50: 50 സര്‍ക്കാര്‍ നടപടി ശരി

Thursday 30 June 2011 10:19 pm IST

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ പിജി സീറ്റുകളില്‍ 50 ശതമാനം ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി ഹൈക്കോടതി ശരിവെച്ചു. ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സിലും പരിയാരം ഭരണസമിതിയും 50 ശതമാനം സീറ്റുകള്‍ ഏറ്റെടുത്ത സര്‍ക്കാര്‍ നടപടിക്കെതിരെ ഹര്‍ജികള്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത്‌ തള്ളിക്കൊണ്ട്‌ സര്‍ക്കാരിന്‌ അലോട്ട്മെന്റ്‌ തുടരാമെന്ന്‌ കോടതി വ്യക്തമാക്കി.
പ്രവേശന നടപടികള്‍ക്ക്‌ ഏര്‍പ്പെടുത്തിയിരുന്ന സ്റ്റേ ഹൈക്കോടതി നീക്കി. കോടതിയുടെ ഇടക്കാല ഉത്തരവാണിത്‌. ഹൈക്കോടതി വിധി വന്നതോടെ സര്‍ക്കാര്‍ സീറ്റുകളിലേക്കുള്ള അലോട്ട്മെന്റ്‌ നടപടികള്‍ പുനരാരംഭിച്ചിട്ടുണ്ട്‌. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന്‌ ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ വ്യക്തമാക്കി. സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ 50 ശതമാനം സീറ്റുകള്‍ സര്‍ക്കാരിന്‌ അവകാശപ്പെട്ടതാണെന്ന്‌ മെഡിക്കല്‍ കൗണ്‍സിലിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അമരീന്ദര്‍ ശരന്‍ കോടതിയെ അറിയിച്ചിരുന്നു.
ഇതിനിടെ, സര്‍ക്കാര്‍ ക്വാട്ടയിലുളള സ്വാശ്രയ മെഡിക്കല്‍, ദന്തല്‍ കോളേജുകളിലെ പിജി സീറ്റുകളില്‍ പ്രവേശനത്തിനുള്ള തീയതി ഇന്നുവരേക്ക്‌ നീട്ടിയിട്ടുണ്ട്‌. സര്‍ക്കാര്‍ ക്വാട്ടയിലെ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന്‌ കര്‍ണാടകത്തിന്‌ സുപ്രീംകോടതി സമയം നീട്ടി അനുമതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന്‌ സമയം നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട്‌ കേരളം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കേരളത്തിന്‌ സമയം നീട്ടിക്കൊടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന്‌ മെഡിക്കല്‍ കൗണ്‍സിലും കോടതിയെ അറിയിച്ചു. ഹൈക്കോടതി വിധി അനുസരിച്ചാകണം പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതെന്ന്‌ സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്‌. പ്രവേശന കാര്യത്തില്‍ സ്വാശ്രയ മാനേജ്മെന്റുകളുടേത്‌ തെറ്റായ പ്രവണതയാണെന്നും ഇതവസാനിപ്പിക്കണമെന്നും കോടതി വ്യക്തമാക്കി. അതേസമയം, സ്വാശ്രയ മാനേജ്മെന്റുകള്‍ക്ക്‌ എംബിബിഎസിന്‌ സ്വന്തം നിലയില്‍ പ്രവേശനപരീക്ഷ നടത്താമെന്ന്‌ സുപ്രീംകോടതി ഈമാസം 15 ന്‌ മുമ്പ്‌ പരീക്ഷ നടത്തണമെന്നും 20 ന്‌ മുമ്പായി ഫലം പ്രഖ്യാപിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ ഒഴികെയുള്ള പതിനൊന്ന്‌ കോളേജുകള്‍ക്കാണ്‌ പരീക്ഷ നടത്താന്‍ കോടതി അനുമതി നല്‍കിയിട്ടുള്ളത്‌. 50 ശതമാനം സീറ്റുകളിലേക്ക്‌ ഇവര്‍ക്ക്‌ നേരിട്ട്‌ പരീക്ഷ നടത്താമെന്നും എന്നാല്‍ പ്രവേശന നടപടികളില്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
സ്വന്തമായി പ്രവേശനപരീക്ഷ നടത്താന്‍ അനുവദിച്ചാല്‍ 50 ശതമാനം സീറ്റുകള്‍ സര്‍ക്കാരിന്‌ വിട്ടുനല്‍കാമെന്ന്‌ സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റ്‌ അസോസിയേഷന്‍ സുപ്രീംകോടതിയെ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇതിനുവേണ്ടി കൂടുതല്‍ സമയം അനുവദിക്കണമെന്ന മാനേജ്മെന്റുകളുടെ ആവശ്യം അംഗീകരിക്കരുതെന്ന്‌ സംസ്ഥാനസര്‍ക്കാരും മെഡിക്കല്‍ കൗണ്‍സിലും കോടതിയില്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇതിനിടെ, മെഡിക്കല്‍ പിജി പ്രവേശനത്തിന്‌ സര്‍ക്കാര്‍ ക്വാട്ടയില്‍ അലോട്ട്മെന്റിനെത്തിയ വിദ്യാര്‍ത്ഥിനിക്ക്‌ പ്രവേശനം നിഷേധിച്ചതായി പരാതി ഉയര്‍ന്നു. ഗോകുലം മെഡിക്കല്‍ കോളേജിനെതിരെയാണ്‌ പരാതി. കിളിമാനൂര്‍ സ്വദേശി ഹസീനയാണ്‌ പരാതിക്കാരി.

-നിയമകാര്യ ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.