മോദിക്ക് കത്തെഴുതി; എട്ടുവയസുകാരിയുടെ ചികില്‍സചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും

Friday 22 May 2015 2:40 am IST

ആഗ്ര: എട്ടുവയസുകാരി തയ്യിബ ഇന്ന് വലിയ ആശ്വാസത്തിലാണ്. തനിക്ക് ഇനി മെച്ചപ്പെട്ട ചികില്‍സ ലഭിക്കും,അതുവഴി പുതു ജീവനും. ചെലവ് സര്‍ക്കാര്‍ വഹിക്കും. അങ്ങനെ മരുന്നുവാങ്ങാന്‍ പോലും പണമില്ലാതെ വിഷമിക്കുന്ന ബാപ്പയ്ക്കും ആശ്വസിക്കാം. ജന്മനാ ഹൃദ്രോഗിയാണ് തയ്യിബ, മരുന്നിനു മാത്രം വലിയ തുക വേണം. അതിനുള്ള പണമൊപ്പിക്കാന്‍ ബാപ്പ പെടാപ്പാടു പെടുന്നതു കണ്ട് ഉള്ളുരുകി കരഞ്ഞിട്ടുണ്ട് കുഞ്ഞ് തയ്യിബ. അങ്ങനിരിക്കെയാണ് ഒരു ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ടിവിയില്‍ കണ്ടപ്പോള്‍ മനസില്‍ ഒരു തോന്നലുണ്ടായത്, അദ്ദേഹത്തിന് കത്തെഴുതിയാലോ...അവളെഴുതി.. ബാപ്പ ഷൂ കമ്പനിയിലെ ദിവസവേതനക്കാരനാണ്. അഞ്ചംഗ കുടുംബത്തെ പോറ്റാന്‍ കഷ്ടപ്പെടുകയാണ്. എന്റെ ചികില്‍സയ്ക്കു മാത്രം പതിനഞ്ചു ലക്ഷം മുതല്‍ ഇരുപതു ലക്ഷം രൂപ വരെ വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.അവള്‍ എഴുതി. ഏതാനും ദിവസം കഴിഞ്ഞ് തയ്യിബയും ഉമ്മയും ബാപ്പയും എല്ലാം അമ്പരന്നുപോയി. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് മറുപടിക്കത്ത് വന്നിരിക്കുന്നു. തയ്യിബയുടെ രോഗത്തിന്റെയടക്കം മുഴുവന്‍ വിവരങ്ങളും അവര്‍ക്ക് വേണം. മാത്രമല്ല ചെലവെത്രയായാലും നല്ല ചികില്‍സ നല്‍കാന്‍ ആവശ്യപ്പെട്ട് ദല്‍ഹി സര്‍ക്കാരിനും പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് കത്തയച്ചിട്ടുണ്ട്. തയ്യിബയ്ക്ക് അതോടെ പെരുത്ത സന്തോഷമായി. ഞാന്‍ ഉമ്മയോടു പറഞ്ഞു,ബാപ്പ എപ്പോഴും സങ്കടപ്പെടുന്നതാണ് കണ്ടിട്ടുള്ളത്.പ്രധാനമന്ത്രി മോദി എല്ലാവരെയും സഹായിക്കുന്നതായും ടിവിയില്‍ കണ്ടു. ഞാന്‍ ഒരു ഭാരതീയനാണെന്നും ജീവിക്കാന്‍ അവകാശമുണ്ടെന്നും എനിക്ക് തോന്നി. അപ്പോഴാണ് മോദിക്ക് കത്തെഴുതിയാലോ എന്ന ആശയം ഉദിച്ചത്. തയ്യിബ പറയുന്നു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള കത്ത് ലഭിച്ചയുടന്‍ തയ്യിബക്ക് ചികില്‍സ ലഭ്യമാക്കാന്‍ ദല്‍ഹി സര്‍ക്കാര്‍ ഗുരു തേജ് ബഹാദൂര്‍ ആശുപത്രി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. നാലഞ്ചു വര്‍ഷം മുന്‍പ് ചികില്‍സ തേടി പെണ്‍കുട്ടി വരുമ്പോള്‍ അവള്‍ക്ക് ജന്മനായുള്ള ഹൃദ്രോഗമായിരുന്നു. ഇതുമൂലം വാല്‍വുകള്‍ കേടായിരുന്നു. രക്തക്കുഴലുകള്‍ സ്ഥലം മാറിയിരുന്നു. വിളര്‍ച്ചയുമുണ്ടായിരുന്നു. ഇടക്കിടക്ക് പനിയും കഫവും ഉണ്ടാകുമായിരുന്നു. ഇടയ്ക്ക് ശ്വാസതടസവും നേരിട്ടിരുന്നു. നല്ല ആഗ്രയില്‍ ചികില്‍സ ലഭ്യമല്ലായിരുന്നു. ദല്‍ഹിയില്‍ പോകണമെന്നും നല്ല ചെലവു വരുമെന്നും പറഞ്ഞിരുന്നു. അവളെ നേരത്തെ ചികില്‍സിച്ചിരുന്ന ഡോ. കല്‍റ പറഞ്ഞു.പല സര്‍ക്കാരിതര സംഘടനകളെ സമീപിച്ചിരുന്നെങ്കിലും ആവശ്യത്തിന് പണം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.