ആന്ധ്രയിലും തെലങ്കാനയിലും സൂര്യാഘാതമേറ്റുള്ള മരണം500 ആയി

Monday 25 May 2015 1:05 pm IST

ന്യൂദല്‍ഹി: ഉത്തര ദക്ഷിണ ഭാരതം വേനലിന്റെ കനത്തചൂടില്‍ ഉരുകുന്നു. സമുദ്രനിരപ്പില്‍നിന്നും 6580 അടി ഉയരത്തിലുള്ള മസ്സൂറിപോലുള്ള മലനിരകള്‍പോലും കത്തിജ്വലിക്കുകയാണ്. 36 ഡിഗ്രിസെല്‍ഷ്യസാണ് മസ്സൂറിയിലെ ഇപ്പോഴത്തെ താപനില. രാജ്യത്തിന്റെ ചരിത്രത്തില്‍തന്നെ ആദ്യമായാണ് ഇത്രയും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ സൂര്യാഘാതവും ഉഷ്ണക്കാറ്റുംമൂലം മരിച്ചവരുടെ എണ്ണം 335 ആയി. ഇരുസംസ്ഥാനങ്ങളിലുമായി ശനിയാഴ്ചമാത്രം സൂര്യഘാതമേറ്റ് 135 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.ആന്ധ്രയില്‍ 75ഉം, തെലങ്കാനയില്‍ 60 പേരും.48 ഡിഗ്രിസെല്‍ഷ്യസാണ് സംസ്ഥാനത്തെ റെക്കോര്‍ഡ് താപനില. ഇതിനുമുമ്പ്് 1947ലാണ്് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. 47.2 ഡിഗ്രിസെല്‍ഷ്യസാണ് അന്ന് രേഖപ്പെടുത്തിയത്. കനത്ത ചൂടിനെ തുടര്‍ന്ന് ഇരുസംസ്ഥാനങ്ങളും കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയായ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുനക്രമീകരിച്ചു. സൂര്യഘാതമേറ്റ് മരിക്കുന്നതില്‍ ഭൂരിഭാഗവും ദിവസവേതനക്കാരായതിനാലാണ് പദ്ധതിയില്‍ മാറ്റംവരുത്തിയത്. മിക്കസംസ്ഥാനങ്ങളിലും ഈവര്‍ഷം പതിവിലും കനത്ത ചൂടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, തെലങ്കാന, ബീഹാര്‍, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും ഉയര്‍ന്ന താപനില (48 ഡിഗ്രി സെല്‍ഷ്യസ്) രേഖപ്പെടുത്തിയിരിക്കുന്നു.യുപി, അലഹബാദ്, എന്നിവിടങ്ങളില്‍ 47ഉം രാജസ്ഥാനില്‍ 45 ഡിഗ്രിസെല്‍ഷ്യയുമാണ് താപനില. സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് 25 പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ചത്. പ്രദേശത്തെ ജലക്ഷാമവും രൂക്ഷമായിട്ടുണ്ട്. അതേസമയം, വരുംദിവസങ്ങളില്‍ അത്യുഷ്ണമായ കാറ്റും അനുഭവപ്പെടാന്‍ സാധ്യതയുള്ളതായി യുപി കാലാവസ്ഥാ നിരീക്ഷണവിഭാഗം ഡയറക്ടര്‍ ജെ.പി.ഗുപ്ത അറിയിച്ചു. കനത്തചൂട് മലയോര പ്രദേശങ്ങളായ മസൂറി, അല്‍മോറ, ഷിംല എന്നിവിടങ്ങളിലെ വിനോദ സഞ്ചാരമേഖലയേയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഈ പ്രദേശങ്ങളില്‍ അപൂര്‍വ്വമായി മാത്രം വിറ്റഴിക്കുന്ന ഇലക്ട്രിക് ഫാന്‍, ഫ്രിഡ്ജ് എന്നിവ ഇപ്പോള്‍ കൂടുതലായി വിറ്റഴിയുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.