കൊച്ചി: കേരളത്തിലെ മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ തേടി മദ്യനിരോധനസമിതിയുടെ നേതാക്കള്‍ ശ്രീശ്രീ രവിശങ്കറുടെ ആശ്രമത്തിലെത്തി. കേരള മദ്യനിരോധനസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്, സീനിയര്‍ വൈസ് പ്രസിഡന്റ് ഫാ. വര്‍ഗീസ് മുഴുത്തേറ്റ് വി.സി, മദ്യനിരോധന മഹിളാവേദി സംസ്ഥാന സെക്രട്ടറി ഇയ്യേച്ചരി പത്മിനി ആര്‍ട്ട് ഓഫ് ലിവിംഗ് ‘മദ്യമുക്ത കേരളം’ സ്റ്റേറ്റ് കമ്മറ്റി കോ-ഓര്‍ഡിനേറ്റര്‍ ഡി.മോഹനന് എന്നിവര്‍ ശ്രീശ്രീ രവിശങ്കറുമായി ചര്‍ച്ച നടത്തി.
മദ്യപാനംകൊണ്ട് പഞ്ചാബ് തകര്ന്നുകഴിഞ്ഞെന്നും കുടിയുടെ കാര്യത്തില്‍ കേരളത്തിന്റെ പോക്കും തകര്‍ച്ചയിലേക്കാണെന്നും കൗമാര-യൗവ്വനങ്ങളെ ലക്ഷ്യംവെച്ചുള്ള പ്രതിരോധ നടപടികള്‍ ആരംഭിക്കാന്‍ വൈകരുതെന്നും ശ്രീശ്രീ രവിശങ്കര്‍ പറഞ്ഞു.
മദ്യനിരോധനകര്മ്മരംഗത്ത് സമിതി നേതാക്കള്‍ സമര്‍പ്പിച്ച പരിപാടികള്‍ അംഗീകരിക്കപ്പെടുകയും പ്രബോധന പ്രചാരണ പരിപാടികളില്‍ സഹകരിക്കാന്‍ ആര്‍ട്ട് ഓഫ് ലിവിംഗ് കേരള ചാപ്റ്റര്‍ തയ്യാറാണെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. ആര്‍ട്ട് ഓഫ് ലിവിംഗുമായി ചേര്‍ന്നുള്ള ലഹരിവിരുദ്ധ പ്രവര്‍ത്തനത്തിന് ജൂണ്‍ 26 ന് തുടക്കംകുറിക്കുമെന്ന് മദ്യനിരോധനസമിതി നേതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: