ഇരുപത്തിമൂന്നുകാരനായ യദുവീര്‍ കൃഷ്ണദത്ത മൈസൂരു രാജാവ്

Thursday 28 May 2015 5:04 pm IST

മൈസുരു: രാജകുടുംബാംഗമായ ഇരുപത്തിമൂന്നുകാരന്‍ യദുവീര്‍ കൃഷ്ണദത്ത  ചാമരാജ വാഡിയാര്‍ ഇനി മൈസൂര്‍ രാജാവ്. ഇന്ന് നടന്ന പട്ടാഭിഷേക ചടങ്ങുകളോടെ യദൂവീര്‍ മൈസൂര്‍ രാജാവായി അഭിഷിക്തനാക്കുകയായിരുന്നു. ഇന്ത്യയില്‍ രാജഭരണം നിലനിന്നിരുന്നുവെങ്കില്‍ ഇനി മുതല്‍ മൈസുരുവിന്റെ ഭരണവും ഈ ഇരുപത്തിമൂന്നുകാരന്റെ ചുമതലകളില്‍ ഉള്‍പ്പെടുമായിരുന്നു. രത്‌നകിരീടത്തോടൊപ്പം യദുവീറിന് പദവിയും കൈമാറുന്ന സ്വകാര്യചടങ്ങുകള്‍ രാവിലെ അവസാനിച്ചു. ആഭ്യന്തരമന്ത്രി കെ.ജെ. ജോര്‍ജ് അടങ്ങുന്ന മന്ത്രിമാര്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു.  കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. ഇതിന് മുമ്പ് ഇത്തരത്തിലൊരു ചടങ്ങ് നടന്നത് യദൂവീറിന്റെ അമ്മാവന്‍ ശ്രീകണ്ഠദത്ത നരസിംഹരാജ വാഡിയാര്‍ അഭിഷിക്തനായപ്പോഴായിരുന്നു. അതാകട്ടെ 1974ലായിരുന്നു. അന്ന് ശ്രീകണ്ഠദത്തയ്ക്ക് വെറും 21 വയസ്സ് മാത്രമായിരുന്നു പ്രായം. 2013ല്‍ അനന്തരാവകാശികളില്ലാതെ ശ്രീകണ്ഠദത്ത മരണമടഞ്ഞതോടെയാണ് അദ്ദേഹത്തിന്റെ ഭാര്യ മഹാറാണി പ്രമോദാദേവി യദുവീറിനെ പുതിയ മഹാരാജാവായി തിരഞ്ഞെടുക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഈ കാര്യം അവര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. യു.എസിലെ മസാച്യുസെറ്റ്‌സ് യൂണിവേഴ്‌സിറ്റിയില്‍ ബിരുദവിദ്യാര്‍ത്ഥിയാണ് യദുവീര്‍. മൈസുരുവില്‍ വളര്‍ന്നതിനാല്‍ തന്നെ രാജകൊട്ടാരത്തിലെ ആചാരങ്ങളുമായും പദവിയുമായും പൊരുത്തപ്പെടാന്‍ യദുവീറിന് പ്രയാസമുണ്ടാവില്ലെന്നാണ് രാജകുടുംബത്തിന്റെ അഭിപ്രായം. 1399ലാണ് മൈസുരുവിലെ വാഡിയാര്‍ രാജവംശഭരണം ആരംഭിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.