രാമപാദങ്ങളില്‍- 47

Saturday 23 May 2015 8:12 pm IST

മഹര്‍ഷി പറഞ്ഞു, ശാസ്ത്രജ്ഞാനം വിഷയവിരക്തി സമാധിശീലം സജ്ജനസംസര്‍ഗ്ഗം തുടങ്ങിയവയില്‍ വിഷയവ്യവഹാരങ്ങളില്‍ ഉണ്ടാകുന്ന അനാസ്ഥ ബലപ്പെടുമ്പോള്‍ ഇച്ഛാനുസാരമായ ധ്യാനത്താല്‍ മനസ്സിനെ ഏകാഗ്രമാക്കാം. ഏകവും അഖണ്ഡവുമായ ആത്മസ്വരൂപത്തെ വിടാതെ അനുസന്ധാനം ചെയ്താല്‍ പ്രാണവായുവിന്റെ ചലനം താനെ അടങ്ങുന്നു. പൂരക, രേചക, കുംഭക, ഭേദേനയുള്ള പ്രാണായാമം വീണ്ടും വീണ്ടും ദൃഢസ്ഥമാക്കുന്ന വിധം ഏകാന്തത്തിലിരുന്നു ചെയ്യുന്ന ധ്യാനയോഗത്തിലും പ്രാണവായുക്കളെ നിരോധിക്കാന്‍ കഴിയും. ഓങ്കാരോച്ചാരണത്തില്‍ ഒടുവിലുള്ള ശബ്ദതത്വത്തിന്റെ അനുസന്ധാനത്താല്‍ ബഹിര്‍മുഖമായ ചിത്തവൃത്തി അടങ്ങുന്നമ്പോള്‍ പ്രാണവായുവിന്റെ ചലനം നിലക്കുന്നു. ഇന്ദ്രയോനി എന്നു പേരുള്ള മേലണ്ണക്കില്‍ ചെറുവിരല്‍ പോലെ കാണപ്പെടുന്ന സൂക്ഷ്മ ഭാഗത്ത് നാക്ക് നീട്ടിവളച്ച് അതിന്റെ അഗ്രഭാഗം തൊടുവിച്ചമര്‍ത്തി മേല്‌പോട്ടുള്ള കപാലഗുഹരത്തില്‍ പ്രാണവായുവിനെ പ്രവേശിപ്പിച്ച് ശീലിച്ചാല്‍ ക്രമേണയുള്ള നിരന്തരഭ്യാസം കൊണ്ട് പ്രാണവായുവിനെ നിരോധിക്കാം. മൂക്കിന്റെ അറ്റത്തുനിന്നു പന്ത്രണ്ടംഗുലം ദൂരത്തുള്ള ശുദ്ധാകാശത്തില്‍ മനസ്സും കണ്ണും ഒരു പോലെ ഉറപ്പിച്ച് അടക്കി നിര്‍ത്തിയാല്‍ പ്രാണവായുവിന്റെ ചലനം നിലയ്ക്കും. യോഗശാസ്ത്രപ്രസിദ്ധമായ ശ്വാസനിരോധാഭ്യാസം കൊണ്ട് പ്രാണവായു സുഷുമ്‌നയില്‍ കൂടി ഷോഡശാന്തവിശുദ്ധ ചക്രത്തിലോ, ബ്രഹ്മരന്ധ്രത്തിലോ അനാഹതമെന്നദ്വാദശാന്തചക്രത്തിലോ കടന്ന് ബാഹ്യവൃത്തിജ്ഞാനം നശിക്കുമ്പോള്‍ പ്രാണസ്പന്ദനം നിലക്കുന്നു. ഭൂമധ്യത്തില്‍ ദൃഷ്ടി ഉറപ്പിച്ച് ചിത്ത നിരോധത്താല്‍ അവയുടെ ദര്‍ശനശക്തി നശിച്ച് ചേതനം അഥവ വൃത്തിജ്ഞാനം നശിക്കുമ്പോഴും പ്രാണസ്പന്ദനം നിലക്കുന്നു. ഗുരുവിന്റെയോ ഈശ്വരന്റെയോ അനുഗ്രഹത്താല്‍ പെട്ടെന്ന് ലഭിച്ച ജ്ഞാനം അഭ്യാസത്താല്‍ ദൃഢപ്പെടുകയും വികല്പങ്ങളെല്ലാം ഒഴിയുകയും ചെയ്യുമ്പോഴും പ്രാണസ്പന്ദനം നിലക്കും. മൗനം ദീക്ഷിച്ച് നിയതമായി ആകാശഭാവന ചെയ്യുന്ന യോഗിയുടെ വാസനാഹീനമായ ആത്മധ്യാനവും, പ്രാണസ്പന്ദനം നിലക്കാന്‍ സഹായകമാണ്. കൂടാതെ യുക്തികല്പിതവും ആചാര്യപ്രോക്തങ്ങളുമായ മറ്റു പലേഉപായങ്ങളില്‍ കൂടിയും പ്രാണസ്പന്ദനം നിരോധിക്കാം. ഈ യോഗയുക്തികളെല്ലാം വിധിപ്രകാരം അനുഷ്ഠിക്കുന്ന ഭാഗ്യവാന്‍ സംസാരസമുദ്രം നിഷ്പ്രയാസം തരണം ചെയ്യുന്നു. അഭ്യാസം കൊണ്ട് പ്രാണങ്ങളുടെ സ്പന്ദനം നിലക്കുമ്പോള്‍ മനസ്സ് സങ്കല്പാദികളില്‍ നിന്ന് മോചനം നേടി സ്വച്ഛമായി വിശ്രമിക്കും. മനസ്സിന് വിശ്രമം ലഭിച്ചാല്‍ പിന്നെ ശേഷിക്കുന്നത് നിര്‍വാണമാണ്, രാമന്‍ പറഞ്ഞു ''സ്വാമിന്‍ മനസ്സ് മായുന്ന ക്രമം മനസ്സിലായി. ഇനി ജ്ഞാനപ്രാപ്തിയുടെ ക്രമം കൂടി ഉപദേശിച്ചു തരണം.'' രാമചന്ദ്ര, സര്‍വജഗത്തുക്കളും ആത്മാവുതന്നെയെന്നുറക്കുന്നതു വഴി സിദ്ധമാകുന്ന പൂര്‍ണ്ണാവസ്ഥയാണ് പരമാര്‍ത്ഥ ദര്‍ശിയുടെ സ്ഥിത പ്രജ്ഞാവസ്ഥ. പദാര്‍ത്ഥങ്ങളും അവയുടെ ശക്തികളും, ആത്മാവല്ലാതെ മറ്റൊന്നുമല്ലെന്ന നിശ്ചയം ദര്‍ശനമെന്നും അനാദ്യന്തനായ പരമാത്മാവുതന്നെ സര്‍വത്രവിളങ്ങുന്ന എന്നുള്ളത് സമൃഗ് ജ്ഞാനമെന്നും വിദ്വാന്മാര്‍ പറയുന്നു. എല്ലാം ആത്മാവായിരിക്കെ സത്ത്, അസത്ത്,. ബന്ധം, മോക്ഷം എന്നീ കല്പനകള്‍ക്ക് സ്ഥാനമെവിടെ? ദൃശ്യജെ ചിത്തവും വെറെയല്ല് എല്ലാം ബ്രാഹ്മത്തിന്റെ വിജ്രംഭണം മാത്രമാണ്. ജനമരണാദി വിഭ്രാന്തി നിമിത്തം ഭേദാഭേദങ്ങളോടുകൂടിയ ചിത്തസ്വരൂപങ്ങളില്‍ ആത്മാവുതന്നെ പല പ്രകാരത്തില്‍ സ്ഫുരിക്കുന്നു. സങ്കല്‍പ രൂപങ്ങളാണ് പലപ്രകാരത്തില്‍ ഇവിടെ കാണപ്പെടുന്നതെന്നും അന്ത:സ്ഥമായ വസ്തുവിന് നാനാത്വം ഇല്ലെന്നുമുള്ള ഏകമായനിശ്ചയത്തോടുകൂടിയ ആദര്‍ശിയായ പുരുഷനെ മുക്തനെന്നു പറയുന്നു.വീതഹവ്യനെന്ന മഹര്‍ഷിയുടെ കഥ പറയാം അദ്ദേഹം കര്‍മ്മ പരായണനായി വിന്ധ്യാപര്‍വതകുഹരത്തില്‍ വസിച്ചുവരവെ തന്റെ കര്‍മ്മങ്ങള്‍ ആധിവ്യാധിസ്വരൂപങ്ങളും സംസാരഭ്രമത്തെ നല്‍കുന്നവയുമാണെന്ന് ബോധ്യപ്പെട്ട് നിര്‍വികല്പസമാധിയാണ് ശ്രേഷ്ഠമെന്ന് ചിന്തിച്ച് കര്‍മ്മങ്ങളെ ത്യജിച്ച് പര്‍ണ്ണശാലയില്‍ പ്രവേശിച്ച് മാന്‍തോല്‍ വിരിച്ച് പത്മാസനസ്ഥിതനായി തുടകളില്‍ കയറ്റിവെച്ച പിന്‍കാലുകളുടെ മേലെ കൈത്തലങ്ങള്‍ മലര്‍ത്തിവെച്ച് വിഷയങ്ങളെ വിസ്മരിച്ച് മനസ്സിനെ അടക്കി മൗനിയായി ചിന്തിക്കാന്‍ തുടങ്ങി. എത്ര വിചിത്രമാണ് ചഞ്ചല മനസ്സ്, മരങ്ങള്‍ തോറും മാറിമാറി ചാടുന്ന കുരങ്ങിനെപ്പോലെ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് ചാടിപ്പാഞ്ഞു നടക്കുന്നു. മനസ്സിന് പുറത്തേക്ക് സഞ്ചരിക്കാനുള്ള അഞ്ചു വാതിലുകളാണ് കണ്ണ് തുടങ്ങിയ ഇന്ദ്രിയങ്ങള്‍. ഇന്ദ്രിയങ്ങള്‍ക്കും ആത്മാവിനും തമ്മില്‍ യാതൊരു ബന്ധവുമില്ല. അത്, ഇത്, അവന്‍, ഇവന്‍, ഞാന്‍ എന്നൊക്കെ മിത്ഥ്യാഭ്രമമുണ്ടാക്കുന്ന അസത്യമായ ഒരു വികാരമാണ.് അഹങ്കാരം അത് ദുഖത്തിനല്ലാതെ സുഖത്തിനുള്ളതല്ല സത്യവിചാരമില്ലായ്കയാണ് മനസ്സിന്റെ സ്വരൂപം. മനസ്സ് മേലും കീഴും രൂപമില്ലാത്തതാണ്. മനസ്സും ദേഹവും ജഡപ്രായമായി ഭവിക്കുമ്പോള്‍ വിഷയനിര്‍മുക്തമായിത്തീരുന്നതെന്തോ അതാണ് സത്ത്; മറ്റൊന്നും സത്തല്ല. വീതഹവ്യന്‍ ഈ വിധം ചിന്തിച്ച് വാസനനശിച്ച മനസ്സിനെ അടക്കി ഇന്ദ്രിയങ്ങളെ ഇളക്കാതെ നിര്‍ത്തി. പ്രാണവായുക്കളുടെ ചലനം നിര്‍ത്തിവെച്ചു. നാസാഗ്രത്തിന്‍ ഊന്നി ഉറപ്പിച്ച പാതിയടഞ്ഞ കണ്ണുകള്‍. കഴുത്തും ശിരസ്സും ദേഹവും നിവര്‍ത്തുവെച്ച് ഇളകാതിരുന്നുകൊണ്ട് വളരെകാലം കഴിഞ്ഞു. മഴവെള്ളത്തില്‍ കുത്തിഒഴുക്കികൊണ്ടു വന്ന ചെളികൊണ്ട് ശരീരമാകെ മൂടി. സമാധിയില്‍ നിന്നുണര്‍ന്നപ്പോഴും ശരീരത്തെ ചലിപ്പിക്കാന്‍ കഴിയുന്ന അന്തര്‍ലീനമായ ചൈതന്യം മാത്രം ലിംഗപ്രതിബിംബമായി ദേഹത്തെവഹിച്ചു. അനന്തരം പ്രാരബ്ധശേഷത്തെ അനുഭവിക്കാനായി ജീവന്‍ ഉന്മേഷം പ്രാപിച്ച് മനോരൂപത്തിലാവുകയും സങ്കല്പബന്ധത്താല്‍ ചില അനുഭവങ്ങള്‍ സ്മരിക്കുകയും ചെയ്തു. കൈലാസ ശൈലത്തിലെ ഒരു കടമ്പിന്‍ ചുവട്ടില്‍ ജീവന്‍മുക്താവസ്ഥയിലെത്തിയ ഒരു ഋഷിയായി നൂറുവര്‍ഷവും, ദു:ഖ രഹിതനായ വിദ്യാധരനായി നൂറു വര്‍ഷവും, അഞ്ച് യുഗങ്ങളോളം സ്വര്‍ഗ്ഗത്തില്‍ ഇന്ദ്ര പദവി അലങ്കരിച്ചതായും, ഒരു വര്‍ഷം ശ്രീ പരമേശ്വരന്റെ അനുചരനായും താന്‍ കഴിഞ്ഞതായി കണ്ട് അമ്പരന്നു. മഹര്‍ഷി ആത്മോദ്ധാരണത്തിനായി ആദിത്യനെ സ്തുതിച്ചു. ആദിത്യന്റെ അനുജ്ഞപ്രാകരം പിംഗളന്‍ പ്രത്യക്ഷപ്പെട്ട് മഹര്‍ഷിയെ ചെളിക്കുണ്ടില്‍ നിന്നും മോചിപ്പിച്ചു. മഹര്‍ഷി പിംഗളനെ വണങ്ങി പൊയ്കയിലിറങ്ങി കുളിച്ച് ആദിത്യ പൂജകഴിച്ചു. അദ്ദേഹം പഴയപോലെ മനോഭൂഷിതനായി വര്‍ത്തിച്ചു. ആത്മശക്തി, ബുദ്ധിവികാസം, സന്തുഷ്ടി, തേജസ്സ് ഇത്യാദിഗുണങ്ങളോടെ അദ്ദേഹം സര്‍വസംഗനിവൃത്തനായി. വീണ്ടും മനസ്സിനെ ശമപ്രധാനമാക്കുന്നതിനായി പ്രബുദ്ധനെങ്കിലും സുഷുപ്തനായും, സുഷുപ്തനെങ്കിലും പ്രബുദ്ധനായും തുര്യത്തെ അവലംബിച്ചു പര്‍വത ഗുഹയില്‍ കടന്ന് പത്മാസനമുറപ്പിച്ച് വിചാരധാരയില്‍ മുഴുകി. നിര്‍വാണ പദവിയെ ഏതുകാരണം കൊണ്ടാണോ ഞാന്‍ വിസ്മിരച്ചിരിക്കുന്നത് അതില്‍ കാരണക്കാരനായ പുണ്യമേ നിനക്കു നമസ്‌കാരം. രാഗമേ, ദ്വേഷമേ, ഭോഗങ്ങളേ നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ നമസ്‌കാരം. അല്ലയോ ദു:ഖമേ നീ പൂജ്യനാണ്. നിന്റെ ഉപദ്രവം സഹിക്കാന്‍ കഴിയാത്തതുകൊണ്ടാണ് ആത്മാവിനെ ഞാന്‍ അന്വേഷിക്കാന്‍ തുടങ്ങിയത് അതുകൊണ്ട് എനിക്ക് മുക്തി മാര്‍ഗ്ഗം കാണിച്ചു തന്ന ഗുരു നീ തന്നെയാണ.് അല്ലയോ ദേഹമേ പ്രിയപ്പെട്ട സൂഹൃത്തേ ചിരകാലബന്ധുവായ നിന്നെ ആത്മജ്ഞാനിയായ ഞാന്‍ ഇപ്പോള്‍ ഉപേക്ഷിക്കാന്‍ പോവുകയാണ്. ... തുടരും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.