വിലക്ക് ലംഘിച്ച് വീണ്ടും വിഎസ്; വിഭാഗീയത രൂക്ഷമായി തുടരുന്നു

Wednesday 20 May 2015 10:11 pm IST

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പങ്കെടുത്ത പൊതുപരിപാടിക്ക് വീണ്ടും സിപിഎം വിലക്ക്. യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കേണ്ട സിപിഎം എംഎല്‍എ ചടങ്ങ് ബഹിഷ്‌കരിച്ചു. നേതൃത്വത്തെ വെല്ലുവിളിച്ച് അണികള്‍ ഒഴുകിയെത്തി. സിപിഐ നേതാക്കളും പങ്കെടുത്തു. ഔദ്യോഗികപക്ഷവും അച്യുതാനന്ദനുമായുള്ള രൂക്ഷമായ ഭിന്നത ഇപ്പോഴും തുടരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് തുറവൂരിലും നടന്ന സംഭവവികാസങ്ങള്‍. വിഎസ് പക്ഷക്കാരായത് കൊണ്ടുമാത്രം വേട്ടയാടപ്പെട്ട് സിപിഎമ്മില്‍ നിന്ന് പുറത്ത് പോകേണ്ടിവന്ന നേതാക്കള്‍ രൂപംകൊടുത്ത സോഷ്യല്‍ ജസ്റ്റിസ് പാലിയേറ്റീവ് കെയര്‍ ആന്‍ഡ് ആന്റികാപ്ഷന്‍ മൂവ്‌മെന്റ് (സ്പാം) എന്ന സംഘടനയുടെ ഉദ്ഘാടനമാണ് പാര്‍ട്ടി വിലക്ക് മറികടന്ന് ഇന്നലെ രാവിലെ അച്യുതാനന്ദന്‍ നിര്‍വഹിച്ചത്. ആറുമാസം മുമ്പ് സിപിഎം വിട്ട് സിപിഐയില്‍ ചേക്കേറിയ വിഎസ് പക്ഷക്കാരായ മുന്‍ അരൂര്‍ ഏരിയ കമ്മറ്റിയംഗവും മുന്‍ തുറവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ എല്‍. ഔസേഫ്, മുന്‍ ചന്തിരൂര്‍ ലോക്കല്‍ സെക്രട്ടറി സി. രാജപ്പന്‍ എന്നിവരാണ് 'സ്പാമി'ന്റെ പ്രധാന ഭാരവാഹികള്‍, അഴിമതി വിരുദ്ധ പോരാട്ടം, സാധുജന പരിപാലനം തുടങ്ങിയവയാണ് സംഘടനയുടെ പ്രധാന ലക്ഷ്യങ്ങളെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. വിഎസ് പക്ഷത്തിന്റെ ഏകോപന സംഘടനയെന്ന നിലയിലാണ് 'സ്പാമി'ന്റെ പ്രവര്‍ത്തനം. പാര്‍ട്ടിയെ വെല്ലുവിളിച്ച് തുടങ്ങിയ സംഘടനയോട് പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിക്കേണ്ട എന്നതായിരുന്നു തുടക്കത്തില്‍ സിപിഎം തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ സിപിഎം ജില്ലാ കമ്മറ്റിയംഗമായ എ.എം. ആരിഫ് എംഎല്‍എയാണ് അദ്ധ്യക്ഷനായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഔദ്യോഗികപക്ഷം വിഷയത്തില്‍ കര്‍ശനമായി ഇടപെടുകയും ആരിഫ് അടക്കമുള്ള സിപിഎം പ്രവര്‍ത്തകര്‍ വിഎസിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നത് വിലക്കുകയുമായിരുന്നു. എംഎല്‍എ പാര്‍ട്ടി നിര്‍ദേശം അംഗീകരിച്ചെങ്കിലും സാധാരണ പ്രവര്‍ത്തകര്‍ വിഎസിന്റെ പ്രസംഗം കേള്‍ക്കാനെത്തി. സിപിഐ ജില്ലാ സെക്രട്ടറി പി. തിലോത്തമന്‍ എംഎല്‍എയും യോഗത്തില്‍ ആശംസ നേരാനെത്തി. അഴിമതി നടത്തുന്നത് അന്തസായി കാണുന്നവരാണ് രാഷ്ട്രീയ നേതാക്കള്‍ പലരുമെന്നും അഴിമതിയെ എതിര്‍ക്കുന്നവരെ ഇവര്‍ കുറ്റക്കാരായി കാണുകയാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അച്യുതാനന്ദന്‍ പറഞ്ഞു. ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ നിന്ന് വിഎസ് ഇറങ്ങിപ്പോയതിന് ശേഷം അദ്ദേഹത്തിന്റെ പരിപാടിക്ക് ഔദ്യോഗികപക്ഷം തുടര്‍ച്ചയായി വിലക്കേര്‍പ്പെടുത്തുകയാണ്. എന്നാല്‍ വിഎസ് പക്ഷമാകട്ടെ അച്യുതാനന്ദന് നിരന്തരം പൊതുപരിപാടികള്‍ സംഘടിപ്പിച്ച് നേതൃത്വത്തെ വെല്ലുവിളിക്കുന്നു. ഇന്നലെ മാത്രം ആലപ്പുഴ ജില്ലയില്‍ നാല് പരിപാടികളാണ് വിഎസിനുണ്ടായിരുന്നത്. കഴിഞ്ഞ മാര്‍ച്ച് 29ന് മാന്നാറിലാണ് ഔദ്യോഗികപക്ഷത്തെ വെല്ലുവിളിച്ച് വിഎസ് പക്ഷം പൊതുപരിപാടികള്‍ക്ക് തുടക്കമിട്ടത്. പാര്‍ട്ടി വിലക്കിയിട്ടും ഏരിയ, ലോക്കല്‍ കമ്മറ്റി നേതാക്കളും ബ്രാഞ്ച് സെക്രട്ടറിമാരുമടക്കം ആയിരങ്ങളാണ് അന്ന് ചടങ്ങില്‍ പങ്കെടുത്തത്. സംഘാടകരായ ലോക്കല്‍ നേതാക്കള്‍ക്കെതിരെ തുടക്കത്തില്‍ നടപടിയെടുത്തെങ്കിലും പാര്‍ട്ടിയില്‍ എതിര്‍പ്പ് വ്യാപകമായതോടെ തീരുമാനം മരവിപ്പിക്കുകയായിരുന്നു. വിഎസ് പങ്കെടുത്ത പരിപാടി നടന്നിടത്ത് ആഴ്ചകള്‍ക്ക് ശേഷം കോടിയേരി ബാലകൃഷ്ണന്റെ യോഗം സംഘടിപ്പിച്ചാണ് ഔദ്യോഗിക പക്ഷം തിരിച്ചടിച്ചത്. വിഎസ് പക്ഷക്കാര്‍ക്കെതിരെ പാര്‍ട്ടി കമ്മീഷന്‍ അന്വേഷണം നടത്തുന്നുമുണ്ട്. വിഎസ് പക്ഷക്കാരെ വെട്ടിനിരത്തുന്നതിന്റെ ഭാഗമായി ആലപ്പുഴ, ചേര്‍ത്തല, അരൂര്‍ ഏരിയ സമ്മേളനങ്ങളില്‍ നടന്ന വിഭാഗീയതയെ കുറിച്ച് അന്വേഷിക്കുന്ന പാര്‍ട്ടി കമ്മീഷന്‍ തെളിവെടുപ്പും ആരംഭിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ എം. സുരേന്ദ്രന്‍, കെ. രാജപ്പന്‍, എ. മഹീന്ദ്രന്‍ എന്നിവരാണ് കമ്മീഷനംഗങ്ങള്‍. പാര്‍ട്ടിയിലെ വിഭാഗീയത രൂക്ഷമാക്കി കഴിഞ്ഞദിവസം നടന്ന ജില്ലാ കമ്മറ്റി യോഗത്തിലും ഔദ്യോഗികപക്ഷവും വിഎസ് വിഭാഗക്കാരും രൂക്ഷമായ വാക്‌പോര് നടന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.