നദാല്‍, ദ്യോകോ, സെറീന മുന്നോട്ട്

Thursday 28 May 2015 10:10 pm IST

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ മുന്‍നിര താരങ്ങള്‍ മുന്നോട്ട്. പുരുഷ വിഭാഗത്തില്‍ നിലവിലെ ജേതാവ് റാഫേല്‍ നദാല്‍, ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോകോവിച്ച്, വനിതകളില്‍ ലോക ഒന്നാം നമ്പര്‍ സെറീന വില്യംസ് എന്നിവര്‍ മൂന്നാം റൗണ്ടിലെത്തി. അതേസമയം, വനിതകളിലെ മുന്‍ ഒന്നാം നമ്പര്‍ കരോളിന്‍ വൊസ്‌നിയാക്കിക്ക് അടിതെറ്റി. റോളന്റ് ഗാരോസില്‍ കപ്പ് നിലനിര്‍ത്താനൊരുങ്ങുന്ന നദാല്‍, നിക്കോളസ് അല്‍മാഗ്രൊയെ തുടര്‍ച്ചയായ സെറ്റില്‍ മറികടന്നു, സ്‌കോര്‍: 6-4, 6-3, 6-1. ദ്യോകോവിച്ച് ലക്‌സംബര്‍ഗിന്റെ സ്വീഡില്ലാ താരം ഗില്‍ മുള്ളറെ തകര്‍ത്തു, സ്‌കോര്‍: 6-1, 6-4, 6-4. പുരുഷന്മാരിലെ ഒമ്പതാം സീഡ് മരിയന്‍ സിലിച്ചിനും ജയം. ഇറ്റലിയുടെ ആന്ദ്രിയ അര്‍നബോള്‍ദിയെ നേരിട്ടുള്ള സെറ്റില്‍ തകര്‍ത്തു സിലിച്ച്, സ്‌കോര്‍: 7-6, 6-1, 6-1. പതിനേഴാം സീഡ് ഡീഗോ ഗോഫിനും മുന്നേറിയപ്പോള്‍, 22ാം സീഡ് ഫിലിപ്പ് കോള്‍സ്‌ക്രൈബര്‍ക്ക് തോല്‍വി. പോള്‍ ആന്‍ജുര്‍ അഞ്ചു സെറ്റ് നീണ്ട പോരില്‍ കോള്‍സ്‌ക്രൈബറെ മറികടന്നു, സ്‌കോര്‍: 6-1, 7-6, 3-6, 3-6, 6-4. വനിതകളില്‍ ജര്‍മനിയുടെ സീഡില്ലാ താരം അന്ന ലെഡ ഫ്രെയ്ഡ്‌സമിനെ മറികടക്കാന്‍ സെറീനയ്ക്ക് അദ്ധ്വാനിക്കേണ്ടി വന്നു, സ്‌കോര്‍: 7-5, 6-3. ജര്‍മനിയുടെ സീഡില്ലാ താരം ജൂലിയാന ജോര്‍ജിയസ് ആണ് തുടര്‍ച്ചയായ സെറ്റില്‍ വോസ്‌നിയാക്കിക്ക് മടക്ക ടിക്കറ്റ് നല്‍കിയത്, സ്‌കോര്‍: 6-4, 7-6. നാലാം സീഡ് പെട്ര ക്വിറ്റോവയും മൂന്നാം റൗണ്ടിലെത്തി. സീഡില്ലാ താരം സോലെര്‍ സ്പിനോസയെ മൂന്നു സെറ്റിലാണ് ക്വിറ്റോവ വീഴ്ത്തിയത്, സ്‌കോര്‍: 6-7, 6-4, 6-2. മുന്‍ ഒന്നാം നമ്പര്‍ വിക്‌റ്റോറിയ അസരങ്കയ്ക്ക് രണ്ടാം റൗണ്ട് പോരാട്ടം അനായാസം. ലൂസി ഹ്രദേക്കയെ 6-2, 6-3ന് മറികടന്നു 27ാം സീഡ് അസരങ്ക. അതേസമയം, പതിനെട്ടാം സീഡ് സ്വെറ്റ്‌ലാന കുസ്‌നെട്‌സോവയ്ക്ക് തോല്‍വി. ജയപരാജയങ്ങള്‍ മാറിമറിഞ്ഞ മത്സരത്തില്‍ ഫ്രാന്‍സിസ്‌ക ഷിയാവോണിനോട് തോറ്റു കുസ്‌നെട്‌സോവ, സ്‌കോര്‍: 6-7, 7-5, 10-8. പന്ത്രണ്ടാം സീഡ് കരോളിന പ്ലിസ്‌കോവയ്ക്കും തോല്‍വി. ആന്ദ്രിയ മിതു 2-6, 7-6, 6-4ന് പ്ലിസ്‌കോവയുടെ വെല്ലുവിളി അവസാനിപ്പിച്ചു. പതിനേഴാം സീഡ് സാറ ഇറാനിക്കും മുന്നേറ്റം. പത്താം സീഡ് ആന്ദ്രിയ പെറ്റ്‌കോവിച്ച്, പതിനാറാം സീഡ് മാഡിസണ്‍ കീ എന്നിവരും മൂന്നാം റൗണ്ടിലെത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.