നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ്: പ്രതിക്കെതിരെ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കണമെന്ന് ആവശ്യം

Friday 22 May 2015 9:01 pm IST

കൊച്ചി: കുവൈത്ത് നഴ്‌സിങ് റിക്രൂട്ട്‌മെന്റ് കേസില്‍ പ്രതിയായ ഉതുപ്പ് വര്‍ഗീസിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണങ്ങള്‍ ഒരുമാസം പിന്നിട്ടു. പ്രതിക്കെതിരെ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കണമെന്ന് നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. പേരിന് അന്വേഷണം നടത്തുക എന്നരീതിയാണ് ബന്ധപ്പെട്ടവര്‍ തുടരുന്നതെന്ന് നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. കഴിഞ്ഞദിവസം നടന്നതെരച്ചിലില്‍ ഉതുപ്പിന്റെ ബിനാമി ഇടപാടുകള്‍ക്കു നിര്‍ണായക തെളിവു ലഭിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ അവകാശപ്പെട്ടിരുന്നു. ഉതുപ്പുമായി അടുത്ത ബന്ധമുള്ള കോട്ടയം മണര്‍കാട് ബെസ്റ്റ് ബേക്കറി ഉടമകളായ സി.പി. പ്രേംരാജ്, സി.പി. രമേശ് എന്നിവരുടെ വീടുകളിലും മറ്റു സ്ഥാപനങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം നടത്തിയ റെയ്ഡിലാണ് ഉതുപ്പിന്റെ ബിനാമി ഇടപാടുകളുടെ തെളിവുകള്‍ ലഭിച്ചത്. ബേക്കറി ഉടമകളുമായി ഉതുപ്പ് ബിനാമി ഇടപാടുകള്‍ നടത്തുന്നതായി സൂചനയുണ്ട്. ഇവര്‍ നടത്തിയ സ്വകാര്യ പരിപാടികളിലെല്ലാം ഉതുപ്പ് പങ്കെടുത്തിരുന്നതിനും തെളിവു ലഭിച്ചു. അടുത്തകാലത്തായി ഉതുപ്പ് നടത്തിയ ഭൂമി ഇടപാടുകളില്‍ കൃത്രിമം നടത്തിയതായി പരാതി ലഭിച്ചതിനെത്തുടര്‍ന്ന് കോട്ടയത്തെ ആധാരം എഴുത്തുകാരനായ ആര്‍. രാജേഷിനെയും എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു. സ്വത്തുവകകള്‍ കണ്ടുകെട്ടുമെന്ന ഭീതിയില്‍ ഭൂമി ഇടപാടുകള്‍ക്ക് ഉതുപ്പ് ശ്രമിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളിലെ വിശ്വസ്തനായ രാജേഷിനെ ചോദ്യം ചെയ്തത്. റിക്രൂട്ട്‌മെന്റ് വഴി സ്വരൂപിക്കുന്ന തുക ബിനാമികളുടെ പേരില്‍ പുതുപ്പള്ളി സഹകരണ ബാങ്കില്‍ നിക്ഷേപിച്ചിരുന്നതിന്റെ രേഖകളും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു. ഇയാള്‍ക്ക് അധോലോക ബന്ധമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. തുക നിക്ഷേപിക്കുന്നത് വിശ്വസ്തരുടെ പേരിലാണെങ്കിലും നോമിനി ഉതുപ്പിന്റെ ഭാര്യ സൂസന്‍ ഉതുപ്പാണെന്നതിനും തെളിവുകള്‍ ലഭിച്ചു. ഉതുപ്പിന്റെ സ്വകാര്യ വിദേശയാത്രകളില്‍ പ്രേം രാജിനെ കൂടെകൂട്ടിയിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. പുതുപ്പള്ളിയിലെ സഹകരണ ബാങ്കില്‍നിന്ന് സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും പേരില്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സി ഉടമ കോടികളുടെ വായ്പ എടുത്തിട്ടുണ്ട്. ഇവരും അന്വേഷണ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്. നഴ്‌സുമാര്‍ക്ക് സൗജന്യ വിമാനടിക്കറ്റ് അടക്കമുള്ള സൗകര്യങ്ങള്‍ കുവൈത്ത് സര്‍ക്കാര്‍ നല്‍കിയിരുന്നു. ഇത് മൂടിവച്ചായിരുന്നു ഉതുപ്പിന്റെ തട്ടിപ്പ്. ഇത്രയെല്ലാമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യുന്നതില്‍ അന്വേഷകര്‍ അലംഭാവം തുടരുകയാണെന്നാണ് ആരോപണം. പ്രതികള്‍ ഉമ്മന്‍ചാണ്ടിയുടെ നാട്ടുകാരനായതിനാല്‍ അന്വേഷണത്തില്‍ സ്വാധീനമുണ്ടെന്ന് നഴ്‌സുമാര്‍ ആരോപിച്ചു. ഇതാണ് ഇന്റര്‍പോളിന്റെ സഹായം തേടുന്നതിന് വിലങ്ങുതടിയായിട്ടുള്ളത്. ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കിയാല്‍ ഉതുപ്പിന് പിന്നീട് കുവൈത്തില്‍ തങ്ങുക സാധ്യമല്ല. ഇത്തരം നീക്കത്തിന് വിലങ്ങുതടിയായി തീരുന്നത് സംസ്ഥാന സര്‍ക്കാരാണെന്നാണ് വിലയിരുത്തപ്പെടുന്നത്.ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ഹവാല ഇടപാടുകളിലെ മുഖ്യ കണ്ണിയാണ് ഉതുപ്പ്. കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഫ്‌ളാറ്റുകളും സ്ഥാപനങ്ങളും വാങ്ങിക്കൂട്ടിയിട്ടുണ്ട്. തിരുവഞ്ചൂരില്‍ എട്ടേക്കര്‍ റബര്‍തോട്ടം ആശുപത്രി നിര്‍മാണത്തിനായി കുറഞ്ഞ നിരക്കില്‍ വാങ്ങിയിട്ടുള്ളതായും അറിയുന്നു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.