മോഷണം തുടര്‍ക്കഥയാവുന്നു; വെട്ടിക്കവലയില്‍ രണ്ടര പവന്‍ കവര്‍ന്നു

Tuesday 26 May 2015 9:51 pm IST

കൊട്ടാരക്കര: വെട്ടിക്കവലയില്‍  മോഷണവും  മോഷണശ്രമവും.  വെട്ടിക്കവല ഉളിയനാട് ചെറുവള്ളികിഴക്കതില്‍ വീട്ടില്‍ എം. ജോണിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇവിടെ നിന്നും രണ്ടരപ്പവന്‍ സ്വര്‍ണ്ണം അപഹരിച്ചു. ചൊവ്വാഴ്ച രാവിലെ  മൂന്ന് മണിയോടെയായിരുന്നു മോഷണം. ജനല്‍കതകിന്റെ കൊളുത്തെടുത്ത ശേഷം മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന ആഭരണപ്പെട്ടിയില്‍ നിന്നും കമ്മലും മോതിരവുമാണ് മോഷ്ടിച്ചത്. അകത്തു കയറാതെ ജനല്‍പാളികളിലൂടെയായിരുന്നു മോഷണം നടത്തിയത്.  തുടര്‍ന്ന് വാതില്‍ കുത്തിത്തുറക്കുവാന്‍ ശ്രമം നടത്തിയെങ്കിലും ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും മോഷ്ടാക്കള്‍ രക്ഷപ്പെട്ടു. തൊട്ടടുത്ത് തന്നെയുള്ള ദില്‍കുഷില്‍ ബിനോയിയുടെ വീട്ടിലും മൊട്ടവിള പുത്തന്‍വീട്ടില്‍ ജോര്‍ജ്ജുകുട്ടിയുടെ വീട്ടിലുമാണ് മോഷണശ്രമം നടന്നത്. ബിനോയിയുടെ വീടിന്റെ അടുക്കളയുടെ ഗ്രില്ല് പൊളിക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ജോര്‍ജ്ജുകുട്ടിയുടെ വീട്ടിന്റെ അടുക്കളവാതില്‍ തകര്‍ക്കാനുള്ള ശ്രമവും വീട്ടുകാര്‍ ഉണര്‍ന്നതിനാല്‍ പരാജയപെട്ടു.അരകിലോമീറ്റര്‍ ചുറ്റളവിലാണ് ഈ വീടുകളെല്ലാം സ്ഥിതിചെയ്യുന്നത്. കൊട്ടാരക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പത്ത് ദിവസം മുന്‍പും പുലമണ്‍ ഗോവിന്ദമംഗലം പാറക്കടവില്‍ സുനില്‍ ഭവനില്‍ ഡേവിഡ് സാമുവലിന്റെ വീട്ടില്‍ നിന്നും പതിനെട്ട് പവനും മുപ്പത്തെണ്ണായിരം രൂപയും മോഷണം പോയിരുന്നു. നായ്ക്കളെ നിശബ്ദരാക്കിയ ശേഷമായിരുന്നു അന്ന് മോഷണം നടന്നത്. ചെങ്ങമനാട്ടുള്ള ഡോക്ടര്‍ വാഷ് സോപ്പ് കമ്പനിയുടെ ഔട്ട്‌ലെറ്റിലും അന്നേ ദിവസം മോഷണം നടന്നിരുന്നു. ഇവിടെ നിന്നും അയ്യായിരം രൂപയിലധികം വിലവരുന്ന സോപ്പുകള്‍ മോഷണം പോയി. ഇതിന്റെ അന്വേഷണം നടന്നുവരവെയാണ് വെട്ടിക്കവലയിലെ മോഷണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.