വിദ്യാഭ്യാസ മന്ത്രിയുടെ ജില്ലയിലും പാഠപുസ്തക വിതരണം അവതാളത്തില്‍

Friday 22 May 2015 1:35 am IST

മലപ്പുറം: വേനല്‍ അവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ പാഠപുസ്തക വിതരണം എങ്ങുമെത്തിയില്ല. വിദ്യാഭ്യാസ മന്ത്രിയുടെ സ്വന്തം ജില്ലയായ മലപ്പുറത്തും പുസ്തക വിതരണം അവതാളത്തിലാണ്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളുള്ള ജില്ലകൂടിയാണ് മലപ്പുറം. 47 ലക്ഷത്തോളം പുസ്തകങ്ങള്‍ വേണം മലപ്പുറം ജില്ലയില്‍ മാത്രം വിതരണം ചെയ്യാന്‍. പക്ഷേ ഡിപ്പോയില്‍ എത്തിയിരിക്കുന്നത് 22 ലക്ഷം പുസ്തകങ്ങള്‍ മാത്രമാണ്. രണ്ട്, നാല്, ആറ്, എട്ട് എന്നീ ക്ലാസുകളിലെ പുസ്തകങ്ങള്‍ ഈ വര്‍ഷം മാറിയിട്ടുണ്ട്. മാറിയ പുസ്തകങ്ങളില്‍ 20 ശതമാനം മാത്രമെ എത്തിയട്ടുള്ളു. ബാക്കിയുള്ളതിന്റെ അച്ചടിപോലും ആരംഭിച്ചിട്ടില്ല. സ്‌കൂള്‍ തുറന്ന് ഒരു മാസമെങ്കിലും കഴിയാതെ ഇവ എത്തില്ലെന്ന് ഉറപ്പാണ്. ആകെ 320 സൊസൈറ്റികളാണ് ജില്ലയിലുള്ളത്. ജില്ലാ ഡിപ്പോയില്‍ നിന്ന് ഈ സൊസൈറ്റികളില്‍ പുസ്തകങ്ങള്‍ എത്തിക്കുകയും സൊസൈറ്റിയുടെ കീഴിലുള്ള സ്‌കൂളുകള്‍ പുസ്തകങ്ങള്‍ കൈപ്പറ്റുകയുമാണ് പതിവ്. ഇതുവരെ 190 സൊസൈറ്റികളില്‍ മാത്രമാണ് പുസ്തകങ്ങള്‍ എത്തിച്ചത്. വിദ്യാഭ്യാസ വകുപ്പ് ഉണര്‍വിന്റെ പാതയിലാണെന്ന് അടിക്കടി പറയുന്ന മന്ത്രിയുടെ ജില്ലയില്‍ പോലും കൃത്യമായി പുസ്തകം വിതരണം നടത്താന്‍ സാധിക്കാത്തതില്‍ അദ്ധ്യാപക സംഘടനകളില്‍ നിന്നും പ്രതിഷേധം ഉയരുന്നുണ്ട്. സംസ്ഥാനത്തെ മറ്റ് ജില്ലകളിലേയും അവസ്ഥ വിത്യസ്തമല്ല. ഒരു പുസ്തകം പോലും ഇപ്പോഴും എത്താത്ത ജില്ലകളുമുണ്ട്. വിദ്യാഭ്യാസ രംഗത്തെ അശാസ്ത്രീയ പരിഷ്‌ക്കരണം മൂലം ഇപ്പോള്‍ തന്നെ കുട്ടികള്‍ക്ക് വലിയ പഠനഭാരമാണ് അനുഭവപ്പെടുന്നത്. പാഠപുസ്തകം കൂടി കൃത്യമായി കിട്ടിയില്ലെങ്കില്‍ പ്രശ്‌നം കൂടുതല്‍ വഷളാകും. സ്‌കൂള്‍ തുറന്ന ഉടന്‍ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ആ വാക്ക് പാലിക്കണമെങ്കില്‍ സ്‌കൂള്‍ തുറക്കുന്ന തീയതി ഒരു മാസത്തേക്കെങ്കിലും നീട്ടി വെക്കേണ്ടഅവസ്ഥയായിരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.