രാമായണം പ്രാദേശിക ഭാഷകളില്‍

Tuesday 26 May 2015 8:26 pm IST

പ്രാദേശിക ഭാഷകളിലെല്ലാം രാമായണ പരിഭാഷകളുണ്ടായിട്ടുണ്ട്. അവയൊക്കെ ഏതാണ്ട് സ്വതന്ത്ര പരിഭാഷകളോ രചനകളോ ആണുതാനും രാമചരിതമാനസ്: ഹിന്ദിഭാഷയില്‍ ഗോസ്വാമി തുളസീദാസ് രചിച്ചതാണ് തുളസീരാമായണമെന്നു പ്രസിദ്ധമായ രാമചരിതമാനസ്. ഭാരതത്തില്‍ ഏറ്റവുമധികംപ്രചാരമുള്ള രാമായണവും ഇതുതന്നെ. കഥാതന്തുവില്‍ സ്വതന്ത്രമായ ചില മാറ്റങ്ങള്‍ ഇതില്‍ കാണാം. അദ്ധ്യാത്മ രാമായണത്തിലെ ആദ്ധ്യാത്മികതത്ത്വങ്ങളും ഹനുമാന്‍ ചാലീസ്‌പോലെ നിരവധി സ്തുതികളും ഇതിലുള്‍പ്പെടുത്തിയിട്ടുണ്ട്. രചന: 16-ാം നൂറ്റാണ്ട്. കമ്പരാമായണം: തമിഴ്ഭാഷയില്‍ കമ്പര്‍ രചിച്ചതാണ് കമ്പരാമായണം. ദ്രാവിഡഭാഷകളില്‍ ഏറ്റവും പഴക്കമുള്ള കൃതിയും ഇതുതന്നെ. ഇതില്‍ വാല്മീകി രാമായണത്തിലെ 6 കാണ്ഡങ്ങള്‍ സ്വതന്ത്രരൂപത്തില്‍ ചേര്‍ത്തിരിക്കുന്നു. പല കഥകള്‍ക്കും വ്യത്യാസവും വരുത്തിയിട്ടുണ്ട്. കഥയുടെ തുടക്കത്തില്‍ ഉത്തരരാമായണത്തിലെ രാക്ഷസോല്‍പത്തിമുതലാണു പറയുന്നത്.  രചന: 12-ാം നൂറ്റാണ്ട്. വിപദരാമായണം: തെലുങ്കുഭാഷയില്‍ രംഗനാഥനാണ് വിപദരാമായണം നിര്‍മ്മിച്ചത്. അതിനാല്‍ രംഗനാഥ രാമായണം എന്നും അറിയപ്പെടുന്നു. വാല്മീകിരാമായണമാണ് രചനയ്ക്കടിസ്ഥാനമെങ്കിലും മറ്റുചില കഥകളും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. തെലുങ്കുഭാഷയില്‍ വേറെയും ചില രാമായണങ്ങളുണ്ട്. അതില്‍ മുഖ്യം മൊല്ല എന്ന കുറവസ്ത്രീ രചിച്ച മൊല്ലരാമായണമാണ്. തൊരവെരാമായണം: കന്നട ഭാഷയില്‍ തൊരവെ സ്വദേശിയായ നരഹരിയാണ് തൊരവെ രാമായണകര്‍ത്താവ്. ഇതില്‍ ബാലകാണ്ഡം മുതല്‍ യുദ്ധകാണ്ഡംവരെ വാല്മീകിരാമായണത്തിലെ രാമകഥയാണ് അവലംബം. ആനന്ദരാമായണത്തിലെ ചില കഥകള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. മറ്റൊന്ന് രാമായണത്തിന്റെ ജൈന പരിവര്‍ത്തനമായ കുമുദേന്ദു രാമായണം. കാലം പതിമൂന്നാം നൂറ്റാണ്ട്. ഇതേ കാലത്ത് നാഗചന്ദ രചിച്ച രാമചരിതപുരാണവും പ്രസിദ്ധമാണ്. കൃത്തിവാസസരാമായണം: ബംഗാളി ഭാഷയില്‍ പല രാമകഥകളും പ്രചാരത്തിലുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് കൃത്തിവാസന്‍ രചിച്ച കൃത്തിവാസസ രാമായണമാണ്. മുഖ്യ അവലംബം വാല്മീകിരാമായണം തന്നെ. എന്നാല്‍ അത്ഭുതരാമായണത്തിലെ പല കഥകളും ഇതില്‍കാണാം. ബംഗാളികളുടെ ഇഷ്ടദേവത ദുര്‍ഗ്ഗയായതിനാല്‍ ഇതില്‍ പല സ്ഥലത്തും രാമവിജയത്തിനു സഹായിച്ചത് ദുര്‍ഗ്ഗാദേവിയാണെന്നു സൂചിപ്പിക്കുന്നു. പതിനഞ്ചാം നൂറ്റാണ്ടില്‍ രചിച്ചുവെന്നു വിശ്വാസം. മാധവകന്ദളിരാമായണം: ആസ്സാമില്‍ പല രാമായണങ്ങളും പ്രചാരത്തിലുണ്ടെങ്കിലും ഏറ്റവും പ്രചാരമുള്ളത് അസമിയാ ഭാഷയില്‍ 15-ാം നൂറ്റാണ്ടില്‍ മാധവകന്ദളി രചിച്ച രാമായണമാണ്. ഇതിന്റെയും മുഖ്യ അവലംബം വാല്മീകീരാമായണം തന്നെ. മറ്റു ചില രാമായണങ്ങളില്‍ നിന്നുള്ള കഥകളും ഇതില്‍കാണാം. സരളാദാസ രാമായണവും ബാലരാമദാസ രാമായണവും: ഒറിയഭാഷയില്‍ രണ്ടു രാമായണങ്ങള്‍ പ്രാമുഖ്യം നേടിയിട്ടുണ്ട്. അതില്‍ ആദ്യമുണ്ടായത് സരളാദാസന്‍ നിര്‍മ്മിച്ച രാമായണമാണ്. വാല്മീകിരാമായണത്തെ മുഖ്യ അവലംബമാക്കിയെങ്കിലും ചില വ്യതിയാനങ്ങളും കാണാം. ബാലരാമദാസന്റെ രാമായണം ഒരുനൂറ്റാണ്ടുകൂടി കഴിഞ്ഞാണു രചിക്കപ്പെട്ടത്. ഇതിലും വാല്മീകി തന്നെ മാതൃക. തന്റേതായ ചില മാറ്റങ്ങള്‍ ബാലരാമദാസനും വരുത്തിയിട്ടുണ്ട്.. കഥാരാമായണം അഥവാ കോതരാമായണം എന്നും ഈ കൃതി അറിയപ്പെടുന്നു. ഭാവാര്‍ത്ഥ രാമായണം: മറാത്തിഭാഷയില്‍ ഏകനാഥന്‍ രചിച്ചതാണ് ഭാവാര്‍ത്ഥരാമായണം വാല്മീകിരാമായണം. അദ്ധ്യാത്മരാമായണം, ആനന്ദരാമായണം ഇവ മൂന്നും അവലംബമാക്കിയതായി കാണാം. കാശ്മീരി രാമായണം: കാശ്മീരിഭാഷയില്‍ ദിവാകരപ്രകാശഭട്ടന്‍ രചിച്ച രാമാവതാര ചരിതം വാല്മീകിയെ അവലംബിച്ചു രചിച്ചതാണെങ്കിലും തന്റേതായ ചില വ്യതിയാനങ്ങള്‍ കവി വരുത്തിയിട്ടുണ്ട്. കാലം- പത്തൊന്‍പതാം ശതകം. ഉറുദു രാമായണം: ഉറുദു ഭാഷയില്‍ പതിനേഴാം ശതകത്തില്‍ രാമായണമുണ്ടായി. പേര് പോതിരാമായണം. പഞ്ചാബി രാമായണം: പതിനേഴാം ശതകത്തില്‍ ഗുരുഗോവിന്ദ് സിംഗ് രചിച്ച രാമാവതാരയാണ് പഞ്ചാബി രാമായണം. ഗുജറാത്തി രാമായണം: തുളസീദാസ രാമായണത്തിന്റെ ഗുജറാത്തി പരിഭാഷയാണ് തുളസീകൃതരാമായണം. പതിനേഴാം ശതകത്തില്‍ പ്രേമാനന്ദ് എന്ന കവിയാണ് ഇതു നിര്‍മ്മിച്ചത്. ഭാവാര്‍ത്ഥ രാമായണം: മഹാരാഷ്ട്രയില്‍ മറാത്തിയിലുണ്ടായ ഭാവാര്‍ത്ഥരാമായണം പതിനാറാം ശതകത്തില്‍ ഏകനാഥ് രചിച്ചു. പന്ത്രണ്ടാം നൂറ്റാണ്ടില്‍തന്നെ മറാത്തിയില്‍ രാമായണമുണ്ടായതായി സൂചനയുണ്ട്. ... തുടരും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.