കേരളത്തിന് കഴിക്കാന്‍ തമിഴ്‌നാടന്‍ തേങ്ങ!

Friday 22 May 2015 10:51 pm IST

കോട്ടയം: കേരത്തിന്റെ നാട്ടിലേക്ക് തമിഴ്‌നാട്ടില്‍ നിന്നും നിത്യേനയെത്തുന്നത് ലക്ഷക്കണക്കിന് തേങ്ങ. കേരോല്പ്പാദനത്തില്‍ തമിഴ്‌നാട് കേരളത്തെ പിന്നിലാക്കിയെന്നു മാത്രമല്ല നമ്മുടെ കേരവിപണിയും പതുക്കെ പതുക്കെ അവര്‍ കൈപ്പിടിയില്‍ ഒതുക്കിക്കഴിഞ്ഞു. തമിഴ്‌നാട്ടില്‍ നിന്ന് വന്‍തോതില്‍ തേങ്ങയെത്തുന്നത് ഇവിടുത്തെ കേരകര്‍ഷകര്‍ക്ക് വലിയ ഭീഷണിയുമാണ്. കാഴ്ചയിലും വലിപ്പത്തിലും തൂക്കത്തിലുമെല്ലാം നാടന്‍ തേങ്ങയേക്കാള്‍ മികച്ചതാണ് തമിഴ്‌തേങ്ങ. അതിനാല്‍ നാടന്‍ തേങ്ങയേക്കാളും കൂടിയ വിലയ്ക്കാണ് ഇവ വില്ക്കുന്നതും. തമിഴ്‌നാട്ടില്‍ നിന്നും കിലോയ്ക്ക് 25 രൂപയ്ക്കും മറ്റും വാങ്ങുന്ന തേങ്ങ 40 രൂപയ്ക്കാണ് കേരളത്തിലെ നഗരങ്ങളില്‍ വില്‍ക്കുന്നത്. വലിപ്പം കൂടിയ തമിഴ്‌നാടന്‍ തേങ്ങ വാങ്ങാന്‍ ജനം താത്പര്യപ്പെടുന്നതിനാല്‍ നാടന്‍ തേങ്ങയ്ക്ക് ആവശ്യക്കാരില്ലാതാകയാണ്. തമിഴ്‌നാട്ടിലെ മീനാക്ഷിപുരം, ഗോപാലപുരം, പൊള്ളാച്ചി ഭാഗങ്ങളില്‍ നിന്നാണ് കൂടുതലായും തേങ്ങ എത്തുന്നത്. മീനാക്ഷിപുരത്തെ ഏജന്റുമാരാണ് തേങ്ങാ എത്തിക്കുന്നത്. ഈ തേങ്ങ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്നത് കോട്ടയം ജില്ലയിലാണ്. കാഴ്ച്ചയില്‍ മികച്ചതാണെങ്കിലും ഇവയ്ക്ക് ഗുണമേന്മ തീരെക്കുറവാണ്. വെള്ളം കൂടുതലും തേങ്ങാപ്പാലിന് കൊഴുപ്പ് കുറവുമാണ്. കാമ്പും കുറവാണ്. നാടന്‍ തേങ്ങക്ക് ഡിമാന്‍ഡ് കുറവായതിനാല്‍ കേരളത്തിലെ നാളികേര വ്യാപാരികളും ചില്ലറ വില്‍പ്പനക്കാരും തമിഴ്‌നാട്ടില്‍ നിന്നുള്ള തേങ്ങയാണ് എടുക്കുന്നത്. കിലോയ്ക്ക് 36 രൂപയാണ് ഇപ്പോള്‍ മാര്‍ക്കറ്റ് വില. രാജ്യത്ത് കേരോല്പ്പാദനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഇപ്പോള്‍ തമിഴ്‌നാടാണ്. കേരളം രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. മൂന്നാമത് കര്‍ണ്ണാടകയാണ്. കേരളത്തില്‍ 18 കോടിയിലധികം തെങ്ങുകളാണ് ഉള്ളത്. 42 ലക്ഷം നാളികേര കര്‍ഷകരും. 30000 പേര്‍ക്കാണ് തെങ്ങ് കയറ്റ പരിശീലനം ലഭിച്ചിരുന്നത്. 2013-2014ല്‍ 57980.4 ലക്ഷം തേങ്ങ ലഭിച്ചു. ഈ വര്‍ഷം ഉല്പ്പാദനം 17.48 ശതമാനം കുറയുമെന്നാണ് നാളികേരവികസന ബോര്‍ഡിന്റെ പുതിയ സര്‍വ്വേയില്‍ പറയുന്നത്. 2400 കോടി തേങ്ങയാണ് ഭാരതത്തിന്റെ മൊത്ത ഉത്പാദനം. മുമ്പ് വെറും മൂന്നു സെന്റ് സ്ഥലം ഉള്ളവര്‍ പോലും രണ്ട് തെങ്ങ് വച്ച് പിടിപ്പിച്ചിരുന്നു. തെങ്ങ് വെട്ടാതിരിക്കാന്‍ വീടിന്റെ ഘടനപോലും മാറ്റുമായിരുന്നു. എന്നാല്‍ ഇന്ന് തേങ്ങ പുറത്ത് നിന്നും വാങ്ങാനാണ് താത്പര്യം. തെങ്ങുകയറ്റക്കാരെ കിട്ടാത്തതും അമിത കൂലിയുമാണ് ഇതിന് കാരണം. അതിനാല്‍ സ്വന്തം സ്ഥലത്തെ തെങ്ങ് വെട്ടി കെട്ടിടം പണിയുകയാണ് പലരും. അല്പകാലം മുമ്പ് വരെ തെങ്ങുകയറ്റക്കൂലി 25 മുതല്‍ 40 രൂപ വരെയായിരുന്നു. ഇപ്പോള്‍ തെങ്ങ് കയറാന്‍ വരുന്നവര്‍ 75 മുതല്‍ 100 രൂപവരെയാണ് പലയിടങ്ങളിലും വാങ്ങുന്നത്. യന്ത്രം ഉപയോഗിച്ച് തെങ്ങ് കയറ്റം നടത്തുന്നവരാണ് ഏക ആശ്വാസം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.