വിഎസിന്റെ നേതൃത്വത്തില്‍ അവിശ്വാസം രേഖപ്പെടുത്താന്‍ നീക്കം

Friday 22 May 2015 10:19 pm IST

കൊച്ചി: വിഎസിനെതിരെ പിണറായിപക്ഷം ആവശ്യപ്പെടുന്നത് കടുത്ത നടപടി തന്നെ. പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് വിഎസിനെ മാറ്റുകയോ അദ്ദേഹം സ്വയം മാറുകയോ ചെയ്തില്ലെങ്കില്‍ നിയമസഭാ കക്ഷിയോഗവും പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയും ചേര്‍ന്ന് വിഎസിന്റെ നേതൃത്വത്തില്‍ അവിശ്വാസം രേഖപ്പെടുത്താനാണ് നീക്കം. വിഎസിന്റെ നിലപാടുകള്‍ യുഡിഎഫിനെ സഹായിക്കുന്നതാണെന്ന സെക്രട്ടറിയേറ്റ് പ്രമേയം അതിനുള്ള മുന്നൊരുക്കമാണ്. അതേസമയം, വിഎസിനെതിരായ നീക്കത്തെച്ചൊല്ലി സിപിഎം കേന്ദ്ര-സംസ്ഥാന നേതൃത്വത്തില്‍ വിള്ളല്‍ രൂക്ഷമാവുകയാണ്. വിഎസിനെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് നീക്കണമെന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് പിണറായിപക്ഷം. പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി വിഎസ് തുടരുന്നിടത്തോളം പിണറായി വിജയന് അത് വെല്ലുവിളിയായിരിക്കുമെന്ന് അവര്‍ കണക്കുകൂട്ടുന്നു. വിഎസ് പിണറായിക്കും കൂട്ടര്‍ക്കുമെതിരെ ഉന്നയിക്കുന്ന ആക്ഷേപങ്ങളെ പരസ്യമായി തള്ളിപ്പറയണമെങ്കില്‍ അദ്ദേഹത്തിനെതിരെ പാര്‍ട്ടി നടപടി എടുത്തേ തീരൂ. അണികള്‍ക്കിടയിലും അനുഭാവികള്‍ക്കിടയിലും ഇനിയും വിഎസിനെ പാര്‍ട്ടി തള്ളിപ്പറഞ്ഞില്ലെങ്കില്‍ അത് പിണറായിയെയും അദ്ദേഹത്തിന്റെ തെരഞ്ഞടുപ്പ് മോഹങ്ങളെയും ദോഷകരമായി ബാധിക്കും. അകത്തുനിന്നാലും പുറത്തുനിന്നാലും വിഎസ് പറയാനുള്ളത് പറയും. അതിനാല്‍ പുറത്തുനില്‍ക്കുന്നതാണ് നല്ലതെന്നാണ് പിണറായി വിഭാഗത്തിന്റെ വാദം. അതാകുമ്പോള്‍ വിഎസിന്റെ വാദങ്ങളെ പരസ്യമായി എതിര്‍ക്കാന്‍ പാര്‍ട്ടിക്കാകും. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിലും കേന്ദ്രനേതൃത്വത്തിലും ഏകാഭിപ്രായമില്ല. കഴിഞ്ഞദിവസം ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍തന്നെ ഭിന്നത വ്യക്തമായിരുന്നു. വിഎസ് പാര്‍ലമെന്ററി പാര്‍ട്ടി നേതൃസ്ഥാനം ഒഴിയണമെന്ന ആവശ്യമാണ് പിണറായി വിഭാഗത്തിന്റെ വക്താക്കള്‍ യോഗത്തില്‍ ഉയര്‍ത്തിയത്. എന്നാല്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ഉള്‍പ്പടെയുള്ളവര്‍ ഇതിനോട് യോജിച്ചില്ല. ഇ.പി. ജയരാജനും എ.കെ. ബാലനും വിഎസിനെ ഒഴിവാക്കണമെന്ന് ശക്തിയായി ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. കേന്ദ്രനേതൃത്വത്തിലും ഇക്കാര്യത്തില്‍ രൂക്ഷമായ ഭിന്നതയുണ്ട്. പിബിക്കെതിരായ വിഎസിന്റെ പരാമര്‍ശത്തെച്ചൊല്ലി സംസ്ഥാന സെക്രട്ടറിയേറ്റ് തിരക്കിട്ട് നടപടിയും പ്രമേയവും ചര്‍ച്ച ചെയ്തത് ശരിയായില്ലെന്ന നിലപാടാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക്. പിബിയുടെ അഭിപ്രായം തേടാതെ സംസ്ഥാന നേതൃത്വം തിരക്കിട്ട് നീങ്ങരുതായിരുന്നു. ഇപ്പോഴും വിഎസിനെതിരെ അച്ചടക്ക നടപടി അരുതെന്ന നിലപാടില്‍ തന്നെയാണ് യെച്ചൂരി. കോടിയേരിയെ ഇക്കാര്യങ്ങള്‍ യെച്ചൂരി ഫോണില്‍ അറിയിച്ചതായാണ് വിവരം. അതേസമയം, എസ്.രാമചന്ദ്രന്‍ പിള്ള, പ്രകാശ് കാരാട്ട് തുടങ്ങിയവര്‍ വിഎസിനെതിരെ ഇനി കടുത്ത നടപടി വേണമെന്ന നിലപാടിലാണ്. ജൂണ്‍ ആറ് -ഏഴ് തീയതികളില്‍ ചേരുന്ന കേന്ദ്രക്കമ്മിറ്റി-പി.ബി യോഗങ്ങളില്‍ പിണറായി പക്ഷം വിഎസിനെതിരെ ശക്തമായ നടപടി ആവശ്യപ്പെടും. പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് ഒഴിവാക്കുക, പാര്‍ട്ടി അച്ചടക്കനടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളാണ് പിണറായി പക്ഷം മുന്നോട്ട് വക്കുന്നത്. അച്ചടക്ക നടപടി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് തരംതാഴ്ത്തല്‍ മുതല്‍ സസ്‌പെന്‍ഷന്‍ വരെയാണ്. അതല്ലെങ്കില്‍ എസ് സ്വയം പ്രതിപക്ഷ നേതൃപദവി രാജിവച്ചൊഴിയണം എന്നാണിവരുടെ നിലപാട്. രണ്ടു ആവശ്യങ്ങളും നിരാകരിക്കപ്പെട്ടാല്‍ വിഎസിന്റ നേതൃത്വത്തില്‍ അവിശ്വാസം രേഖപ്പെടുത്താനാണ് നീക്കം. ഇതോടെ വിഎസിന് രാജിവച്ചൊഴിയേണ്ടിവരും എന്നാണ് പിണറായി വിഭാഗം കണക്കുകൂട്ടുന്നത്. സംസ്ഥാനകമ്മിറ്റിയിലും നിയമസഭാകക്ഷിയിലും പിണറായി വിഭാഗത്തിന് മൃഗീയമേല്‍ക്കൈയാണുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.