ബാര്‍ കോഴ: മാണി കുടുങ്ങും: കുറ്റപത്രം ഉടന്‍

Monday 25 May 2015 10:56 am IST

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം.മാണി കുടുങ്ങുമെന്ന് ഉറപ്പായി. മാണി കോഴ വാങ്ങിയെന്നു വിജിലന്‍സിന് ബോധ്യപ്പെട്ടു. ഇതോടെ കേസില്‍ കുറ്റപത്രം തയ്യാറാക്കാന്‍ വിജിലന്‍സ് തീരുമാനിച്ചു.ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴിയാണു വിജിലന്‍സ് നിര്‍ണായക തെളിവായി സ്വീകരിച്ചിരിക്കുന്നത്. അമ്പിളിയുടെ നുണപരിശോധന ഫലവും മാണിക്കു തിരിച്ചടിയായി. മാണിക്ക് ഔദ്യോഗിക വസതിയില്‍ വച്ചു ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി പണമടങ്ങിയ പെട്ടി കൈമാറുന്നതു കണ്ടെന്ന് അമ്പിളി മൊഴി നല്‍കിയിരുന്നു. നുണപരിശോധന ഫലത്തിലും അമ്പിളിയുടെ മൊഴി ശരിയാണെന്നാണു ഫോറന്‍സിക് വിഭാഗം നല്കിയിരിക്കുന്ന റിപ്പോര്‍ട്ട്. നുണപരിശോധനാ ഫലം വിജിലന്‍സ് ഇന്നു കോടതിയില്‍ സമര്‍പ്പിക്കും. വീട്ടില്‍ ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ മാണിയുടെ വീട്ടില്‍ എത്തിയെന്ന് മൊഴികളില്‍ പ്രകടമാണെങ്കിലും പണം കൊടുത്തോ എന്ന കാര്യത്തിലായിരുന്നു ഇതുവരെ വിജിലന്‍സിന് സംശയം. എന്നാല്‍, അമ്പിളിയുടെ നുണപരിശോധനയില്‍ വൈരുദ്ധ്യം ഇല്ലാതെ വന്നതോടെ ഈ സംശയം മാറിയിട്ടുണ്ട്. അതേസമയം, കേസില്‍ നുണപരിശോധനയ്ക്ക് തയാറാണോ എന്ന കാര്യത്തില്‍ ബാര്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് രാജ് കുമാര്‍ ഉണ്ണി അടക്കം അഞ്ച് ബാറുടമകള്‍ ഇന്ന് കോടതിയെ നിലപാട് അറിയിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.