മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ നല്‍കാതെ രോഗിയെ തിരിച്ചയച്ചു

Thursday 28 May 2015 10:04 pm IST

മുളംകുന്നത്തുകാവ്: ഗുരുതരാവസ്ഥയില്‍ ചികിത്സ തേടിയെത്തിയ രോഗിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും മടക്കി അയച്ചു. ചികിത്സ നിഷേധിക്കപ്പെട്ട രോഗി നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ അത്യാസന്നനിലയില്‍ ചികിത്സയിലാണ്. പുല്ലഴി ലക്ഷ്മി മില്ലിന് സമീപം താമസിക്കുന്ന വേണു (52) ആണ് ചികിത്സയില്‍ ഉള്ളത്. ഹൃദയസംബന്ധമായ അസുഖം മൂലം ചികിത്സയില്‍ കഴിയുന്ന ഇയാള്‍ ഇന്നലെ രാവിലെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ഒളരി മദര്‍ ആശുപത്രിയില്‍ എത്തിച്ച ഇയാളുടെ നില അതീവ ഗുരുതരമാണെന്നും വിദഗ്ദ്ധ ചികിത്സക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പറഞ്ഞുവിടുകയായിരുന്നു. ഐസിയു സംവിധാനമുള്ള ആംബുലന്‍സില്‍ ഓക്‌സിജന്‍ കൊടുത്താണ് ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ഇയാളെ പരിശോധിക്കുവാന്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മുതിര്‍ന്ന ലേഡിഡോക്ടര്‍ തയ്യാറായില്ല. രോഗിക്ക് ശ്വാസതടസ്സം അനുഭവപ്പെടുന്നുണ്ടെന്നും എന്തെങ്കിലും പ്രാഥമിക ചികിത്സ ഉടന്‍ നല്‍കണമെന്നും ആംബുലന്‍സില്‍ രോഗിയുടെ ഒപ്പമുണ്ടായിരുന്ന നേഴ്‌സുമാര്‍ പറഞ്ഞുവെങ്കിലും ഡോക്ടര്‍ ഇരിക്കുന്ന കസേരിയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ പോലും തയ്യാറാവാതെ മറ്റുള്ളവരുമായി സംസാരിച്ചിരിക്കുകയാണ് ചെയ്തത്. ആംബുലന്‍സില്‍ നിന്നും ഒരുവിധത്തില്‍ താഴെയിറക്കി അത്യാഹിത വിഭാഗത്തില്‍ കിടത്തിയതിനുശേഷം ആംബുലന്‍സില്‍ കൊണ്ടുവന്ന ഓക്‌സിജന്‍ സിലിണ്ടര്‍ നീക്കം ചെയ്തപ്പോള്‍ രോഗിയുടെ നില കൂടുതല്‍ വഷളായി. ഇക്കാര്യം ഡോക്ടറെ അറിയിച്ചപ്പോള്‍ രണ്ട് എംബിബിഎസ് വിദ്യാര്‍ത്ഥികളെ പരിശോധനക്കായി പറഞ്ഞുവിടുകയായിരുന്നു. പറഞ്ഞുവിട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഓക്‌സിജന്‍ സിലിണ്ടര്‍ എങ്ങനെ പ്രവര്‍ത്തിപ്പിക്കണമെന്നുപോലും അറിയില്ലായിരുന്നു. രോഗിയുടെ പള്‍സ്‌പോലും പരിശോധിക്കാതെ അന്തംവിട്ട് നില്‍ക്കുന്ന എംബിബിഎസ് വിദ്യാര്‍ത്ഥികളോട് രോഗിയുടെ കൂടെവന്ന ബന്ധുക്കളും മറ്റുള്ളവരും ക്ഷുഭിതരായി. രോഗിയുടെ നില വഷളായിട്ടും മുതിര്‍ന്ന ഡോക്ടര്‍ തിരിഞ്ഞുനോക്കുകയോ പ്രാഥമിക ചികിത്സപോലും നല്‍കാത്തതില്‍ പ്രതിഷേധിച്ച ബന്ധുക്കള്‍ ബഹളം വെക്കുകയും രോഗിയെ തിരികെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മെഡിസിന്‍ വിഭാഗത്തില്‍ ആറ് വെന്റിലേറ്ററുകളാണ് ഉള്ളത് ഇവയില്‍ ഒഴിവ് ഇല്ലാത്തത്‌കൊണ്ടാണ് രോഗിയെ സ്വീകരിക്കുവാന്‍ തടസ്സമായതെന്നും പറയുന്നു. വെന്റിലേറ്റര്‍ സൗകര്യം ഇല്ലെങ്കില്‍ രോഗിയെ തീവ്രപരിചരണ വിഭാഗത്തിലേക്കെങ്കിലും മാറ്റാമായിരുന്നുവെന്നാണ് നാട്ടുകാര്‍ രോഗിയുടെ അവസ്ഥകണ്ട് പറഞ്ഞത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച രോഗിയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്ന രോഗികളോട് കാട്ടുന്ന ഇത്തരം ക്രൂരതകള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.