കേരളം കാന്‍സര്‍ ഭീതിയില്‍

Friday 29 May 2015 10:10 pm IST

ലോകരാജ്യങ്ങളില്‍ ഭാരതത്തിലാണ്  വിശക്കുന്നവര്‍ ഏറ്റവും കൂടുതലുള്ളത്. 194 ദശലക്ഷം എന്നാണ് യുഎന്‍ കണക്ക്. കേരളതത്തില്‍ എത്ര പട്ടിണിക്കാരുണ്ടെന്നറിയില്ല. പക്ഷേ കാന്‍സര്‍ രോഗികള്‍ എത്രവേണമെങ്കിലുമുണ്ട്. കാന്‍സറിന്റെ നാടായി കേരളം മാറുകയാണ്. പുകവലി സ്റ്റാറ്റസ് സിമ്പലായി കരുതുന്ന പുരുഷസമൂഹത്തില്‍ വായിലെ ക്യാന്‍സര്‍ ഇപ്പോള്‍ ഇരട്ടിയായത്രെ. ഒരു ദശലക്ഷം പേരില്‍ 700 പുതിയ കേസുകളാണ് വരുന്നത്. കാന്‍സര്‍ മൂലമുള്ള മരണം കുറഞ്ഞെങ്കിലും പുകവലിയും പുകയിലയിട്ട് മുറുക്കുന്നതും വായില്‍ കാന്‍സര്‍ വരാന്‍ കാരണമാകുന്നു. വായിലെ കാന്‍സര്‍ 1990 നും 2013 നും ഇടയില്‍ ഇരട്ടിയായി-55, 480 ല്‍ നിന്നും 127,168.  സ്ത്രീകള്‍ക്ക് സ്തനാര്‍ബുദമാണ്  വരുന്നത്. 15 ശതമാനം സ്ത്രീകള്‍ക്ക് കാന്‍സര്‍ വരുന്നുണ്ട്. കേരളത്തില്‍ ഒരുവര്‍ഷം 35,000 പുതിയ കാന്‍സര്‍ കേസുകളില്‍ 50 ശതമാനവും വായിലും തൊണ്ടയിലും കരളിലുമാണ്. ഗ്രാമങ്ങളിലും പട്ടണങ്ങളിലും പുകയില ഉപയോഗിക്കുന്നവര്‍ (ബീഡി, സിഗററ്റ്, മുറുക്കാന്‍) വര്‍ധിക്കുകയാണ്. കണ്ണൂരിലെ ബീഡിത്തൊഴിലാളികളുടെ ഇടയിലും കാന്‍സര്‍ വ്യാപകമാണ്. സ്ത്രീകള്‍ പുകവലിയ്ക്കുന്നില്ലെങ്കിലും വീട്ടിലെ പുരുഷന്മാര്‍ പുകവലിച്ചുവിടുമ്പോള്‍ അത് സ്ത്രീകളും ശ്വസിക്കുന്നതിനാലാണ് അവര്‍ കാന്‍സര്‍ ബാധിതരാകുന്നത്. ശുചിത്വ കേരളം, ആരോഗ്യ കേരളം മുതലായ സങ്കല്‍പ്പങ്ങള്‍ ഇന്ന് അന്യംനിന്നു പോകുകയാണ്. ആശുപത്രികള്‍ ഉണ്ടെങ്കിലും ഡോക്ടര്‍മാര്‍ രോഗികളെ പരിചരിക്കുന്നതില്‍ അശ്രദ്ധരാണ് എന്നുമാത്രമല്ല, പണം നല്‍കാത്ത രോഗികള്‍ക്ക് ചികിത്സയും ലഭ്യമാകുന്നില്ല. കേരളത്തില്‍ തിരുവനന്തപുരത്തും കോഴിക്കോട്ടും മാത്രമാണ് കാന്‍സര്‍ ആശുപത്രിയുള്ളത്. എറണാകുളത്തും ഒരു കാന്‍സര്‍ ആശുപത്രി സ്ഥാപിക്കണമെന്നും അത് ധാരാളം സ്ഥലവിസ്തൃതിയുള്ള കോ-ഓപ്പറേറ്റീവ് ആശുപത്രിയോട് ചേര്‍ന്ന് ആകാമെന്നും അന്തരിച്ച ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ ചൂണ്ടിക്കാണിച്ചിരുന്നു. എറണാകുളത്തെ കാന്‍സര്‍ രോഗികള്‍ക്ക് ഇപ്പോള്‍ കോഴിക്കോടിനെയോ തിരുവനന്തപുരത്തെയോ ആശ്രയിക്കേണ്ടിവരുന്നു. അനാരോഗ്യവാന്മാരായ കാന്‍സര്‍ രോഗികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ശിക്ഷയാണിത്. പുകയില ഉപയോഗം മാത്രമല്ല, മദ്യഉപയോഗവും കാന്‍സറിന് കാരണമാകുന്നു. ഭാരതത്തില്‍ ഏറ്റവുമധികം മദ്യം ഉപയോഗിക്കുന്നത് മലയാളികളാണല്ലോ. ഇന്ന് വായിലെ കാന്‍സര്‍ ഏതാണ്ട് സര്‍വസാധാരണമായിത്തീര്‍ന്നിരിക്കുകയാണ്. പുതുതായി സ്തനാര്‍ബുദം ബാധിച്ചത് 80,000 സ്ത്രീകളിലാണ്. ബെംഗളൂരുവിലും ചെന്നൈയിലും കാര്യമായിത്തന്നെ സ്തനാര്‍ബുദബാധയുണ്ട്. മറ്റൊരു വസ്തുത കേരളതീരത്തെ മത്സ്യത്തൊഴിലാളികളില്‍ തൈറോയ്ഡ് കാന്‍സര്‍ വര്‍ധിച്ചുവരുന്നു എന്നുള്ളതാണ്. ഒരുലക്ഷം പേരില്‍ 133 പേര്‍ ഈ കാന്‍സര്‍ ബാധിതരാണ്. ദേശീയതലത്തില്‍ 2013 ലെ കാന്‍സര്‍ ബാധിതര്‍ 2,934,314 പേരാണ്. ഇതില്‍ 200 ശതമാനവും ശ്വാസകോശ കാന്‍സര്‍ ആണ്. ശ്വാസകോശ കാന്‍സറില്‍ 13.6 ശതമാനം വര്‍ധനയുണ്ട്. പുകവലിയും മദ്യപാനവുംമൂലം വായില്‍ കാന്‍സര്‍ വരുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിലൂടെ കേരളം തെളിയിക്കുന്നത് സാക്ഷരത ആരോഗ്യ സാക്ഷരത നല്‍കുന്നില്ല എന്നാണ്. ഇന്ന് സ്‌കൂള്‍ കുട്ടികളും സിഗരറ്റ് വലിയും മദ്യപാനവും കൗമാരപ്രായത്തില്‍ തന്നെ തുടങ്ങുമ്പോള്‍ അവര്‍ കാന്‍സറിനെ ക്ഷണിച്ചുവരുത്തുകയാണ്. ഇപ്പോള്‍ ന്യൂജെന്‍ ആണെങ്കില്‍ മയക്കുമരുന്നാണല്ലോ! ആരോഗ്യസുരക്ഷയില്‍ കേരളസര്‍ക്കാരിന്റെ വീഴ്ച ജയിലുകളില്‍ പോലും പ്രതിഫലിക്കുന്നു. ആറുവര്‍ഷത്തിനിടെ മുന്നൂറോളം തടവുകാരാണ് മരിച്ചത്. ചികിത്സ കിട്ടാതെയാണ് ഇവര്‍ മരിച്ചത്. കേരളത്തിലെ മന്ത്രിസഭയില്‍ കൊഴുക്കുന്നത് വിവാദങ്ങള്‍ മാത്രമാണ്. കോഴയാരോപണവും അവിഹിതവും മറ്റും ഭരണത്തെ സ്തംഭനാവസ്ഥയിലാക്കി. അപവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും മറുപടി പറയാനും എങ്ങനെയെങ്കിലും ഭരണം അഞ്ചുവര്‍ഷം തികയ്ക്കാനും മാത്രം ശ്രദ്ധിക്കുന്ന മുഖ്യമന്തി ഉമ്മന്‍ചാണ്ടി എത്ര കേരള യാത്ര നടത്തിയിട്ടും കേരളത്തിലെ ജനങ്ങളുടെ ആപല്‍ക്കരമായ ആരോഗ്യസ്ഥിതി തിരിച്ചറിയുന്നില്ല. ജനാരോഗ്യത്തില്‍ അദ്ദേഹത്തിന് ശ്രദ്ധയില്ലെന്നാണ് ഇത് തെളിയിക്കുന്നത്. കേരളത്തിലെ ഡോക്ടര്‍മാരുടെ പ്രതിബദ്ധതയില്ലായ്മയും കേരളത്തിന്റെ അനാരോഗ്യം വര്‍ധിക്കാന്‍ കാരണമാകുന്നു. മുദ്രാവാക്യങ്ങളില്‍നിന്നും തങ്ങളുടെ നിലനില്‍പ്പിലേക്ക് ജനശ്രദ്ധ തിരിയേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.