ടി. പി. 51 സിനിമ 12ന് തിയേറ്ററുകളില്‍

Saturday 30 May 2015 12:50 am IST

കോഴിക്കോട്: ടി. പി. ചന്ദ്രശേഖരന്‍ വധം പ്രമേയമാക്കി ഒരുക്കിയ ടി. പി. 51 എന്ന സിനിമ ജൂണ്‍ 12ന് റിലീസ് ചെയ്യും. കേരളത്തിലെ 45 തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുകയെന്ന് സംവിധായകന്‍ മൊയ്തു താഴത്ത് അറിയിച്ചു. നിരവധി പ്രതിസന്ധികള്‍ അതിജീവിച്ചാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. ടി. പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയവരില്‍ നിന്നുള്ള ഭീഷണി ഇപ്പോഴുമുണ്ട്. ഒന്‍പത് തവണ ഷൂട്ടിങ് തടഞ്ഞു. 15ഓളം തവണ വിവിധ കാരണങ്ങളാല്‍ ഷൂട്ടിംഗ് നിര്‍ത്തിവെക്കേണ്ടി വന്നു. ടിപിയുടെ കര്‍മ്മ മണ്ഡലമായിരുന്ന ഒഞ്ചിയം, ഏറാമല, ഓര്‍ക്കാട്ടേരി, വടകര, തൊടുപുഴ എന്നിവിടങ്ങളിലാണ് ഷൂട്ടിങ് നടന്നത്. ടിപി കൊല്ലപ്പെട്ട വള്ളിക്കാട്ടാണ് കൊലപാതകരംഗം ചിത്രീകരിച്ചത്. രമേഷ് വടകര, ദേവി അജിത്ത്, റിയാസ്ഖാന്‍, ഭീമന്‍ രഘു, ശിവജി ഗുരുവായൂര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജലീല്‍ ബാദുഷ, സജിത്ത് കൊച്ചിന്‍ എന്നിവരാണ് ക്യാമറ. രമേശ് കാവില്‍ ഗാനരചനയും വിപിന്‍, സുദര്‍ശന്‍ എന്നിവര്‍ സംഗീത സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. വൈക്കം വിജയലക്ഷ്മി, പ്രദീപ് പള്ളുരുത്തി എന്നിവരാണ് ഗായകര്‍. ശ്രീഹരി റിലീസ് ആണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരായ ഗഫൂര്‍ സാന്റ്ബാങ്ക്‌സ്, ചഞ്ചല്‍ റിയാന്‍, ചാള്‍സ് ജോര്‍ജ്ജ് തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.