ബസ് ജീവനക്കാരനെ മര്‍ദ്ദിച്ചതായി പരാതി

Thursday 28 May 2015 11:12 pm IST

മരട്: പനങ്ങാട് ചിറ്റൂര്‍ റൂട്ടിലോടുന്ന സര്‍ക്കാര്‍ എന്നു പേരുള്ള സ്വകാര്യ ബസിലെ ജീവനക്കാരനെ മര്‍ദ്ദിച്ചതായി പരാതി. ചേപ്പനം വേഷ്‌നാട്ട് വീട്ടില്‍ എം.എം. മനീഷ് (23) നാണ് മര്‍ദ്ദനമേറ്റത്. ഇയാളെ മരടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനങ്ങാട് സ്വദേശി സദ്ദാം എന്നയാളും മറ്റൊരാളും കൂടി ചേര്‍ന്നാണ് മദ്യ ലഹരിയില്‍ മര്‍ദ്ദിച്ചതെന്ന് ബസ് ജീവനക്കാര്‍ പറയുന്നു. ഇയാള്‍ക്കെതിരെ പനങ്ങാട് പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. രാവിലെ പനങ്ങാടു നിന്നും ബസിനു കൈ കാണിച്ചു കയറിയ ഇയാള്‍ മാടവന പള്ളി സ്‌റ്റോപ്പില്‍ വെച്ച് ബസ് ജീവനക്കാരുമായി തര്‍ക്കിക്കുകയായിരുന്നു. തുടര്‍ന്ന് ബസ് ജീവനക്കാരെ വെല്ലുവിളിച്ചു പോയ ഇയാള്‍ ബസ് തിരിച്ചു വന്നപ്പോള്‍ പനങ്ങാട് പഞ്ചായത്ത് വളവില്‍ വെച്ച് ബസ് തടഞ്ഞു നിര്‍ത്തി താക്കോല്‍ ഊരിയെടുത്ത് ജീവനക്കാരനെ മര്‍ദ്ദിക്കുകയായിരുന്നു. താക്കോല്‍ തുളച്ചു കയറി മനീഷിന്റെ മുഖത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മര്‍ദ്ദനത്തിനിടെ യാത്രക്കാരുടെ ദേഹത്തേക്ക് രക്തം തെറിച്ചതായും യാത്രക്കാര്‍ പറഞ്ഞു. യാത്രക്കാര്‍ വിവരം അറിയിച്ചതനുസരിച്ച് പോലീസെത്തി വാഹനം സ്‌റ്റേഷനിലേക്ക് മാറ്റി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.