കൃഷി ടിവി ചാനല്‍ ഇന്നു മുതല്‍; സര്‍ക്കാര്‍ നേട്ടങ്ങള്‍ വിവരിക്കുന്ന പ്രദര്‍ശനം ആരംഭിച്ചു

Monday 25 May 2015 11:09 pm IST

ന്യൂദല്‍ഹി: വര്‍ഷം ഒന്ന് തുടക്കങ്ങള്‍ നിരവധി (സാല്‍ ഏക് ശുരുവാത് അനേക്) എന്ന പേരില്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള ദൃശ്യ ശ്രാവ്യ പ്രചാരണ വിഭാഗം സംഘടിപ്പിച്ച മള്‍ട്ടി മീഡിയ പ്രദര്‍ശനം കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിവിധ മേഖലകളില്‍ സര്‍ക്കാര്‍ നടപ്പാക്കിയ നയപരിപാടികളെയും കൈവരിച്ച നേട്ടങ്ങളെയും കുറിച്ച് വിവരിക്കുന്നതാണ് പ്രദര്‍ശനം. എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ഗ്രാമപ്രദേശങ്ങളിലും പ്രദര്‍ശനം സംഘടിപ്പിക്കും. കര്‍ഷകര്‍ക്കായി ആവിഷ്‌കരിച്ച പുതിയ കിസാന്‍ ചാനല്‍ പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു. കാര്‍ഷിക രംഗത്ത് അവലംബിക്കേണ്ട നൂതന സാങ്കേതിക വിദ്യകള്‍, കാലാവസ്ഥയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് കര്‍ഷകര്‍ക്ക് അറിവ് പകരുന്നതിന് ഉദ്ദേശിച്ചുള്ളതാണ് പ്രത്യേക ചാനല്‍. സംസ്ഥാന തലസ്ഥാനങ്ങളില്‍ ഇന്ന് ആരംഭിക്കുന്ന പ്രദര്‍ശനങ്ങള്‍ ജൂണ്‍ ഒന്ന് വരെ തുടരും. രാജ്യത്തെ 643 ജില്ലകളില്‍ ഒരുമാസക്കാലം പര്യടനം നടത്തുന്ന ഡി.എ.വി.പിയുടെ 345 സഞ്ചരിക്കുന്ന പ്രദര്‍ശനങ്ങളും ഉണ്ടായിരിക്കും. കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇതിന്റെ ഉദ്ഘാടനവും നിര്‍വ്വഹിച്ചു. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് സഹമന്ത്രി കേണല്‍ രാജ്യവര്‍ദ്ധന്‍ സിംഗ് റാഥോഡ്, വകുപ്പ് സെക്രട്ടറി ബിമല്‍ ജുല്‍ക തുടങ്ങിയവരും സന്നിഹിതരായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.