നിശാപാര്‍ട്ടിക്കിടെ ലഹരിമരുന്ന് : കൊച്ചിയില്‍ ആറ് പേര്‍ പിടിയില്‍

Sunday 24 May 2015 11:02 am IST

കൊച്ചി: കൊച്ചിയില്‍ നിശാപാര്‍ട്ടിക്കിടെ ലഹരിമരുന്ന് ഉപയോഗിച്ചതിന് ആറ് പേരെ പൊലീസ് പിടികൂടി. പൊലീസ് നടത്തിയ പരിശോധനയില്‍ വിവിധയിനം മയക്കുമരുന്നുകളും പിടിച്ചെടുത്തു. പൊലീസ് പിടിയിലായവരില്‍ ലോകപ്രശസ്ത സംഗീതജ്ഞന്‍ സൈക്കോവിസ്‌കി വാസ്‌ലി മാര്‍ക്കലാവോയും ഉള്‍പ്പെടുന്നു. ഇയാളില്‍ നിന്ന് മരിജുവാന കണ്ടെത്തി. പീസ് ഓഫ് ദി വിക്കഡ്, ബേണിംഗ് ബ്രിഡ്ജസ് തുടങ്ങിയ ആല്‍ബങ്ങള്‍ സൈക്കോവിസ്‌കിയുടേതായി പുറത്തിറങ്ങിയിട്ടുണ്ട്. വൈറ്റില സ്വദേശി സെബാസ്റ്റ്യന്‍, കോട്ടയം സ്വദേശികളായ രാഹുല്‍ പ്രതാപ്,സുമിത്, തൃശൂര്‍ സ്വദേശികളായ സഫല്‍, ഗൗതം എന്നിവരാണ് കസ്റ്റഡിയിലായ മറ്റുള്ളവര്‍. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ നടക്കുന്ന ഡിജെ പാര്‍ട്ടികളില്‍ വ്യാപകമായി മയക്കുമരുന്ന് ഉപയോഗം നടക്കുന്നതായി പൊലീസിന് വിവരം കിട്ടിയിരുന്നു. അതുകൊണ്ട് ഇത്തരം പാര്‍ട്ടികള്‍ കഴിഞ്ഞ കുറേ നാളുകളായി പൊലീസ് നിരീക്ഷണത്തിലാണ്. ലെ മെറിഡിയനില്‍ ഇന്നലെ രാത്രി നടന്ന പാര്‍ട്ടിക്കെത്തിയവരില്‍നിന്ന് കഞ്ചാവുപൊതികളടക്കം നാല് തരം മയക്കുമരുന്നുകളാണ് പിടികൂടിയത്. കെറ്റമിന്‍, മരിജുവാന,ഹാഷിഷ്,ബ്രൗണ്‍ഷുഗര്‍ എന്നിവയെന്ന് സംശയിക്കുന്ന പൊടികളും മിശ്രിതങ്ങളുമാണ് പൊലീസ് പിടികൂടിയത്. സൈക്കോവ്‌സ്‌കി എന്ന പേരിലാണ് ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചത്. ഫേസ്ബുക്കിലും വാട്‌സാപ്പിലുമായിരുന്നു പാര്‍ട്ടിയുടെ പ്രചാരണം. 1000 രൂപയാണ് പ്രവേശനത്തിന് ഈടാക്കിയിരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.