്കോടതി, സമൂഹത്തില്‍ മാതൃകയാകേ വൈദികന്റെ ഭാഗത്തുനിന്നും  അങ്ങേയറ്റം ഹീനമായ പ്രവര്‍ത്തിയാണ് ഉണ്ടായതെന്ന് പരാമര്‍ശിച്ച് ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ഇതിനെതുടര്‍ന്ന് വൈദികന്‍ വീണ്ടും ഒളിവില്‍പോയി. വടക്കേക്കര പോലീസ് ഫാ. എഡ്വിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. 27ന് വൈദികനെ ചോദ്യം ചെയ്ത ശേഷം, മാധ്യമപ്രവര്‍ത്തകര്‍ ഡിവൈഎസ്പിയോട് 5ന് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളുകയാണെങ്കില്‍ വൈദികന്‍ ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്നും. അങ്ങനെയെങ്കില്‍ വൈദികന്റെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടിയിട്ടുണ്ടോ എന്ന്  ചോദിച്ചപ്പോള്‍ പാസ് പോര്‍ട്ട് പിടിച്ചെടുത്തിട്ടില്ല. കടന്നുകളയാതിരിക്കാനുള്ള എല്ലാ മുന്‍കരുതലും എടുത്തിട്ടുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. ഇത്രയും വലിയ കോളിളക്കം സൃഷ്ടിച്ച കേസില്‍,  ഹൈക്കോടതി പോലും ഹീനമായ പ്രവര്‍ത്തി എന്ന് വിശേഷിപ്പിച്ച സംഭവത്തില്‍ വൈദികന്‍ പോലീസ് സ്റ്റേഷനില്‍ വന്നു പോയിട്ട് ഇയാളെനിരീക്ഷിക്കാനോ കണ്ടെത്താനോ സാധിക്കാത്തത് പോലീസിന്റെ പരാജയം ആണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനിടയില്‍ ജാമ്യത്തിനായി വൈദികന്‍ സുപ്രീം കോടതിയെ സമീപിച്ചതായാണ് വിവരം. വൈദികന്റെ പണത്തിന്റേയും രാഷ്ട്രീയ സ്വാധീനത്തിന്റേയും ഫലമാണ് അറസ്റ്റ് നീണ്ടുപോകുന്നതെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു. ഇപ്പോഴത്തെ അന്വേഷണ സംഘത്തെ വിശ്വാസമില്ലെന്നും പുതിയ ഒരു അന്വേഷണസംഘത്തെ നിയോഗിക്കണമെന്നും ആക്ഷന്‍കൗണ്‍സില്‍ നേതാവ്  എം.പി.ഷാജന്‍ ആവശ്യപ്പെട്ടു. മുന്‍ പഞ്ചായത്ത് മെമ്പര്‍ ഉഷലുമുംബ അദ്ധ്യക്ഷത വഹിച്ചു. എം.ടി.ജയന്‍, വി.ആര്‍.സുശീല്‍കുമാര്‍, രഞ്ചിത്ത് മാത്യൂ, എം.പി.ഷാജന്‍, തോമസ് വാഴപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.