മാഡ്രിഡ്/ലണ്ടന്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രണയത്തിന് ഫൈനല്‍ വിസില്‍ ഇല്ല; ലൂയീസ് ഹാമില്‍ട്ടന്റെ അനുരാഗത്തിന് ചെക്കേഡ് ഫഌഗും. പോര്‍ച്ചുഗീസ് ഫുട്ബോള്‍ സ്റ്റാറിന്റെയും ഫോര്‍മുലാവണ്‍ ചാമ്പ്യന്റെയും പ്രേമകഥകള്‍ക്ക് പിന്നാലെയാണ് പപ്പരാസികള്‍. പഴയ കാമുകിമാരെ ഉപേക്ഷിച്ച് അധികം വൈകും മുന്‍പ് ഇരുവരും പുതിയ ഇണക്കുരുവികളെ കണ്ടെത്തിയിരിക്കുന്നു.
ഇറ്റാലിയന്‍ മോഡലും നടിയുമായ അലീസിയ ടെഡെഷാണ് ക്രിസ്റ്റ്യാനോയുടെ കഥാനായിക. ഇറീന ഷെയ്ക്കുമായുള്ള ബന്ധം പിരിഞ്ഞ സിആര്‍7 ഇപ്പോള്‍ അലീസിയയുടെ തണല്‍ തേടുന്നതായി പലരും അടക്കം പറയുന്നു. ക്രിസ്റ്റ്യാനോയ്ക്കൊപ്പം ഒരു രാത്രി ചെലവിടാനും അലീസിയ സമയം കണ്ടെത്തിയത്രെ. യുവന്റസ്-റയല്‍ ചാമ്പ്യന്‍സ് ലീഗ് സെമി കാണാന്‍ അലീസിയ സ്പെയിനില്‍ പറന്നിറങ്ങിയിരുന്നു. കാമുകന്റെ ക്ഷണപ്രകാരമായിരുന്നു ആ വരവെന്ന് പറയുന്നു.
അമേരിക്കന്‍ ഗായിക നിക്കോളെ ഷെര്സിങ്ങറെ കൈവിട്ട ഹാമില്ട്ടണ് ഇപ്പോള്‍ ആ നാട്ടുകാരി തന്നെയായ മോഡല്‍ കെന്‍ഡല്‍ ജെന്നറിനു പിന്നാലെ പോയി. മൊണാക്കോ ഗ്രാന്റ്പ്രീക്കുശേഷം രണ്ടുപേരും ചേര്‍ന്നെടുത്ത ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയുണ്ടായി. പ്രണയം തുളുമ്പുന്ന ട്വീറ്റുകളും താരങ്ങള്‍ പങ്കിടുന്നു. അച്ചടക്കമില്ലാത്ത ജീവിതത്തിന് പേരുകേട്ട പോപ്പ് സ്റ്റാര്‍ ജസ്റ്റിന് ബീബറിന്റെ പ്രണയിനിയായിരുന്ന ഈ പത്തൊമ്പതുകാരി നല്ല ശീലങ്ങള്‍ പഠിക്കാനാണ് ഹാമില്‍ട്ടനെ വലവീശിപ്പിടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: