മനസ്സ് ശുദ്ധമാക്കുക

Thursday 21 May 2015 10:38 pm IST

നാം ആദ്യം കാണുന്നു; പിന്നീടു വിചാരം ചെയ്യുന്നു. ഈ ദര്‍ശനം ഒരു യാഥാര്‍ത്ഥ്യമായി നമുക്കുണ്ടാകണം; അപ്പോഴതിനു മതമെന്നു സാക്ഷാത്കാരമെന്നു, പറയുന്നു. വിശ്വാസ പ്രമാണത്തെയോ പ്രവാചകനെയോ പുസ്തകത്തെയോ സംബന്ധിച്ച് ഒന്നും ഒരിക്കലും ഒരുവന്‍ കേട്ടിട്ടില്ലെന്നുവെച്ച് ഒന്നും വരാനില്ല; അവന്‍ ഈ ദര്‍ശനം സമ്പാദിക്കട്ടെ; വേറൊന്നും അവനു വേണ്ടതില്ല. മനസ്സു ശുദ്ധമാക്കുക; ഇതാണ് മതസര്‍വ്വസ്വം. നാം തന്നെ പുള്ളികളൊക്കെ നീക്കം ചെയ്യുന്നതുവരെ, സത്യത്തെ സ്വസ്വരൂപത്തില്‍ കാണാന്‍ നമുക്കാവില്ല. ശിശു ദോഷം കാണുന്നില്ല. അതിന് ഇനിയും തന്നുള്ളില്‍ ദോഷത്തിന്റെ മാനദണ്ഡമില്ല. നിന്റെ ഉള്ളിലെ കുറ്റങ്ങള്‍ അകറ്റുക; പിന്നെ, പുറത്തു കുറ്റമൊന്നും കാണാന്‍ നിനക്കു പറ്റില്ല. ഒരു കുട്ടി ഒരു കൊള്ള നടക്കുന്നതു കാണുന്നു. അവന് അതിനൊരര്‍ത്ഥവുമില്ല. ഒരു പ്രശ്‌നചിത്രത്തിലെ ഗൂഢവസ്തുവിനെ ഒരിക്കല്‍ കണ്ടാല്‍പ്പിന്നെ ഏറെയും അതു കാണപ്പെടുന്നു; അതുമാതിരി, നിങ്ങളൊരിക്കല്‍ മുക്തനും വിശുദ്ധനുമായിക്കഴിഞ്ഞാല്‍, ചുറ്റുമുള്ള ലോകത്തില്‍ സ്വാതന്ത്ര്യവും സംശുദ്ധിയും മാത്രമേ കാണൂ. ആ നിമിഷം നെഞ്ചിലെ കെട്ടുകളെല്ലാം പൊട്ടുന്നു, വളവുകളൊക്കെ നിവരുന്നു. ഈ ഉലകം ഒരു കിനാവുപോലെ മറയുന്നു. നാമുണരുമ്പോള്‍, ഇത്തരം അസംബന്ധങ്ങള്‍ എങ്ങനെ സ്വപ്നം കാണാനിടയായി എന്ന് ആശ്ചര്യപ്പെടുന്നു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.