സഹകരണബാങ്ക് തട്ടിപ്പിലും കോണ്‍ഗ്രസ് ഗ്രൂപ്പ് പോര്

Sunday 24 May 2015 7:24 pm IST

കുന്നത്തൂര്‍: വെട്ടിപ്പിന്റെ പേരിലും കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര്. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള കുന്നത്തൂര്‍ താലൂക്ക് റസിഡന്‍ഷ്യല്‍ വെല്‍ഫെയര്‍ സഹകരണബാങ്കിലെ അഴിമതിക്കെതിരെ ഐഗ്രൂപ്പ് നേതാക്കള്‍ രംഗത്തെത്തി. കെപിസിസി എക്‌സിക്യൂട്ടീവ് അംഗവും എ ഗ്രൂപ്പ് നേതാവുമായ എ. വിശാലാക്ഷിയാണ് സഹകരണസംഘത്തിന്റെ പ്രസിഡന്റ്. ഇവര്‍ നിക്ഷേപകരുടെ പേരില്‍ വ്യാജരേഖയുണ്ടാക്കി കോടികളുടെ വായ്പ തട്ടിയെടുത്തു എന്നാണ് ആരോപണം. പലര്‍ക്കും ജപ്തി നോട്ടീസ് കിട്ടിയപ്പോഴാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടതായി ബോധ്യപ്പെട്ടത്. തുടര്‍ന്ന് തട്ടിപ്പിനിരയായവര്‍ പ്രസിഡന്റിനെതിരെ നടപടി ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കി. എന്നാല്‍ ഭരണസ്വാധീനം ഭയന്ന് പോലീസ് ഇവര്‍ക്കെതിരെ നടപടിയെടുത്തിരുന്നില്ല. നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരും തട്ടിപ്പിനിരയായതിനാല്‍ ഇവര്‍ക്കെതിരെ പാര്‍ട്ടിതലത്തില്‍ നടപടിവേണമെന്ന ആവശ്യം നേരത്തെ ഐ ഗ്രൂപ്പുകാര്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ വിശാലാക്ഷിക്ക് പൂര്‍ണപിന്തുണയുമായി ബ്ലോക്ക് പ്രസിഡന്റ് കൃഷ്ണന്‍കുട്ടിനായര്‍ രംഗത്തെത്തിയത് എ, ഐ സംഘര്‍ഷത്തിനിടയാക്കിയിരുന്നു. നിരവധി പരാതികളാണ് തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസിനും സഹകരണ രജിസ്ട്രാര്‍ക്കും നല്‍കിയിട്ടുള്ളത്. പരാതികളെ തുടര്‍ന്ന് രജിസ്ട്രാര്‍ ബാങ്കിന്റെ ഇടപാടുകള്‍ നിര്‍ത്തിവെപ്പിച്ചിരിക്കയാണ്. ഇത് സംബന്ധിച്ച് അസിസ്റ്റന്റ് രജിസ്ട്രാറുടെ നേതൃത്വത്തില്‍ ഇപ്പോള്‍ തെളിവെടുപ്പും നടന്നുവരികയാണ്. ഇപ്പോള്‍ സംസ്ഥാനത്താകെ പൊട്ടിപ്പുറപ്പെട്ട കോണ്‍ഗ്രസി ഗ്രൂപ്പ് പോരിന്റെ പശ്ചാത്തലത്തില്‍ വിശാലാക്ഷിക്കെതിരെ പാര്‍ട്ടിതലത്തില്‍ നടപടി വേണമെന്ന ആവശ്യമുയര്‍ത്തി സമരം ശക്തമാക്കാനാണ് ഐ ഗ്രൂപ്പിന്റെ തീരുമാനം. ജനകീയവേദിയെന്ന പേരിലാണ് ഐ ഗ്രൂപ്പുകാര്‍ തട്ടിപ്പിനെതിരെ കഴിഞ്ഞദിവസം ശൂരനാട് പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.