വിഎസിനെ തമസ്‌കരിക്കും; പിണറായിയുടെ മുഖം മിനുക്കല്‍ ഔദ്യോഗിക പക്ഷം തുടങ്ങി

Friday 22 May 2015 11:12 pm IST

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ പൂര്‍ണമായും തമസ്‌കരിച്ച് മുന്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പൊതുവേദികളില്‍ സജീവമാക്കാന്‍ ഔദ്യോഗിക പക്ഷം നടപടികള്‍ തുടങ്ങി. വിഎസിന് നിര്‍ബന്ധിത വിശ്രമം നല്‍കുകയെന്നത് പാര്‍ട്ടിയില്‍ സജീവ ചര്‍ച്ചയാക്കുകയെന്നതാണ് ആദ്യപടി. അച്യുതാനന്ദനുമായി സഹകരിക്കുന്നവര്‍ നിലവില്‍ ഔദ്യോഗിക പക്ഷത്തിന്റെ കര്‍ശന നിരീക്ഷണത്തിലാണ്. ഈ സാഹചര്യത്തില്‍ ലോക്കല്‍ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ വിഎസ് പങ്കെടുക്കുന്ന പരിപാടികളുമായി സഹകരിക്കാന്‍ ഭയക്കുകയാണ്. പാര്‍ട്ടിക്കാരായ ജനപ്രതിനിധികള്‍ക്കും നേതാക്കള്‍ക്കും വിഎസ് പങ്കെടുക്കുന്ന വേദി പങ്കിടരുതെന്ന് അനൗദ്യോഗിക നിര്‍ദേശം നല്‍കിക്കഴിഞ്ഞു. അച്യുതാനന്ദന്റെ സ്വന്തം ജില്ലയായ ആലപ്പുഴയില്‍ വിഎസ് പക്ഷക്കാരായ ബഹുഭൂരിപക്ഷവും നേരത്തെ തന്നെ സ്വന്തം നിലനില്‍പിനായി ഔദ്യോഗിക പക്ഷത്തേക്ക് ചേക്കേറിക്കഴിഞ്ഞു. തോമസ് ഐസക് പക്ഷവുമായി കൈകോര്‍ത്താണ് ഒരുവിഭാഗം നിലനില്‍പിനായുള്ള പോരാട്ടം നടത്തുന്നത്. എന്നാല്‍ സി.കെ. സദാശിവനും സി.എസ്. സുജാതയുമടക്കമുള്ള പ്രമുഖര്‍ പിണറായി വിജയനുമായി പോലും സംസ്ഥാന കമ്മറ്റിയില്‍ നേരിട്ട് ഏറ്റുമുട്ടാന്‍ തയാറായതോടെ ശിഥിലമായി കിടന്ന വിഎസ് പക്ഷക്കാര്‍ സംഘടിച്ചു തുടങ്ങിയിട്ടുണ്ട്. പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ പൊതുവേദിയില്‍ വിഎസിനെ പിണറായി അപമാനിച്ചപ്പോള്‍ തലകുമ്പിട്ടു നിന്ന നേതാക്കള്‍ പലരും എന്തും നേരിടാന്‍ തയാറാണെന്നും ഔദ്യോഗിക പക്ഷത്തിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ പോരാടുമെന്നും വ്യക്തമായ സന്ദേശം അണികള്‍ക്ക് നല്‍കിക്കഴിഞ്ഞു. ഇത് മുളയിലെ നുള്ളാനാണ് ഔദ്യോഗിക പക്ഷത്തിന്റെ ശ്രമം. വിഎസ് പങ്കെടുക്കുന്ന പൊതുപരിപാടികള്‍ക്ക് പോലും അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തുന്നത് ഇതിന്റെ ഭാഗമാണ്. വിഎസിന്റെ ജനകീയത തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഔദ്യോഗിക പക്ഷം കരുക്കള്‍ നീക്കുന്നത്. മറ്റു വലതുപക്ഷ മാധ്യമങ്ങളേക്കാള്‍ പ്രാധാന്യത്തോടെ വിഎസിനെതിരായ പാര്‍ട്ടി പ്രമേയം മുഖപത്രം പ്രസിദ്ധീകരിച്ചതും വിഎസ് പാര്‍ട്ടിയെ വെല്ലുവിളിക്കുന്നുവെന്ന് തലക്കെട്ട് നല്‍കിയതും ഇതിന്റെ ഭാഗമാണെന്നും വിഎസ് പക്ഷം ചൂണ്ടിക്കാട്ടുന്നു. അച്യുതാനന്ദനെ പൊതുരംഗത്ത് പൂര്‍ണമായും തമസ്‌കരിക്കുകയും അവഗണിക്കുകയും ചെയ്യുകയെന്നതാണ് ഔദ്യോഗിക പക്ഷത്തിന്റെ തന്ത്രം. പകരം പിണറായി വിജയനെ പാര്‍ട്ടിക്കതീതമായി ജനകീയ മുഖം നല്‍കാന്‍ കൂടുതല്‍ പൊതുവേദികളും ഒരുക്കിത്തുടങ്ങി. ജൈവപച്ചക്കറി കൃഷിയുടെ ഉദ്ഘാടനം സഹകരണ ബാങ്കുകളുടെ പരിപാടികള്‍. പാര്‍ട്ടിക്ക് സ്വാധീനമുള്ള വായനശാലകള്‍, ക്ലബുകള്‍ സാംസ്‌കാരിക സംഘടനകള്‍ എന്നിവയുടെ പരിപാടികള്‍ക്ക് മുന്‍ സഹകരണ മന്ത്രി എന്ന പരിവേഷത്തോടെയാണ് പിണറായിയെ പങ്കെടുപ്പിക്കുക. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പു തന്നെ ജനകീയനായ നേതാവ്, മികച്ച ഭരണാധികാരി തുടങ്ങിയ പ്രചരണങ്ങളോടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പിണറായിയെ പൊതുരംഗത്ത് സജീവമായി നിലനിര്‍ത്തുക എന്നതാണ് ഔദ്യോഗിക പക്ഷത്തിന്റെ ശ്രമം. ഒരുകാലത്ത് വിഎസ് പക്ഷക്കാര്‍ നടപ്പാക്കി വിജയിപ്പിച്ച തന്ത്രങ്ങളാണ് ഔദ്യോഗിക പക്ഷവും പയറ്റുന്നത്. ഇതേ നാണയത്തില്‍ തന്നെ ഔദ്യോഗിക പക്ഷത്തെ നേരിടാനാണ് വിഎസ് വിഭാഗത്തിന്റെ നീക്കം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.