നമോ വര്‍ഷം

Tuesday 26 May 2015 4:12 pm IST

സ്വന്തം രാജ്യത്ത് കരുത്തനായ ഒരു ഭരണാധികാരിക്കു മാത്രമേ രാജ്യാന്തരതലത്തില്‍ പ്രഭാവം ചെലുത്താന്‍ കഴിയൂ. പ്രധാനമന്ത്രിയെന്ന നിലയ്ക്ക് തന്റെ ജനതയുടെ സമാനതകളില്ലാത്ത പിന്തുണയാണ് നരേന്ദ്രമോദിക്ക് ലഭിക്കുന്നത്. അവരുമായി കൂടുതല്‍ ഇടപെടണമെന്ന മോഹം സാധിക്കാത്തതാണ് മോദി നേരിടുന്ന ധര്‍മസങ്കടം. അധികാരത്തില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ മോദി അനുകൂലിക്കുന്നവര്‍ക്കും എതിര്‍ക്കുന്നവര്‍ക്കും അത്ഭുതങ്ങളാണ് സമ്മാനിച്ചത്. 'കോണ്‍ഗ്രസ് മുക്തഭാരതം' ലക്ഷ്യംവയ്ക്കുന്ന മോദിയിലെ ജനാധിപത്യവാദി കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളോടും യാതൊരു വിവേചനവും കാണിക്കുന്നില്ല. അങ്ങനെയൊരു പരാതി ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രിക്കുമില്ല. അതേസമയം, കോണ്‍ഗ്രസിതര പ്രതിപക്ഷവുമായി സംവദിക്കുകയും സഹകരിക്കുകയും ചെയ്യുന്നു. ജയലളിത, മമതാ ബാനര്‍ജി, നവീന്‍ പട്‌നായിക്, അഖിലേഷ് യാദവ് എന്നിങ്ങനെയുളള കോണ്‍ഗ്രസിതര മുഖ്യമന്ത്രിമാരുമായി ഇതിനകം തന്നെ ഊഷ്മളമായ ബന്ധം സ്ഥാപിക്കാന്‍ മോദിക്ക് കഴിഞ്ഞിട്ടുണ്ട്. ബിജെപിയിതര കക്ഷികള്‍ നേതൃത്വം നല്‍കുന്ന സംസ്ഥാനസര്‍ക്കാരുകളെ കേന്ദ്രസര്‍ക്കാരുമായി തമ്മിലടിപ്പിക്കുകയെന്ന കോണ്‍ഗ്രസ് തന്ത്രമാണ് ഇവിടെ തകരുന്നത്. ജമ്മുകശ്മീരില്‍ ബിജെപിക്ക് പങ്കാളിത്തമുള്ള ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വരാതിരിക്കാന്‍ കോണ്‍ഗ്രസ് കളിച്ച കളി എത്ര മനോഹരമായാണ് മോദി നിഷ്ഫലമാക്കിയത്. പിഡിപിയുമായി ബിജെപി ഭരണം പങ്കിടുന്നത് കേന്ദ്ര സര്‍ക്കാരിന് ഒരു തലവേദനയായി തുടരുമെങ്കിലും കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന ഒരു സര്‍ക്കാര്‍ വരുന്നതിന്റെ അപകടം ഒഴിവാക്കാന്‍ കഴിഞ്ഞത് ചരിത്രപരമാണ്. ധനകാര്യകമ്മീഷന്‍ നിര്‍ദ്ദേശിച്ച നികുതിയിളവുകളും വന്‍തോതിലുള്ള പദ്ധതിവിഹിതവും സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കാന്‍ മോദിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. 'സബ്കാ സാത്ത് സബ്കാ വികാസ്' എന്ന മോദിയുടെ മുദ്രാവാക്യം സംസ്ഥാനങ്ങളുടെ കാര്യത്തിലും പ്രസക്തമാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനകാര്യത്തില്‍ മുന്‍സര്‍ക്കാരുകള്‍ ദയനീയമായി പരാജയപ്പെട്ടിടത്ത് ഒരൊറ്റവര്‍ഷംകൊണ്ട് 60,000 കോടി രൂപയാണ് മോദി സര്‍ക്കാര്‍ 'സപ്തസഹോദരിമാര്‍'ക്കായി നീക്കിവച്ചത്. 'സീറോലോസ് തിയറി'കള്‍കൊണ്ട് ന്യായീകരിക്കപ്പെട്ട യുപിഎ ഭരണകാലത്തെ ഭയാനകമായ അഴിമതികള്‍ക്ക് അന്ത്യംകുറിക്കാന്‍ കഴിഞ്ഞതിനുനേര്‍ക്ക് അണ്ണാഹസാരെമാര്‍ കണ്ണടയ്ക്കുകയാണെങ്കിലും മോദി സര്‍ക്കാരിന്റെ ചരിത്രപരമായ നേട്ടമാണത്. പ്രതിരോധരംഗം അടക്കിവാണിരുന്ന ആയുധ ഇടപാടുകാരെയും അഴിമതിക്കാരെയും മോദിയുടെ വിശ്വസ്തനായ മന്ത്രി മനോഹര്‍ പരീഖര്‍ മാസങ്ങള്‍ക്കകം അധികാരത്തിന്റെ ഇടനാഴികളില്‍നിന്ന് ആട്ടിപ്പായിച്ചിരിക്കുന്നു. മന്ത്രിമാര്‍ ആരാവണമെന്നും ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റവുമൊക്കെ തീരുമാനിച്ചിരുന്ന കോണ്‍ഗ്രസ് ഭരണത്തിലെ അധികാരദല്ലാളുകള്‍ അമര്‍ഷത്തോടെയാണെങ്കിലും പിന്‍വാങ്ങിയിരിക്കുന്നു. കള്ളപ്പണം വീണ്ടെടുക്കാനുള്ള പ്രത്യേക അന്വേഷണ സമിതിക്ക് രൂപംനല്‍കാനുള്ള തീരുമാനമാണ് അധികാരത്തിലേറിയ മോദി സര്‍ക്കാര്‍ ആദ്യമെടുത്തത്. 7000 കോടിയുടെ കള്ളപ്പണം കണ്ടെത്തി നികുതിചുമത്തി അധികവരുമാനമുണ്ടാക്കാന്‍ കഴിഞ്ഞതും കള്ളപ്പണത്തിനെതിരെ നിയമനിര്‍മാണം നടത്താനായതും പത്ത് വര്‍ഷക്കാലത്തെ കോണ്‍ഗ്രസ് ഭരണത്തില്‍നിന്നുള്ള വിഛേദമാണ്. നിയമത്തിന്റെ വലയില്‍ കുടുങ്ങാതിരിക്കുന്ന വമ്പന്‍സ്രാവുകളെ രക്ഷിക്കാന്‍ കുര്‍ത്തയും പൈജാമയുമിട്ട ചിദംബരജന്മങ്ങള്‍ ഇനിയും ശ്രമിക്കുമെങ്കിലും അന്തിമമായി അവര്‍ക്ക് വിജയിക്കാനാവില്ല. ''കള്ളപ്പണം വീണ്ടെടുക്കുമെന്ന് ഞാന്‍ പറഞ്ഞതില്‍ നിങ്ങള്‍ക്ക് വിശ്വസിക്കാം'' എന്ന മോദിയുടെ വാക്കുകളിലാണ് ജനങ്ങള്‍ക്ക് വിശ്വാസം. വ്യാജ എല്‍പിജി കണക്ഷനുകളും ഇതുവഴിയുള്ള അഴിമതിയും ഇല്ലാതാക്കാന്‍ ലക്ഷ്യമിടുന്ന 'പഹല്‍ യോജന' ലോകത്തില്‍വച്ചുതന്നെ ഏറ്റവും വലിയ ധനകൈമാറ്റ പദ്ധതിയാണ്. ഇതിനകംതന്നെ 'പഹല്‍ യോജന' രജിസ്‌ട്രേഷന്‍ പത്ത് കോടി കടന്നിരിക്കുന്നു. പത്ത് ശതമാനം കല്‍ക്കരിപ്പാടം ലേലംചെയ്തപ്പോള്‍ തന്നെ യുപിഎ ഭരണകാലത്തെ 1,74,000 കോടിയുടെ നഷ്ടമെന്നത് 2,00,000 കോടിയുടെ ലാഭമായി മാറിയിരിക്കുന്നു. ''ഞാന്‍ തിന്നില്ല, മറ്റുള്ളവരെ തീറ്റിക്കുകയുമില്ല'' എന്നതാണ് അഴിമതിയുടെ കാര്യത്തില്‍ മോദിയുടെ സമീപനം. ഇതില്‍ അമര്‍ഷംകൊള്ളുന്ന 'അഭ്യുദയാകാംക്ഷികള്‍'പോലുമുണ്ടെന്നതാണ് വാസ്തവം. മോദിയുടെ വിദേശനയം വ്യക്തമാണ്. ദേശീയതാല്‍പ്പര്യം സംരക്ഷിക്കുകയും സാമ്പത്തികനേട്ടവും കൈവരിക്കുകയുമെന്ന ലക്ഷ്യമാണ് അതിനുള്ളത്. ചൈനയെയും പാക്കിസ്ഥാനെയും പോലുള്ള അയല്‍ക്കാര്‍ ഉണ്ടായിരിക്കുമ്പോള്‍ സാമ്പത്തികബന്ധം കൊണ്ടുമാത്രം സമാധാനവും സുരക്ഷയും ഉറപ്പുവരുത്താനാവില്ല. അതിര്‍ത്തിയുടെ കാര്യത്തില്‍ യാതൊരു ഒത്തുതീര്‍പ്പിനും നില്‍ക്കാതെ നയതന്ത്രതലത്തില്‍ പാക്കിസ്ഥാനെ അവഗണിക്കുകയെന്ന രീതിയാണ് മോദി സര്‍ക്കാര്‍ പിന്തുടരുന്നത്. പാക്കിസ്ഥാനെപ്പോലുള്ള ഒരു 'തെമ്മാടി രാഷ്ട്രത്തെ' കൈകാര്യം ചെയ്യാനുള്ള ശരിയായ രീതിയാണിത്. ഇതില്‍ മോദി സര്‍ക്കാര്‍ വിജയിക്കുമ്പോള്‍ പാക്കിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പടുത്താന്‍ നടപടിയുണ്ടാവുന്നില്ല എന്ന് മുറവിളികൂട്ടുന്നവര്‍ 'കറുത്ത ആടുകള്‍' ആണ്. ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയും അമേരിക്കയെ ഏറ്റവും അടുത്ത പങ്കാളിയാക്കുകയും ചെയ്യുകയെന്ന നയമാണ് മോദി സര്‍ക്കാര്‍ പിന്തുടരുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്ഥാനമുറപ്പിച്ച ചൈന നമ്മുടെ കൊച്ച് അയല്‍ക്കാരെയെല്ലാം വളഞ്ഞുപിടിച്ചിരിക്കെ ഈ രാജ്യങ്ങളുമൊക്കെയായുളള നല്ല ബന്ധം ഭാരതത്തിന് സുപ്രധാനമാണ്. തന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മോദി 'സാര്‍ക്' രാഷ്ട്രത്തലവന്മാരെ ക്ഷണിച്ചതും ഭൂട്ടാന്‍, നേപ്പാള്‍, ജപ്പാന്‍, മൗറീഷ്യസ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനം വിജയകരമാക്കിയതും ചൈനയെ കുറച്ചൊന്നുമല്ല അസ്വസ്ഥരാക്കിയിട്ടുള്ളത്. മോദിയോട് കാണിക്കുന്ന സ്‌നേഹത്തിനുപിന്നില്‍ ആ രാജ്യത്തിന്റെ ആശങ്കയുണ്ട്. മോദിയുടെ വിദേശസന്ദര്‍ശനങ്ങള്‍ അപൂര്‍വമായ വിജയഗാഥകള്‍ രചിക്കുമ്പോഴും ചില കോണുകളില്‍നിന്ന് വിമര്‍ശിക്കപ്പെടുകയാണ്. പത്ത് വര്‍ഷക്കാലത്തെ യുപിഎ ഭരണം ഭാരതത്തെ ലോകരാജ്യങ്ങള്‍ക്കിടയില്‍ എടുക്കാച്ചരക്കാക്കി മാറ്റിയിരുന്നു. മോദി ഭാരതത്തിനുമേലുള്ള ലോകത്തിന്റെ താല്‍പ്പര്യം പുനഃസ്ഥാപിച്ചിരിക്കുന്നു. പുത്തന്‍ ലോകക്രമത്തില്‍ അര്‍ഹമായ ഇടം സ്ഥാപിച്ചെടുക്കുന്ന ഒരു ഭാരതത്തെയാണ് ഇന്ന് വന്‍ശക്തികള്‍ കാണുന്നത്. വന്‍ശക്തികളോട് കിടപിടിക്കുന്ന ഒരു നേതൃത്വം കാഴ്ചവയ്ക്കുന്ന മോദിയുടെ വിദേശസന്ദര്‍ശനങ്ങളെ കോണ്‍ഗ്രസ് വിമര്‍ശിക്കുന്നത് അസൂയകൊണ്ട് മാത്രമാണ്. പത്ത് വര്‍ഷക്കാലം 'ചലിക്കുന്ന ഫോസില്‍' ആയി വിദേശരാജ്യങ്ങളില്‍ വെറുതെ കറങ്ങിനടന്ന ഡോ.മന്‍മോഹന്‍സിംഗിന്റെ സ്ഥാനത്ത് ഇന്നുള്ളത് സ്വീകരിക്കാനും ആദരിക്കാനും മറ്റ് രാഷ്ട്രത്തലവന്മാര്‍ തിക്കിത്തിരക്കുന്ന മോദി എന്ന ഭരണാധികാരിയാണ്. വലുതും ചെറുതുമായ ലോകരാജ്യങ്ങള്‍ അഭിനന്ദനങ്ങള്‍കൊണ്ട് മൂടുന്ന ഒരു ഭാരതപ്രധാനമന്ത്രി കോണ്‍ഗ്രസിന്റെയും ചില മാധ്യമങ്ങളുടെയും സ്വപ്‌നത്തില്‍പ്പോലും ഉണ്ടായിരുന്നില്ലല്ലോ. നരേന്ദ്രമോദി ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രചാരണ സമിതി അധ്യക്ഷനായും പിന്നീട് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായും തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ 'നമോയുഗം' പിറന്നിരിക്കുന്നു എന്ന് പലരും പ്രവചിക്കുകയുണ്ടായി. ഭാരതത്തിന്റെ പ്രധാനമന്ത്രിയായി മോദി അധികാരമേറ്റതോടെ ഈ പ്രവചനം ആവര്‍ത്തിക്കപ്പെട്ടു. ഈ യുഗപ്പിറവി സാര്‍ത്ഥകമാകാന്‍ കാലം കാത്തുനില്‍ക്കുകയാണെങ്കിലും നരേന്ദ്രമോദി അധികാരത്തിലിരുന്ന 365 നല്ലനാളുകളെ 'നമോ വര്‍ഷം' എന്ന് ഒരു മടിയുംകൂടാതെ വിശേഷിപ്പിക്കാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.