കൊരട്ടി പുറമ്പോക്ക് ഭൂമി കയ്യേറ്റം: ഭൂമി കയ്യേറിയില്ലെന്ന് സര്‍വ്വേ സംഘം പുറമ്പോക്ക് ഭൂമിയുണ്ടെന്ന് പഞ്ചായത്ത്

Wednesday 20 May 2015 9:58 pm IST

എരുമേലി: വിവാദമായ കൊരട്ടിയിലെ പുറമ്പോക്ക് ഭൂമി കയ്യേറ്റസംഭവവുമായി ബന്ധപ്പെട്ട് ലാന്‍ഡ് റവന്യൂ ബോര്‍ഡ് നിയോഗിച്ച സംഘം നടത്തിയ സര്‍വ്വേയില്‍ കൊരട്ടിയില്‍ സ്വകാര്യ വ്യക്തി ഭൂമി കയ്യേറിയില്ലെന്ന് കണ്ടെത്തി. എന്നാല്‍ ആറ്റുപുറമ്പോക്കായി ഭൂമിയുണ്ടെന്ന് സര്‍വ്വേസംഘം കണ്ടെത്തിയെന്ന് പഞ്ചായത്തംഗം ടി.പി. തൊമ്മി പറഞ്ഞു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നടന്നുവരുന്ന നിയമപോരാട്ടങ്ങളുടെ ഫലമായി കൊരട്ടി സ്വദേശി വെട്ടിക്കൊമ്പില്‍ രാജേന്ദ്രന് അനുകൂലമായാണ് കേസ് വന്നിരിക്കുന്നത്. കൊരട്ടിയില്‍ പുറമ്പോക്ക് ഭൂമി രാജേന്ദ്രന്‍ കയ്യേറിട്ടുണ്ടെന്ന് പഞ്ചായത്ത് കമ്മറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാജേന്ദ്രന്റെ വീട് നിര്‍മ്മാണത്തിനുള്ള പെര്‍മിറ്റ് തടഞ്ഞുവച്ച സംഭവമാണ് വിവാദത്തിന് വഴിതെളിച്ചത്. രാജേന്ദ്രന്റെ അപേക്ഷയില്‍ താലൂക്ക്, ജില്ലാ, ലാന്‍ഡ് റവന്യൂ വകുപ്പ് അടക്കമുള്ളവര്‍ സ്ഥലത്തെത്തി ഭൂമി അളന്നുവെങ്കിലും ഭൂമി കയ്യേറിയതായി കണ്ടെത്താനായില്ല. ഇതേത്തുടര്‍ന്ന് സംസ്ഥാന ഓംബുഡ്‌സ്മാനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്തംഗങ്ങള്‍ മുഴുവനും ജീവനക്കാരെയും ഒരുമിച്ച് വിളിപ്പിച്ചതും സംസ്ഥാനത്താദ്യമായിരുന്നു. തുടര്‍ന്ന് പഞ്ചായത്ത്, ലാന്റ് റവന്യൂ കമ്മീഷണര്‍ക്ക് വീണ്ടും പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ഭൂമി അളക്കാന്‍ സംഘമെത്തിയത്. പുറമ്പോക്ക് ഭൂമി കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ലാത്ത സാഹചര്യത്തില്‍ പുറമ്പോക്ക് ഭൂമി കയ്യേറിയതായി പറയാനാകില്ലെന്നും സര്‍വ്വേയ്ക്ക് നേതൃത്വം നല്‍കിയവര്‍ പറഞ്ഞു. എന്നാല്‍ രണ്ടു ഭാഗങ്ങളിലായി കുറച്ചു പുറമ്പോക്ക് ഭൂമിയുണ്ടെന്നും സംഘം കണ്ടെത്തി. സര്‍വ്വേ അസിസ്റ്റന്റ് ഡയറക്ടര്‍ വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഏറെ വിവാദമായ ഭൂമി അളക്കാനെത്തിയത്. അംഗങ്ങളും ജീവനക്കാരും ഭൂമി അളക്കാന്‍ സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ പഞ്ചായത്ത് മുമ്പ് വാദിച്ചതുപോലുള്ള പുറമ്പോക്ക് ഭൂമി യില്ലായെന്നതും സ്വകാര്യ വ്യക്തി ഭൂമി കയ്യേറിയിട്ടില്ലെന്നതും ഭൂമി കയ്യേറ്റകേസ് വീണ്ടും വഴിത്തിരിവിലെത്തിയിരിക്കുകയാണ്. മണിമലയാറിന്റെ തീരത്ത് രാജേന്ദ്രന് വീട് പണിയാന്‍ പെര്‍മിറ്റ് നല്‍കാത്തതിന്റെ പേരില്‍ താമസ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതുമൂലം രാജേന്ദ്രന്റെ മകളുടെ പേര് വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാന കഴിയാത്തതടക്കമുള്ള പലവിധ ദുരിതങ്ങളാണ് ഉണ്ടായത്. കൊരട്ടിയില്‍ പുറമ്പോക്ക് ഭൂമി കയ്യേറിയിട്ടില്ലെന്ന സര്‍വ്വേ സംഘത്തിന്റെ കണ്ടെത്തല്‍ പഞ്ചായത്ത് ഭരണ സമിതിയെ വെട്ടിലാക്കിയിരിക്കുകയാണ്. പഞ്ചായത്ത് പറയുന്ന പുറമ്പോക്ക് ഭൂമിയില്‍ സ്ഥാപിച്ച വൈദ്യുതി ലൈന്‍, പഞ്ചായത്തിന്റെ വികസന പദ്ധതിക്കായി മാറ്റി സ്ഥാപിക്കാന്‍ പതിനായിരക്കണക്കിന് രൂപ പഞ്ചായത്ത് ചെലവഴിച്ചതും പ്രതിസന്ധിക്കുണ്ടാക്കുമെന്നാണ് കണക്കുകൂട്ടല്‍. സര്‍വ്വേയുടെ അന്തിമ റിപ്പോര്‍ട്ട് വരാന്‍ ഇനി ദിവസങ്ങള്‍ കൂടി കാത്തിരിക്കേണ്ടിവരുമെന്നതിനാല്‍ വൈദ്യുതി ലൈന്‍ മാറ്റി സ്ഥാപിക്കാന്‍ ചെലവഴിച്ച പണത്തിന്റെ കാര്യത്തിലും കമ്മറ്റിക്ക് തീരുമാനമെടുക്കേണ്ടി വരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.