മോദിയുടെ വിദേശയാത്ര കൊണ്ടുവന്നത് കോടികള്‍

Sunday 24 May 2015 7:10 pm IST

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിദേശയാത്രയുടെ പേരില്‍ വിമര്‍ശിക്കുന്നവര്‍ സൗകര്യപൂര്‍വ്വം മറക്കുന്നത് ആ യാത്രകളിലുണ്ടായ നേട്ടം. രാജ്യങ്ങളില്‍ നിന്ന് രാജ്യങ്ങളിലേക്ക് പ്രത്യേക ദൗത്യങ്ങളുമായി പറക്കുന്നത് വിനോദസഞ്ചാരമൊന്നുമല്ല. ശാ്വസം വിടാന്‍പോലും നേരമില്ലാത്തത്ര പരിപാടികളുമായാണ് മോദിയുടെ യാത്ര. ഇത്തരം യാത്രകളും ചര്‍ച്ചകളും ഭാരതത്തിന്റെ കരുത്ത് ബോധ്യപ്പെടുത്തിയതു കൊണ്ടാണ് ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാസമതിയില്‍ സ്ഥിരാംഗത്വത്തിനുള്ള ഭാരതത്തിന്റെ ശ്രമങ്ങള്‍ക്ക് അമേരിക്കയും ചൈനയും പിന്തുണ പ്രഖ്യാപിച്ചത്. ജപ്പാന്‍ അഞ്ചുവര്‍ഷം കൊണ്ട് 35 കോടി ഡോളര്‍ ഭാരതത്തില്‍ നിക്ഷേപിക്കാന്‍ തയ്യാറായത് മോദി അവിടെച്ചെന്ന് ഭാരതത്തിലെ മാറിയ വ്യാവസായിക അന്തരീക്ഷത്തെക്കുറിച്ച് വിവരച്ചതുകൊണ്ടുമാത്രമാണ്. നിയമങ്ങള്‍ പരിഷ്‌ക്കരിച്ചതും വ്യവസ്ഥകള്‍ ഉദാരമാക്കിയതും മോദി തന്നെ വിവരിച്ചപ്പോള്‍ ജപ്പാനും അവിടുത്തെ വ്യവസായികള്‍ക്കും അത് ബോധ്യപ്പെട്ടു. ബുള്ളറ്റ് ട്രെയിനടക്കം പല മെച്ചപ്പെട്ട സംവിധാനങ്ങള്‍ക്കും അവര്‍ സങ്കേതിക സഹായവും നല്‍കു. 500 ടണ്‍ യുറേനിയം ഭാരതത്തിന് നല്‍കാമെന്നാണ് ആസ്‌ട്രേലിയയുമായി ഉണ്ടാക്കിയ പ്രധാന കരാര്‍. വൈദ്യുതിയുണ്ടാക്കുന്നതിനടക്കം നമ്മുടെ ആണവ നിലയങ്ങളില്‍ യുറേനിയം അത്യാവശ്യമാണ്. ഇസ്രായേലുമായി 50 ലക്ഷം ഡോളറിന്റെ വിദ്യാഭ്യാസക്കരാറാണ് നാം ഒപ്പട്ടത്. മറ്റു പലപല കരാറുകള്‍ വേറെ. ചൈനയില്‍ നിന്ന് വരുന്നത് 200 കോടി ഡോളറിന്റെ( 136000 കോടി രൂപ) നിക്ഷേപമാണ്. ചൈനീസ് കമ്പനികളും സ്ഥാപനങ്ങളും റെയില്‍വേ അടക്കമുള്ള രംഗങ്ങളിലാണ് ഇവിടെ നിക്ഷേപിക്കുക. നമ്മുടെ ഊര്‍ജ്ജോല്പ്പാദനം മെച്ചപ്പെടുത്താന്‍ ഫ്രാന്‍സ് 200 കോടി യൂറോയാണ് ഇവിടെ നിക്ഷേപിക്കുക. റാഫേല്‍ വിമാനം വാങ്ങുന്നതിനടക്കം വേറെയും കരാറുകളുണ്ട്.എയര്‍ബസ് ഘടകങ്ങള്‍ ഉണ്ടാക്കുന്നത് വര്‍ദ്ധിപ്പിക്കാനും ഫ്രാന്‍സ് തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ 4000 ലക്ഷം യൂറോയാണ് അവര്‍ ഇവിടെ നിക്ഷേിച്ചത്. ഇത് 200 കോടി യൂറോയായി കൂട്ടും. സെമി ഹൈസ്പീഡ് ട്രെയിനിനുള്ള പഠനത്തില്‍ ഫ്രാന്‍സ് ഭാരതത്തെ സഹായിക്കും. കാനഡ നമുക്ക് 3000 മെട്രിക് ടണ്‍ യൂറേനിയമാണ് നല്‍കുക. അപൂര്‍വ്വ ലോഹങ്ങള്‍ സംയുക്തമായി ഉല്‍പ്പാദിപ്പിക്കാനാണ് ഭാരതവും ജപ്പാനും തീരുമാനിച്ചത്.ഭാരതത്തിന്റെ കരുത്തും മനുഷ്യവിഭവശേഷിയും കഴിവും പുറംലോകത്ത് മുന്‍പൊരിക്കലും ഇത്രയേറെ അവതരിപ്പിച്ചിട്ടില്ല. അതിന് ആരും ശ്രമിച്ചിട്ടുമില്ല. ഇതുവഴി വിദേശ നിക്ഷേപങ്ങളും സങ്കേതിക സഹായങ്ങളും വ്യാവസായിക ഉല്‍പ്പാദനങ്ങളും ഇവിടെയെത്തിക്കാന്‍ കഴിയുമെന്നുതന്നെയാണ് എന്‍ഡിഎ സര്‍ക്കാരിന്റെപ്രതീക്ഷ. ഭൂട്ടാനില്‍ നാല് ജലവൈദ്യുത പദ്ധതികള്‍ ഭാരതം തുടങ്ങാന്‍ ധാരണയായിട്ടുണ്ട്. ഇതില്‍നിന്ന് വലിയൊരു ഭാഗം വൈദ്യുതി നമുക്ക് ലഭിക്കും.നേപ്പാളില്‍ വലിയ അണക്കെട്ട് നാം നിര്‍മ്മിക്കും.ഇതില്‍ നിന്നുള്ള ജലവൈദ്യുതിയും നമുക്ക് ലഭിക്കും.വിയറ്റ്‌നാമില്‍ എണ്ണപര്യവേഷണം നടത്താനുള്ള കരാര്‍ മോദിയുടെ യാത്രയുടെ ഫലമായി നമുക്ക് ലഭിച്ചു. ചൈനയ്ക്ക് നല്‍കാനിരുന്ന കരാറാണിത്. ഇറാനില്‍ നിന്നുള്ള എണ്ണഇറക്കുമതി കൂട്ടാന്‍ കരാറായിട്ടുണ്ട്. ഭാരത കറന്‍സിയില്‍ എണ്ണ നല്‍കാമെന്നാണ് ഇറാന്റെ വാഗ്ദാനം. ഇറാനിലെ ചബ്ബാര്‍ തുറമുഖം നിര്‍മ്മിക്കാനുള്ള കരാറും നമുക്ക് ലഭിച്ചു. ചൈനയുമായി നമുക്കുള്ള വാണിജ്യം കുറഞ്ഞുവരികയായിരുന്നു. ഈ അവസ്ഥ മാറ്റാന്‍ ധാരണയായി. 4500 ഭാരതീയരെയും നൂറിലേറെ വിദേശീയരെയും സംഘര്‍ഷം കത്തിപ്പടര്‍ന്ന യെമനില്‍നിന്ന് മടക്കിക്കൊണ്ടുവരാന്‍ സാധിച്ചത് ചില്ലറക്കാര്യമല്ല. അവരുടെ പൗരന്മാരെ മടക്കിക്കൊണ്ടുവരാന്‍ അമേരിക്കയടക്കം നമ്മെ സമീപിച്ചുവെന്ന് ഓര്‍ക്കുക.മന്ത്രി വി.കെ.സിംഗിനെ അവിേടക്കയച്ചാണ് നാം ഇത് നേടിയത്.42 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരിന്ത്യന്‍ പ്രധാനമന്ത്രി കാനഡ സന്ദര്‍ശിക്കുന്നത്. ആണവറിയാക്ടറുകള്‍ നാം റഷ്യയില്‍ നിന്നടക്കം വാങ്ങുകയായിരുന്നു പതിവ്.ഫ്രാന്‍സുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ അവര്‍ നമുക്ക് ഭാരതത്തില്‍ ആണവ റിയാക്ടര്‍ നിര്‍മ്മിച്ചു നല്‍കും, മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.