ആറന്മുള വിമാനത്താവളം: പ്രക്ഷോഭം ശക്തിപ്പെടുത്തും, പദ്ധതി റദ്ദാക്കാന്‍ പ്രധാനമന്ത്രിയെ കാണും

Wednesday 20 May 2015 10:25 pm IST

ആറന്മുള: ആറന്മുള വിമാനത്താവളത്തിനെതിരായ പ്രക്ഷോഭം കൂടുതല്‍ ശക്തിപ്പെടുത്താനും പദ്ധതി റദ്ദാക്കുന്നതിനുമായി പ്രധാനമന്ത്രിക്ക് നിവേദനം നല്‍കാന്‍ വിമാനത്താവള വിരുദ്ധസമിതി ഉന്നതാധികാരയോഗം തീരുമാനിച്ചു. സമരപരിപാടികളുടെ ആദ്യഘട്ടമെന്നനിലയില്‍ ജൂണ്‍ 10ന് ആറന്മുളയില്‍നിന്നും പത്തനംതിട്ട കളക്ടറേറ്റിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. അടുത്തമാസം നിയമസഭാവേളയില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ വിഷയം സഭയിലുന്നയിക്കും. ഈ അവസരത്തില്‍ സഭക്ക് പുറത്ത് ധര്‍ണ്ണ നടത്താനും തീരുമാനിച്ചതായി സമിതിയുടെ അദ്ധ്യക്ഷയും കവയിത്രിയുമായ സുഗതകുമാരി പറഞ്ഞു. ആറന്മുള വിമാനത്താവളത്തിന് മുമ്പ് സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ തത്വത്തിലുള്ള അംഗീകാരം റദ്ദാക്കുക,വ്യവസായ മേഖലാ പ്രഖ്യാപനം പിന്‍വലിക്കുക, കരിമാരം തോടും ആറന്മുള ചാലും മണ്ണ് നീക്കി പൂര്‍വ്വസ്ഥിതിയിലാക്കുക എന്നീആവശ്യങ്ങളും യോഗം ഉന്നയിച്ചു. പതിമൂന്നോളം സിവില്‍ നിയമങ്ങള്‍ ലംഘിക്കപ്പെട്ട സ്ഥലമാണ് ആറന്മുള. ഇവിടെ ക്രിമിനല്‍ കുറ്റങ്ങളും നടന്നിട്ടുണ്ട്. സിഎജി റിപ്പോര്‍ട്ടില്‍ ഇത് വ്യക്തമാക്കുന്നുണ്ട്. അതിനാല്‍ ഇത് സംബന്ധിച്ച്് ഉന്നതതല അന്വേഷണം ഉണ്ടാകണം. വിമാനത്താവള കമ്പനിയില്‍ ഇരുപത് ശതമാനം ഓഹരി എടുത്ത സര്‍ക്കാര്‍തീരുമാനവും റദ്ദാക്കണം. കെജിഎസിനെ കരിമ്പട്ടികയില്‍പ്പെടുത്തുകയും വേണം. 232ഏക്കര്‍ മിച്ചഭൂമിയായി പ്രഖ്യാപിച്ച നടപടി പൂര്‍ത്തിയാകാതെ നീളുകയാണ്. ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ജില്ലാഭരണകൂടം നിയമലംഘനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്ന് യോഗം ഐകകണ്‌ഠ്യേന അഭിപ്രായപ്പെട്ടു. ഹൈക്കോടതി ഉത്തരവ് പോലും നടപ്പാക്കാതെ തീരുമാനം നീട്ടിക്കൊണ്ടുപോകുകയാണ് ജില്ലാഭരണകൂടം. ഈ അവസരത്തില്‍ സംസ്ഥാനസര്‍ക്കാരിനെതിരായ പ്രക്ഷോഭം അനിവാര്യമായിത്തീര്‍ന്നിരിക്കുയാണെന്നും യോഗം അഭിപ്രായപ്പെട്ടു. വ്യവസായമേഖലാ പ്രഖ്യാപനം പിന്‍വലിക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കാത്തത് പ്രതിപക്ഷം സഭയില്‍ ചോദ്യം ചെയ്യും. ഈ അവസരത്തില്‍ സഭക്ക് പുറത്ത് ആറന്മുളയുടെ വികാരമുള്‍ക്കൊണ്ട് ധര്‍ണ്ണയും നടക്കും. അഴിമതിയും നിയമലംഘനങ്ങളും കൈമുതലായുള്ള കെജിഎസിന് മുഖ്യമന്ത്രി നല്‍കുന്ന പിന്തുണ അവസാനിപ്പിക്കണമെന്നും യോഗം അവശ്യപ്പെട്ടു. കെജിഎസിന്റെ കള്ളപ്രചാരണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അപ്രൈസല്‍ കമ്മിറ്റി പഠനാനുമതി നല്‍കിയെന്ന വാര്‍ത്തയാണ് കമ്പനി പ്രചരിപ്പിച്ചത്. എന്നാല്‍ യോഗത്തിന്റെ മിനിട്ട്‌സ് പുറത്തുവന്നതോടെ യാഥാര്‍ത്ഥ്യം വെളിച്ചത്താവുകയായിരുന്നു. ഇപ്പോള്‍ മൂന്ന് കേന്ദ്ര മന്ത്രാലയങ്ങള്‍ സമരസമിതിക്ക് അനുകൂലമായനിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ആറന്മുളയിലെ പ്രതിസന്ധി അവസാനിക്കും വരെ പ്രക്ഷോഭം തുടരാനും യോഗം തീരുമാനിച്ചു. കവയിത്രി സുഗതകുമാരി അദ്ധ്യക്ഷതവഹിച്ച യോഗത്തില്‍ പൈതൃകഗ്രാമകര്‍മ്മസമിതി മുഖ്യരക്ഷാധികാരി കുമ്മനം രാജശേഖരന്‍, പ്രസിഡന്റ്് പി. ഇന്ദുചൂഡന്‍, ജനറല്‍ കണ്‍വീനര്‍ പി.ആര്‍. ഷാജി, വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. കെ.ഹരിദാസ്,ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് അജിത് പുല്ലാട്, സംസ്ഥാനസമിതിയംഗം ഷാജി. ആര്‍ നായര്‍, സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, മുന്‍മന്ത്രി മുല്ലക്കര രത്‌നാകരന്‍,എ.പത്മകുമാര്‍, അഡ്വ.ഫിലിപ്പോസ് തോമസ്, സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, പി. പ്രസാദ്, ഷാജി ചാക്കോ, എന്‍.സജി തുടങ്ങിയവര്‍ പങ്കെടുത്തു. പണം വാങ്ങിയവരുടെ പേര് വെളിപ്പെടുത്തണം: കൃഷ്ണദാസ് മാവേലിക്കര: ആറന്മുള വിമാനത്താവളം അടഞ്ഞ അദ്ധ്യായമായതിനാല്‍ സഹായം വാഗ്ദാനം ചെയ്ത് പണം വാങ്ങിയ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും പേര് പരസ്യമാക്കാന്‍ കെജിഎസ് തയ്യാറാകണമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് ആവശ്യപ്പെട്ടു. കര്‍ഷകരില്‍ നിന്നും ഏറ്റെടുത്ത ഭൂമി അതേവിലയ്ക്ക് തിരികെ നല്‍കാനും മിച്ചഭൂമി ഭൂരഹിതരായ പാവപ്പെട്ടവര്‍ക്ക് നല്‍കാനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തിനായി നികത്തിയ തണ്ണീര്‍ത്തടങ്ങള്‍, നീര്‍ച്ചാല്‍, തോട് എന്നിവ പൂര്‍വ്വ സ്ഥിതിയിലാക്കണം. കെജിഎസ് കരസ്ഥമാക്കിയ എല്ലാ അനുമതിയും ബിജെപി സര്‍ക്കാര്‍ റദ്ദാക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ കെജിഎസ് കെട്ടിടങ്ങള്‍ പൊളിച്ചു നീക്കി ആറന്മുളയില്‍ നിന്നും വിട്ടൊഴിയണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.