വധശിക്ഷ തിടുക്കത്തില്‍ രഹസ്യമായി നടപ്പാക്കരുത്: സുപ്രീം കോടതി

Thursday 28 May 2015 6:52 pm IST

ന്യൂദല്‍ഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളികള്‍ക്കും അന്തസിന് അവകാശമുണ്ടെന്നും വധശിക്ഷ തിടുക്കത്തില്‍, രഹസ്യമായി നടപ്പാക്കരുതെന്നും സുപ്രീം കോടതി. എല്ലാ നിയമവഴികളും അടയാതെയും അവരെ കുടുംബാംഗങ്ങളെ കാണാന്‍ പോലും അനുവദിക്കാതെയും വധശിക്ഷ നടപ്പാക്കരുത്. ജസ്റ്റീസ് എകെ സിക്രി, യുയു ലളിത് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. വധശിക്ഷ ശരിവെച്ചുവെന്ന് കരുതി ഭരണഘടനയുടെ ഇരുപത്തിയൊന്നാമത് വകുപ്പ് നല്‍കുന്ന അന്തസോടെ ജീവിക്കാനുള്ള അവകാശം ഇല്ലാതാകുന്നില്ല. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ക്കും അന്തസോടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടണം. 2008ല്‍ പത്തു മാസം മാത്രം പ്രായമുള്ള കുഞ്ഞടക്കം ഒരു കുടുംബത്തിലെ ഏഴ് അംഗങ്ങളെ കൊന്നതിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യുവതിയുടേയും കാമുകന്റെയും വധശിക്ഷാ വാറന്റ് റദ്ദാക്കിക്കൊണ്ട് കോടതി പറഞ്ഞു. ഷബ്‌നം, സലീം എന്നിവരുടെ വധശിക്ഷാ വാറന്റില്‍ സെഷന്‍സ് ജഡ്ജി ഒപ്പുവച്ചിരിക്കുന്നത് തിടുക്കത്തിലാണ്, നിയമപരമായ സകല വഴികളും പ്രതികള്‍ക്കു മുന്‍പില്‍ അടയും മുന്‍പാണ്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ക്ക് സുപ്രീം കോടതിയില്‍ പുനപ്പരിശോധനാ ഹര്‍ജി നല്‍കാം, രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കാം, ശിക്ഷ കുറയ്ക്കാന്‍ അഭ്യര്‍ഥിച്ച് രാഷ്ട്രപതിക്കോ ഗവര്‍ണ്ണര്‍ക്കോ അപേക്ഷ നല്‍കാം. സുപ്രീം കോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. സ്വാഭാവിക നീതി നിഷേധിക്കരുത്, മരണവാറന്റ് നടപ്പാക്കും മുന്‍പ് പ്രതികള്‍ക്ക് നിയമത്തിന്റെ വഴികളെല്ലാം തേടാന്‍ അവസരം നല്‍കണം, കുടുംബാംഗങ്ങളെ കാണാന്‍ അവസരം നല്‍കണം. നിയമസഹായം തേടാന്‍ പ്രതിക്ക് സാധിക്കില്ലെങ്കില്‍ നിയമസഹായം നല്‍കണം. അലഹബാദ് ഹൈക്കോടതി വിധി പരാമര്‍ശിച്ച് സുപ്രീം കോടതി പറഞ്ഞു. മെയ് പതിനഞ്ചിന് ഇവര്‍ക്ക് വധശിക്ഷ നല്‍കി ആറു ദിവസത്തിനകം വധശിക്ഷാ വാറന്റ് പുറപ്പെടുവിച്ച ആരോഹ കോടതി നടപടിയില്‍ സുപ്രീം കോടതി അമ്പരപ്പ് പ്രകടിപ്പിച്ചു. സുപ്രീം കോടതിയും അലഹബാദ് ഹൈക്കോടതിയും നല്‍കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എല്ലാം ലംഘിച്ചാണ് മരണവാറന്റ് പുറപ്പെടുവിച്ചതെന്ന് പ്രതികള്‍ക്കു വേണ്ടി ഹാജരായ ആനന്ദ് ഗ്രോവറും രാജു രാമചന്ദ്രനും കോടതിയില്‍ പറഞ്ഞു. റിവ്യൂ ഹര്‍ജി അടക്കമുള്ള നിയമത്തിന്റെ വഴികള്‍ തേടാന്‍ 30 ദിവസം നല്‍കണമെന്ന് വ്യവസ്ഥയുണ്ട്. ഇതിനു പോലും അവസരം നല്‍കിയില്ല. അതിനാല്‍ വാറന്റ് റദ്ദാക്കണം. അവര്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.