റെയില്‍വേ അരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ദേശീയ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷന്‍ വിധി

Friday 22 May 2015 9:03 pm IST

ആലപ്പുഴ: റിസര്‍വ് ചെയ്ത കമ്പാര്‍ട്‌മെന്റ് അകത്തു നിന്നും പൂട്ടിയതിനാല്‍ യാത്ര ചെയ്യാനാവാതെ വന്ന യാത്രക്കാരന് ആലപ്പുഴ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം അനുവദിച്ച നഷ്ടപരിഹാരം റെയില്‍വേ നല്‍കണമെന്ന് ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാരം കമ്മീഷന്റെ വിധി. 2012 ജനുവരി 28ന് ഗുരുവായൂര്‍ എക്‌സ്പ്രസില്‍ ഹരിപ്പാട് നിന്നും മധുരയിലേക്ക് പോകുന്നതിന് പരാതിക്കാരനായ പി.ജെ. കുര്യന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാല്‍ കമ്പാര്‍ട്‌മെന്റ് ഉള്ളില്‍ നിന്നു പൂട്ടിയ നിലയിലായിരുന്നതിനാല്‍ അദ്ദേഹത്തിന് തീവണ്ടിയില്‍ കയറാന്‍ കഴിയാതെ യാത്ര മുടങ്ങി. ഇതേത്തുടര്‍ന്നാണ് റെയില്‍വേയ്‌ക്കെതിരെ പരാതിയുമായി ആലപ്പുഴ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തെ സമീപിച്ചത്. ടിക്കറ്റ് ചാര്‍ജ് മടക്കി നല്‍കാനും 50,000 രൂപ നഷ്ടപരിഹാരവും 2,000 രൂപ കോടതി ചെലവും റെയില്‍വേ പരാതിക്കാരന് നല്‍കണമെന്ന് ഫോറം വിധിച്ചു. തുടര്‍ന്ന് ഈ വിധിക്കെതിരെ റെയില്‍വേ സംസ്ഥാന ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചെങ്കിലും കീഴ്‌ക്കോടതിവിധി ശരിവച്ച കമ്മീഷന്‍ വീണ്ടും 5,000 രൂപ കൂടി നഷ്ടപരിഹാരം പരാതിക്കാരന് നല്‍കാന്‍ ഉത്തരവായി. രണ്ടു വിധികളെയും ചോദ്യം ചെയ്ത് ദക്ഷിണ റെയില്‍വേ കൊമേഴ്‌സ്യല്‍ മാനേജര്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തള്ളിയാണ് ന്യൂദല്‍ഹി ആസ്ഥാനമായ ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാരം കമ്മീഷന്‍ വിധി പ്രസ്താവിച്ചത്. പരാതിക്കാരന് വേണ്ടി അഡ്വ. ബിജിലി ജോസഫ് ഹാജരായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.