വാഴ്സ: റയലിന്റെയും, ബാഴ്സയുടെയും, അത്ലറ്റികോയുടെയും, വലന്സിയയുടെയുമെല്ലാം നിഴലിലൊതുങ്ങാനാണ് എക്കാലത്തും സെവിയ്യയ്ക്ക് വിധി. എന്നാല്‍, യുറോപ്പ ലീഗില്‍ ചരിത്ര നേട്ടം കുറിച്ച് യൂറോപ്പിലെ ശ്രദ്ധിക്കപ്പെടേണ്ട ടീമുകളിലൊന്നാണ് തങ്ങളെന്ന് അവര്‍ വീണ്ടും തെളിയിച്ചു.
ഒരു വര്‍ഷം മുന്‍പ് ടൂറിനില്‍ ബെനഫിക്കയെ തകര്‍ത്ത് ജേതാക്കളായ സെവിയ്യ, ഇന്നലെ വാഴ്സയില്‍ ഉക്രൈയ്ന് ടീം നിപ്രോയെ 3-2ന് തുരത്തി വീണ്ടും രാജപദവിയിലെത്തി. ജയം അടുത്ത വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിനും ടീമിനെ അര്‍ഹരാക്കി. നാലുവട്ടം യുറോപ്പ നേടുന്ന ആദ്യ ടീമെന്ന ഖ്യാതിയും സ്പാനിഷ് ടീമിന് സ്വന്തം. 2006, 2007 വര്‍ഷങ്ങളിലാണ് ഇതിനു മുന്‍പ് രണ്ടാംനിരക്കാരുടെ ഈ ചാംപ്യന്‍ഷിപ്പില്‍ സ്പാനിഷ് ടീം മുത്തമിട്ടത്.
കൊളംബിയന്‍ സ്ട്രൈക്കര്‍ കാര്‍ലോസ ബക്കയുടെ ഇരട്ട ഗോളുകളാണ് സ്പാനിഷ് ടീമിന് ജയമൊരുക്കിയത്. ഒരു ഗോള്‍ ലീഡ് വഴങ്ങി, പിന്നീട് ഒപ്പത്തിനൊപ്പം നിന്ന ശേഷമാണ് ബക്കയുടെ കരുത്തില്‍ സെവിയ്യ കിരീടവുമായി മടങ്ങുന്നത്. യൂറോപ്പിലെ ഒരു വലിയ വേദിയിലെ കലാശ പോരാട്ടത്തിന് ആദ്യമായി യോഗ്യത നേടിയ നിപ്രോ പ്രതീക്ഷകള്‍ ജ്വലിപ്പിച്ച ശേഷം എരിഞ്ഞടങ്ങി.
ഏഴാം മിനിറ്റില്‍ നികോള കാലിനിക്കിലൂടെ ലീഡെടുത്തു നിപ്രോ. ബോക്സിലേക്ക് കൃത്യമായി പറഞ്ഞുറപ്പിച്ചവണ്ണം ലഭിച്ച ക്രോസ് പിഴവില്ലാതെ വലയിലാക്കി കാലിനിക്ക്. 28ാം മിനിറ്റില്‍ ഗ്രെസ്ഗോഴ്സ് ക്രൈചോവെയ്ക്കിലൂടെ ഒപ്പമെത്തി സെവിയ്യ. അര്‍ജന്റൈന്‍ താരം എവര്‍ ബനേഗയെടുത്ത കോര്‍ണര്‍ കിക്ക് ബോക്സിലേക്ക് പറന്നിറങ്ങിയപ്പോള്‍ തലവച്ചു കൊടുക്കുകയെന്ന ദൗത്യമേ ക്രൈചോവെയ്ക്കിനുണ്ടായിരുന്നുള്ളു (1-1).
മൂന്നു മിനിറ്റിനു ശേഷം ബക്ക ജേതാക്കള്‍ക്ക് ലീഡ് സമ്മാനിച്ചു. നിപ്രോ പ്രതിരോധം പിളര്‍ത്തി റെയ്സ് നല്കിയ പാസ് ഓഫ്സൈഡ് കെണി മറികടന്ന് വലയിലിട്ടു ബക്ക (2-1). മുന്‍തൂക്കത്തോടെ ഇടവേളയ്ക്ക് പിരിയാമെന്ന സെവിയ്യയുടെ മോഹം റസ്ലാന് റൊട്ടന്‍ തല്ലിക്കെടുത്തി. 44ാം മിനിറ്റില്‍ എണ്ണംപറഞ്ഞ ഗോളിലൂടെ വീണ്ടും നിപ്രോയെ ഒപ്പമെത്തിച്ചു റൊട്ടന്‍. 25 വാര അകലെ നിന്നെടുത്ത ഫ്രീ കിക്ക് സ്പാനിഷ് വലയുടെ മുകള്‍ മൂലയില്‍ ഭദ്രം (2-2).
വിശ്രമത്തിനു ശേഷം തിരിച്ചെത്തിയപ്പോള്‍ നിശ്ചിത സമയത്ത് ജയിക്കണമെന്ന വാശി ചാമ്പ്യന്മാരുടെ നീക്കങ്ങളില്‍ നിഴലിച്ചു. 73ാം മിനിറ്റില്‍ അതിനു ഫലവുമുണ്ടായി. ബോക്സിലേക്ക് ഓടിക്കയറിയ ബക്കയുടെ വഴിയിലേക്ക് പന്തെത്തുമ്പോള്‍ പ്രതിബന്ധത്തിന് ആരുമുണ്ടായില്ല. താരത്തിന്റെ ഇടംകാലനടി വലയില്‍ ഭദ്രം (3-2). ജേതാക്കളായ സെവിയ്യയ്ക്ക് ഏകദേശം 50 ലക്ഷം യൂറോ ലഭിക്കുമ്പോള്‍ നിപ്രോയുടെ അക്കൗണ്ടിലെത്തുന്നത് 25 ലക്ഷം യൂറോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: