ഡി ജെ പാര്‍ട്ടിയില്‍ മയക്കുമരുന്ന് കണ്ടെത്തിയ കേസ്; അഞ്ചു പേര്‍കൂടി പിടിയില്‍

Saturday 30 May 2015 12:06 pm IST

കൊച്ചി: മരടിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ഡിജെ പാര്‍ട്ടിയില്‍ ലഹരിമരുന്ന് കണ്ടെത്തിയ കേസില്‍ അഞ്ചു പേര്‍ക്കൂടി പിടിയില്‍. കൊച്ചിയില്‍ ലഹരിവസ്തുക്കള്‍ എത്തിച്ച കോഴിക്കോട് സ്വദേശികളായ ഹഷീം, ആശീഷ്, ജലീല്‍, ജന്നത്ത്, ഫവാസ് എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 150 ഗ്രാം ഹാഷിസ് പിടികൂടി. കോയമ്പത്തൂരില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ കൊച്ചിയില്‍ നിന്നുള്ള അന്വേഷണ സംഘം വെള്ളിയാഴ്ചയാണ് പിടികൂടിയത്. രാത്രി സൗത്ത് സിഐയുടെ ഓഫീസിലെത്തിച്ച ഇവരെ ചോദ്യം ചെയ്തു വരികെയാണ്. കേസില്‍ നേരത്തെ അറസ്റ്റിലായ ഡിജെ കോക്കാച്ചി എന്ന മിഥുന് മയക്കുമരുന്ന് നല്‍കിയത് ഇവരാണെന്ന് പോലീസ് പറയുന്നു. കസ്റ്റഡിയിലുള്ള മിഥുനെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ഒരു ഗ്രാമിന് 300 രൂപ എന്ന നിരക്കിലാണ് ഇവര്‍ ഹാഷിഷ് നല്‍കിയിരുന്നതെ ന്നാണ് മിഥുന്‍ മൊഴി നല്‍കിയിരിക്കുന്നത്. കൊച്ചിയിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിന്റെ പ്രധാന കണ്ണികളെന്ന് സംശയിക്കുന്ന ഇവര്‍ക്കായി അന്വേഷണ സംഘം ആദ്യം കോഴിക്കോട് എത്തിയെങ്കിലും കോക്കാച്ചി മിഥുന്‍ അറസ്റ്റിലായതിനു പിന്നാലെ ഇവര്‍ സംസ്ഥാനം വിട്ടിരുന്നു. ഇവരെ പിടികൂടാനായി പൊലീസ് രണ്ടു സംഘങ്ങളായി തമിഴ്‌നാട്ടിലേക്കും കര്‍ണാടകത്തിലേക്കും തിരിച്ചു. നിശാപാര്‍ട്ടിയുടെ തലേദിവസം കാക്കനാട്ടെ ഫ്‌ളാറ്റില്‍ ഇവരുണ്ടായിരുന്നു.  കാക്കനാട്ടെ ഫ്‌ളാറ്റ് കേന്ദ്രീകരിച്ചാണു ലഹരിമരുന്ന് ഇടപാട് നടന്നിരുന്നത്. റഷ്യന്‍ സംഗീതജ്ഞന്‍ സൈക്കോവ്‌സ്‌കി പങ്കെടുത്ത പാര്‍ട്ടി മാത്രമായിരുന്നു യുവാക്കളുടെ ലക്ഷ്യമെന്നാണ് കരുതുന്നത്. കേരളത്തിലാകമാനം ഡിജെ പാര്‍ട്ടികളുടെ അണിയറയില്‍ കോക്കാച്ചിയുടെ സാന്നിധ്യം ഉറപ്പായ സാഹചര്യത്തില്‍ ഇവര്‍ക്ക് പങ്കുണ്ടോയെന്ന് ചോദ്യം ചെയ്യലിലേ മനസിലാകൂ. പാര്‍ട്ടിയില്‍ വില്‍ക്കാനുള്ള ലഹരിമരുന്നു കൈമാറിയതു ഫ്‌ളാറ്റിലാണ്. കോക്കാച്ചി മിഥുനെ ഡിസിപി ഹരിശങ്കറിന്റെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തു. ഇയാള്‍ സഹകരിക്കാത്തതിനാല്‍ ശാസ്ത്രീയമായ രീതിയിലാണു ചോദ്യംചെയ്യുന്നത്. മിഥുന്റെ മൊബൈല്‍ ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ ശേഖരിച്ച് അതിന്റെ അടിസ്ഥാനത്തിലും ചോദ്യം ചെയ്യുന്നു. തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കേണ്ടതിനാല്‍ കഴിയുന്നത്ര വിവരങ്ങള്‍ ശേഖരിക്കുകയാണു പൊലീസ്. അതേസമയം മിഥുന് വന്‍തോതില്‍ മയക്കു മരുന്ന് ലഭിച്ചിരുന്നതായി വ്യക്തമായതിനെത്തുടര്‍ന്ന് ഇയാള്‍ ഇത് ആര്‍ക്കൊക്കെ വിതരണം ചെയ്തിരുന്നു വെന്നും പോലീസ് അന്വേഷിച്ചു വരികയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.