മണല്‍ കരിങ്കല്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം: ബിഎംഎസ്

Wednesday 20 May 2015 10:15 am IST

കൊല്ലം: കേരളത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ സ്തംഭനാവസ്ഥയിലാക്കുകയും ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നതിനും കാരണമായ മണല്‍ വാരല്‍ നിരോധനവും ചെറുകിട കരിങ്കല്‍ ക്വാറികളുടെ നിരോധനവും പിന്‍വലിച്ച് തൊഴില്‍ ചെയ്യുന്നതിനുള്ള സാഹചര്യമുണ്ടാക്കുന്ന രീതിയില്‍ നിയമ നിര്‍മ്മാണം നടത്തണമെന്ന് ബിഎംഎസ് ജില്ലാ സെക്രട്ടറി ടി. രാജേന്ദ്രന്‍ പിള്ള ആവശ്യപ്പെട്ടു. നിര്‍മ്മാണ തൊഴിലാളി സംഘ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണല്‍, കരിങ്കല്‍ നിരോധനം മൂലം കേരളത്തിലെ റവന്യു വരുമാനത്തിന്റെ നല്ലൊരു ഭാഗം നഷ്ടപ്പെടുത്തുകയും വന്‍കിട കുത്തകകളേയും മണല്‍ മാഫിയകളേയും വളര്‍ത്തുകയും ചെയ്യുന്നതിന് സര്‍ക്കാര്‍ നയം സഹായിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. ഇതുമൂലം മണലിനും പാറ ഉല്പനങ്ങള്‍ക്കും വില വര്‍ദ്ധിച്ചു. നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധികളുടെ ഉത്തരവാദിത്തം കേന്ദ്ര പരിസ്ഥിതി വകുപ്പിന്റേയും കോടതികളുടേയും തലയില്‍ കെട്ടിവച്ച് സംസ്ഥാന സര്‍ക്കാര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് തൊഴില്‍ നല്‍കുന്നതിനും മണലും, പാറ ഉല്പന്നങ്ങളും വിലകുറച്ച് ആവശ്യക്കാര്‍ക്ക് നല്‍കുന്നതിനുമുള്ള നടപടി ഉണ്ടാകാത്ത പക്ഷം ബിഎംഎസ് പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ യൂണിയന്‍ പ്രസിഡന്റ് വി. രവികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ പരിമണം ശശി, ജെ. തങ്കരാജ്, കെ. ശിവരാജന്‍, രാജലക്ഷ്മി ശിവജി, ആര്‍. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഡി.എസ്. ഉണ്ണി സ്വാഗതവും ബിജു ചടയമംഗലം നന്ദിയും പറഞ്ഞു. ഭാരവാഹികളായി വി. രവികുമാര്‍(പ്രസിഡന്റ്), എസ്. രാജന്ദ്രന്‍, ജെ. അനില്‍ കുമാര്‍, ഗോപാലകൃഷ്ണ പിള്ള (വൈസ് പ്രസിഡന്റുമാര്‍), പരിമണം ശശി (ജനറല്‍ സെക്രട്ടറി), ഡി.എസ്. ഉണ്ണി, ബിജു കുമാര്‍, അപ്പു(ജോ.സെക്രട്ടറിമാര്‍) പി.എന്‍. പ്രദീപ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.