കോട്ടയം: ധാര്‍മ്മിക മൂല്യങ്ങളോട് കറകളഞ്ഞ പ്രതിബദ്ധത ജീവിതവിജയത്തിന് ആവശ്യമാണെന്ന് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍.കെ. അദ്വാനി. കോട്ടയം പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം രജതജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബത്തിലും സമൂഹത്തിലും വിദ്യാഭ്യാസ രംഗത്തും മൂല്യങ്ങള്‍ നിലനിര്ത്തുന്നവര്ക്കുമാത്രമേ രാജ്യത്തിന് സംഭാവനകള്‍ നല്കാന് കഴിയൂ.
സമൂഹത്തിന്റെ പുരോഗതിക്ക് വിദ്യാഭ്യാസം പ്രധാന പങ്കുവഹിക്കും. മുന്‍കാലങ്ങളെ അപേക്ഷിച്ച് ആണ്കുട്ടികളേക്കാളേറെ പെണ്‍കുട്ടികള്‍ ഇന്ന് സ്കൂളുകളിലെത്തുന്നത് ഏറെ ആഹ്ലാദം പകരുന്ന കാര്യമാണ്. ഭാവിയുടെ വാഗ്ദാനങ്ങളായ പുതുതലമുറയെ വാര്‍ത്തെടുക്കാന്‍ ഭൗതികവും രാഷ്ട്രീയവും ഗാര്‍ഹികവുമായ സ്ഥിരതയും സമാധാനവും ആവശ്യമാണ്.
ലോകരാഷ്ട്രങ്ങളുടെ നേതൃസ്ഥാനത്തേക്ക് ഉയര്‍ന്നുവരുന്ന ഭാരതത്തിന് ധാര്‍മ്മികമൂല്യങ്ങള്‍ സംരക്ഷിക്കുന്ന തലമുറയുടെ പിന്തുണ ആവശ്യമാണ്. ധാര്‍മ്മിക മൂല്യങ്ങളില്‍ അടിയുറച്ച തലമുറയെ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ അരവിന്ദ വിദ്യാമന്ദിരം സ്കൂളിന്റെ പങ്ക് അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ് മുന്അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് ആര്.ഹരി അദ്ധ്യക്ഷത വഹിച്ചു. മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്, വിദ്യാഭാരതി ദക്ഷിണ ക്ഷേത്ര സെക്രട്ടറി എന്‍.സി.ടി. രാജഗോപാല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അരവിന്ദവിദ്യാ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് പ്രൊഫ. സി.എന്‍. പുരുഷോത്തമന് സ്വാഗതവും സ്വാഗതസംഘം അദ്ധ്യക്ഷന്‍ ഡോ. ടി.വി. മുരളീവല്ലഭന്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: