രാമപാദങ്ങളില്‍- 53

Friday 29 May 2015 8:35 pm IST

മോക്ഷത്തിന്നു തടസ്സം ദേഹാഭിമാനമാണ്. ശരീരം കേവലം പ്രതിഭാസമാണെങ്കിലും കൂടുതല്‍ ചിന്തിക്കാത്തതിന്റെ ഫലമായി ഞാനെന്നും ഇവനെന്നുമുള്ള ഭ്രാന്തി ദേഹത്തില്‍ ജനിക്കുന്നു. സങ്കല്പകല്പിതദേഹങ്ങള്‍ എത്രയെത്ര ജനിക്കുന്നു. നാം ഉറങ്ങുന്ന സമയത്ത് സ്വപ്നദേഹം നമ്മളേയും കൊണ്ട് എവിടെയെല്ലാം സഞ്ചരിക്കുന്നു. പക്ഷെ അപ്പോള്‍ ദേഹം എവിടെയാണ് സ്ഥിതിചെയ്യുന്നത് ഉണര്‍ന്നിരിക്കുന്ന സമയത്ത് മനോരാജ്യം കണ്ട് സ്വര്‍ഗ്ഗത്തിലോ, നരകത്തിലോ സഞ്ചരിക്കുന്ന ദേഹവും എവിടെയാണ് സ്ഥിതിചെയ്യുന്നത്. അതുകൊണ്ട് രാമ സംസാരവും ദീര്‍ഘമായ ഒരു സ്വപ്നമോ വിഭ്രാന്തിയോ മനോരാജ്യമോ ആണെന്ന് ധരിച്ചുകൊള്ളുക. ജഗത്രയം പ്രതിഭാസമാണ്. അത് അസത്തല്ലെങ്കിലും തീരെ സത്തല്ല. സമൂഹരൂപമായ പ്രപഞ്ചത്തെ ആഭാസം മാത്രമായി കരുതി സച്ചിന്മാത്രത്തെ അതില്‍ ദര്‍ശിക്കുക. ആഭാസമാത്രദര്‍ശനവും മനസ്സിനെ ദുഷിപ്പിക്കുന്നതുകൊണ്ട് അതിനേയും ത്യജിച്ച് നിര്‍വികല്പനായി ഭവിക്കുക. വൈദിക, ലൗകിക കാര്യങ്ങളില്‍ സമര്‍ത്ഥനാണെങ്കിലും, താന്‍ ബുദ്ധിമാനാണ്, വിദ്വാനാണ് എന്നീ തരത്തിലുള്ള രാഗദ്വേഷങ്ങള്‍ക്ക് വശംവദനാകുന്നവന്‍ ഒരു കഴുതയ്ക്കു സമമാണ്. സംസാരചക്രത്തിന്റെ അച്ചുതണ്ട് മനസ്സാണ്. അതുകൊണ്ട് ബുദ്ധിയും ബലവും പൗരുഷവും ഉപയോഗിച്ച് മനസ്സിനെ കടിഞ്ഞാണിടണം. ബുദ്ധിയും ശാസ്ത്രജ്ഞാനവുമുള്ളവന് പൗരുഷംകൊണ്ട് നേടാന്‍ സാധിക്കാത്തതായി ഒന്നുമില്ല. മനഃപിശാചു ബാധിച്ചവനെ രക്ഷിക്കാന്‍ ശാസ്ത്രങ്ങള്‍ക്കോ ഗുരുവിനോ ബന്ധുക്കള്‍ക്കോ എളുപ്പമല്ല. പണ്ടൊരിക്കല്‍ ഞാന്‍ കൈലാസത്തില്‍ പോയി മഹേശ്വരനെ വണങ്ങി പൂജിച്ചശേഷം ഗംഗാതടത്തിലുള്ള ഒരു ആശ്രമത്തില്‍ മുനിമാരും താപസശ്രേഷ്ഠരുമൊത്ത് കഴിഞ്ഞുവരവെ, കൈലാസവനകഞ്ജത്തില്‍ കടന്ന് ഇന്ദ്രിയനിഗ്രഹം ചെയ്ത് തപസ്സിനൊരുങ്ങി സമാധിയില്‍ ലയിക്കുകയുണ്ടായി. വളരെകാലങ്ങള്‍ക്കുശേഷം ഒരു ശ്രാവണമാസത്തില്‍ കറുത്തപക്ഷ അഷ്ടമിരാത്രിയില്‍ ആദ്യയാമം കഴിഞ്ഞപ്പോള്‍ സമാധിയില്‍നിന്നും ഉണരുകയുണ്ടായി. കണ്ണുതുറന്നപ്പോള്‍ ദിക്കുകള്‍ ഇരുണ്ടും നിശ്ശബ്ദമായും അനുഭവപ്പെട്ടു. പെട്ടെന്ന് ആ കാടാകെ പ്രശോഭിക്കത്തക്ക വെണ്മവീശി ഒരു പ്രകാശം ദൂരെത്തെളിഞ്ഞു. എന്റെ ഉള്ളില്‍ നിത്യം വിളങ്ങുന്ന തേജോവിലാസമാണ് അതെന്ന് എനിക്കു ബോധ്യമായി. ഭഗവദര്‍ശന സായൂജ്യത്തില്‍ സന്തുഷ്ടനായ ഞാന്‍ ശിഷ്യരോടൊത്ത് ഓടിയെത്തി സാഷ്ടാംഗ പ്രണാമം ചെയ്ത് അര്‍ഘ്യപാദ്യാദികളാല്‍ പൂജിച്ചു. നന്ദീശ്വരനും ദേവിക്കും മറ്റു ഭൂതഗണങ്ങള്‍ക്കും അതേവിധം യഥാവിധി പൂജനടത്തി. പൂജാസ്തുതികളാല്‍ സന്തുഷ്ടനായ ശ്രീ പരമേശ്വരന്‍ കരുണാകടാക്ഷത്തോടെ മന്ദഹാസപൂര്‍വ്വം തപസ്സിനെക്കുറിച്ച് അന്വേഷിച്ചു. യോഗവിഘ്‌നങ്ങള്‍ ഇല്ലല്ലോ എന്നും തപസ്സ് നിര്‍വിഘ്‌നമായി നടത്തുന്നില്ലേ? മനസ്സ് പ്രാപിക്കേണ്ടത് പ്രാപിച്ചില്ലേയെന്നും ഭയരഹിതനായിക്കഴിയുന്നുവോ എന്നീ വിവരങ്ങളും അന്വേഷിച്ചു. ഭഗവാന്റെ ധന്യധന്യമായ ഈ കുശലപ്രശ്‌നങ്ങള്‍ക്ക് മറുപടിയായി അനുനയത്തോടുകൂടി എല്ലാം കുശലമാണെന്നും അങ്ങയുടെ അനുസ്മരണത്തിലും കടാക്ഷത്തിലും കഴിയുന്നവര്‍ക്ക് ആപത്ത് ഒരിക്കലും സംഭവിക്കാന്‍ ഇടയില്ലല്ലോ എന്നും പ്രതിവചിച്ചു. തുടര്‍ച്ചയായി അങ്ങയുടെ അനുഗ്രഹത്താല്‍ പരിപൂര്‍ണ്ണനായി ഭവിച്ചു എങ്കിലും ഒരു ചെറിയ സംശയം ഉത്തരംകിട്ടാതെ അവശേഷിക്കുന്നുണ്ടെന്നും നിന്തിരുവടി അത് തീര്‍ത്തുതന്ന് അനുഗ്രഹിക്കണമെന്നും അപേക്ഷിച്ചു. സര്‍വപാപക്ഷയകരവും സമഗ്ര കല്യാണപ്രദവുമായ ദേവപൂജാവിധി ഉപദേശിച്ചുതരണമെന്നും അഭ്യര്‍ത്ഥിച്ചു. ഇതിനു മറുപടിയായി ഭഗവാന്‍ ശ്രീ പരമേശ്വരന്‍ പറഞ്ഞു. ദേവജ്ഞനായ മഹര്‍ഷേ ഉത്തമമായ പൂജാവിധാനം പറയാം ദേവനെന്നുവെച്ചാല്‍ മഹാവിഷ്ണുവോ മഹേശ്വരനോ ആണെന്ന് ഭ്രമിക്കരുത്. ദേവന്‍ പരിമിതമായ ദേഹരൂപത്തിലോ ചിത്തരൂപത്തിലോ സ്ഥിതിചെയ്യുന്നവന്‍ അല്ല. അകൃത്രിമവും അനാദ്യന്തവുമായ ചിന്മാത്രാ തത്ത്വമാണ് ദേവശബ്ദത്താല്‍ പറയപ്പെടുന്നത്. അകാരാദികളാല്‍ പരിച്ഛിന്നമായ വസ്തുവില്‍ ദേവത്വമില്ല. ചിന്മാത്രത്തെത്തന്നെ ദേവത്വേന കല്പിച്ച് പൂജിക്കേണ്ടതാണ്. പരമാത്മതത്വം ഗ്രഹിക്കാത്ത മൂഡന്മാര്‍ സകാരരൂപത്തെ പൂജിച്ചെന്നുവരാം. ഇരുകരകളും ഇല്ലാത്ത ചിദാകാശം സര്‍വത്ര നിറഞ്ഞിരിക്കുന്നു. ദൃശ്യസംബന്ധത്തോടുകൂടാത്ത ആ വിശുദ്ധ ചൈതന്യം കല്പാന്തകാലങ്ങളിലും ശേഷിക്കുന്നു. ജ്ഞാനം, സമത, ശമം എന്നീ വിശിഷ്ട പുഷ്പങ്ങളാല്‍ പരമശിവവും പരിശുദ്ധവുമായ ആ ചിന്മാത്രത്തെ പൂജിക്കണം. ആകാരപൂജ പൂജയല്ല. മുന്‍പറഞ്ഞ പൂജകൊണ്ട് അകൃത്രിമവും, അനാദ്യന്തവും, അദ്വിതീയവും അഖണ്ഡിതവുമായതും ബാഹ്യപ്രയത്‌നങ്ങളാല്‍ പ്രാപ്തമല്ലാത്തതുമായ കൈവല്യസുഖം ലഭിക്കുന്നു. ഈ ദേവപൂജ ആഭ്യന്തരമെന്നും ബാഹ്യമെന്നും രണ്ടുതരമുണ്ട്. അതില്‍ ബാഹ്യപൂജയെക്കുറിച്ച് ആദ്യം പറയാം. പഞ്ചഭൂതാത്മകമായ പ്രപഞ്ചത്തെ അതിക്രമിച്ചിരിക്കുന്ന സകലഭാവങ്ങളുടേയും ഉള്ളില്‍ വിളങ്ങുന്ന സമ്പത്തിന്റെ മധ്യത്തില്‍ സത്താസാമാന്യരൂപത്തില്‍ സ്ഥിതിചെയ്യുന്ന സംവിത്ത് മഹാസത്താരൂപത്തെ പ്രാപിച്ച് ദേവശബ്ദത്താല്‍ വ്യവഹരിക്കപ്പെടുന്നു. ആ സംവിത്താകട്ടെ വികല്പങ്ങള്‍ക്കധീനമായി ജാഡ്യഭാവനയുണ്ടായി ക്രമേണ ചിത്സ്വരൂപത്തില്‍ നിന്ന് വേര്‍പെട്ട് ദൃശ്യഭാവത്തെ പ്രാപിക്കുന്നു. ദേശകാലാധിശക്തികളുടെ പ്രഭാവത്താല്‍ ക്ഷുഭിതമായിത്തീരുന്ന ആ സംവിത്ത് ക്രമേണ ജീവനായി ബുദ്ധിയായി അഹങ്കാരമായി മാറി മനസ്സായിത്തീരുന്നു. മനോരൂപം പ്രാപിച്ചുകഴിയുമ്പോള്‍ മനനസംസര്‍ഗ്ഗത്താല്‍ സംസാരത്തെ അവലംബിക്കുന്നു. ഞാന്‍ അവന്‍ ഇവന്‍ ഇത്യാദി ദേഹാഭിമാനങ്ങളോടുകൂടി തന്റെ സ്ഥാനവും സത്യവും മറന്ന് മോഹഭംഗത്തില്‍ മുഴുകി ദുഃഖത്തെ പ്രാപിക്കുന്നു. സങ്കല്പത്താല്‍ ജനിച്ച് സങ്കല്പത്തില്‍ തന്നെ പുഷ്ടിപ്രാപിക്കുന്നു. ഈ ദുഃഖം സങ്കല്പത്തെ നശിപ്പിക്കുന്ന മാത്രയില്‍ മാഞ്ഞുപോകുന്നു. സങ്കല്പരാഹിത്യം സുഖത്തെ നല്‍കുന്നതുകൊണ്ട് സങ്കല്പങ്ങളെ വിവേകംകൊണ്ട് ദൂരത്തകറ്റി സ്വച്ഛമായി വസിക്കുക. സങ്കല്പം മൂലം മനസ്സിനുണ്ടാകുന്ന ഇളക്കത്തെ മാറ്റി പരമാനന്ദമനുഭവിക്കുക സര്‍വശക്തിമയനായ ആത്മാവ് തന്റെ ശക്തി പ്രഭാവത്താല്‍ സംസാരത്തേയും സംസാരനിവൃത്തിയേയും തരുന്നു. സര്‍വഭൂതനും, സമനും, നിരാകാരനും, ചിന്മയനുമായ ആത്മാവ് ഇച്ഛാസത്ത, വ്യോമസത്ത, കാലസത്ത, നിയതിസത്ത, ജ്ഞാനശക്തി, ക്രിയാശക്തി, കര്‍ത്തൃത്വം, അകര്‍ത്തൃത്വം തുടങ്ങിയ അവസാനമില്ലാത്ത ശക്തിസ്വരൂപമാണ് ആത്മാവിന്റെ ഉല്ലാസശക്തികൊണ്ട് സംസാരം സര്‍വത്രവ്യാപിക്കുകയും നിരോധശക്തിയാല്‍ നിശ്ശേഷം നശിക്കുകയും ചെയ്യന്നു. ഉത്തമമായ പൂജാക്രമം ദേഹഭാവനയെ ദഹിപ്പിക്കുന്നതാണ്. എന്നന്നേക്കും ഉപേക്ഷിക്കേണ്ടതായ ദേഹഭാവനയെ കൈവെടിഞ്ഞ് പ്രയാസപ്പെട്ടാണെങ്കിലും ആത്മതത്ത്വത്തെ ഉണര്‍ത്തേണ്ടതാകുന്നു. പരനായ ആത്മാവുതന്നെയാണ് പൂജാര്‍ഹനായ ദേവന്‍. ധ്യാനമല്ലാതെ മറ്റു പൂജാമാര്‍ഗ്ഗങ്ങളൊന്നും ആചരിക്കേണ്ടതായിട്ടില്ല. ചിന്മയനും, കോടി സൂര്യപ്രകാശനും സൂര്യാദികളുടെ പ്രകാശത്തിന് കാരണവും, ശരീരാന്തര്‍ഭാഗത്ത് സ്ഫുരിക്കുന്ന പ്രകാശവും സര്‍വഭൂതനും, അഹന്തയിലെ സാരഭൂതചൈതന്യവുമായി ബ്രഹ്മാണ്ഡപരമ്പരകള്‍ സ്ഥിതിചെയ്യുന്ന ഹൃദയത്തില്‍ പ്രകാശപരമാകാശത്തിന്റെ ആദ്യവസാനം വഹിച്ച് വ്യാപിച്ച് തിളങ്ങുന്ന ത്രിഭുവനാധാരമായ ആത്മാവാകുന്ന ദേവനെ നിത്യവും ധ്യാനരൂപത്തില്‍ പൂജിക്കേണ്ടതാണ്. ഇക്കാണുന്ന ഭൂതജാലങ്ങളെല്ലാം ആ ദേവന്റെ അംശമാണെന്നും, വിവിധ കര്‍മ്മപ്രേരണ പൊതുവും ഭുവനത്തിന്റെ ബന്ധപാശങ്ങളായ ഇച്ഛാദിശക്തികള്‍ ആ ദേവന്റെ ശരീരത്തില്‍ നിന്നും ഉണ്ടായതാണെന്നും, സര്‍വ്വാശയഭൂതവും, സര്‍വ്വവ്യാപിയും ചിന്മയനും അത്യുല്‍കൃഷ്ടനുമായ ആ ദേവന്‍ തന്നെയാണ് സര്‍വതാ പൂജനീയനെന്നും ബോധ്യപ്പെടണം. അനന്തവും ആത്മാധാരവും, സത്താമാത്രവിഗ്രഹവും ജഗത്തുക്കളെ വിവര്‍ത്തനം ചെയ്തിരിക്കുന്നതുമായ കാലം ഈ ദേവന്റെ ദ്വാരപാലകത്വം വഹിക്കുന്നു. ഈ ദേവനെ എല്ലാം കാണുന്നവന്‍, എല്ലാം കേള്‍ക്കുന്നവന്‍, എല്ലാം മണക്കുന്നവന്‍, എല്ലാത്തിനേയും സ്പര്‍ശിക്കുന്നവന്‍, എല്ലാം രുചിക്കുന്നവന്‍, എല്ലാറ്റിനും മനനമുള്ളവന്‍ എന്നാല്‍ ഒന്നിലും മനനമില്ലാത്തവന്‍, പരമന്‍, ശിവന്‍ എന്നിങ്ങനെ ചിന്തിച്ചുവേണം ധ്യാനിച്ചുപാസിക്കാന്‍. സ്വസംവിത് സ്വരൂപനാകയാല്‍ പൂജിക്കുന്നതിന്ന് ഉപകരണങ്ങളുടെ ആവശ്യമില്ല. പ്രയത്‌നം കൂടാതെ ലഭിക്കുന്നതും കുളിര്‍മയുള്ളതും നാശരഹിതവുമായ തന്റെ ബോധാമൃതംകൊണ്ട് ഈ ദേവനെ പൂജിക്കാവുന്നതാണ്. ... തുടരും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.