ഫെഡറര്‍, ഹാലെപ് മുന്നോട്ട്

Sunday 24 May 2015 10:29 pm IST

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ മുന്‍ ചാമ്പ്യനും മുന്‍ ഒന്നാം നമ്പറുമായ റോജര്‍ ഫെഡറര്‍ക്ക് ആദ്യ റൗണ്ടില്‍ അനായാസ ജയം.വനിതകളില്‍ മൂന്നാം സീഡ് സിമോണ ഹാലെപ്പും രണ്ടാം വട്ടത്തിലെത്തി. രണ്ടാം സീഡായ ഫെഡറര്‍, കൊളംബിയയുടെ അലെസാന്ദ്രൊ ഫല്ലയെ എതിരില്ലാത്ത മൂന്നു സെറ്റുകള്‍ക്ക് തുരത്തി, സ്‌കോര്‍: 6-3, 6-3, 6-4.  അഞ്ചാം സീഡ് ജപ്പാന്റെ കെയ് നിഷികോരിയും രണ്ടാം റൗണ്ടില്‍ കടന്നു. ആതിഥേയരുടെ സീഡില്ലാ താരം പോള്‍ ഹെന്റി മതേയുവിനെ വീഴ്ത്തി നിഷികോരി (6-3, 7-5, 6-1). എട്ടാം സീഡ് സ്വിറ്റ്‌സര്‍ലന്റിന്റെ സ്റ്റാനിസ്ലസ് വാവ്‌റിങ്കയ്ക്കും നിഷ്പ്രയാസ ജയം. ഉസ്‌ബെക്കിസ്ഥാന്റെ മാഴ്‌സെല്‍ ഇല്‍ഹാനെ 6-3, 6-2, 6-3 എന്ന സ്‌കോറിന് വാവ്‌റിങ്ക തുരത്തി. വനിതകളില്‍ ഹാലെപ്, റഷ്യയുടെ സീഡില്ലാ താരം എവ്ജിനിയ റോഡിനയുടെ വെല്ലുവിളി മറികടന്നു, സ്‌കോര്‍: 7-5, 6-4. മറ്റൊരു മത്സരത്തില്‍ 31-ാം സീഡ് ആതിഥേയരുടെ കലോളിന ഗാര്‍ഷ്യയ്ക്ക് തോല്‍വി. ക്രൊയേഷ്യയുടെ ഡൊന്ന വെകിച്ച് മൂന്നു സെറ്റ് നീണ്ട പോരാട്ടത്തില്‍ കരോളിനയെ മടക്കി, സ്‌കോര്‍: 3-6, 6-3, 6-2. പുരുഷന്മാരില്‍ 19-ാം സീഡ് റോബര്‍ട്ടോ ബൗറ്റിസ്റ്റ അഗട്ട്, 22-ാം സീഡ് ഫിലിപ്പ് കോള്‍ഷ്രൈബര്‍, ലൂക്കാസ് റസോള്‍, മാഴ്‌സെല്‍ ഗ്രാനോള്‍സ്, മാര്‍ക്കോ ബാഗ്ദാത്തിസ്, പാബ്ലൊ ആന്‍ജുര്‍, വനിതകളില്‍ ഒമ്പതാം സീഡ് എകാത്രിന മകറോവ, 21-ാം സീഡ് ഗര്‍ബൈന്‍ മുരുഗസ, മിര്‍ജാന ലൂസിച്ച് ബറോനി, ടെലിയാന പെരേര, ബൊയാന യൊവനോവ്‌സ്‌കി, മിസാകി ദോയി, കാമില ജ്യോര്‍ജി തുടങ്ങിയവരും രണ്ടാം റൗണ്ടിലേക്ക് കുതിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.