അമേരിക്കയില്‍ മലയാളികുടുംബത്തെ കെട്ടിയിട്ട് വന്‍ കവര്‍ച്ച

Saturday 30 May 2015 3:08 pm IST

കോട്ടയം: അമേരിക്കയില്‍ മലയാളികുടുംബത്തെ കെട്ടിയിട്ട് വന്‍ കവര്‍ച്ച. അമേരിക്കന്‍ സമയം ഇന്നലെ പുലര്‍ച്ചെ മൂന്നിനായിരുന്നു സംഭവം. ഹൂസ്റ്റണില്‍ താമസിക്കുന്ന കിഴക്കേടശേരി റാഫിയെയും കുടുംബത്തെയുമാണ് അഞ്ചംഗ മെക്‌സിക്കന്‍ സംഘം ആക്രമിച്ചു കവര്‍ച്ച നടത്തിയത്. സംഭവത്തെക്കുറിച്ച് ഇവര്‍ പറയുന്നതിങ്ങനെ: സുഹൃത്തിന്റെ വീടു വെഞ്ചരിപ്പു കഴിഞ്ഞ് അമേരിക്കന്‍ സമയം രാത്രി 10നാണ് റാഫിയും കുടുംബവും വീട്ടില്‍ മടങ്ങിയെത്തിയത്. 12ഓടെ ഇവര്‍ ഉറങ്ങാന്‍ കിടന്നു. പുലര്‍ച്ചെ മൂന്നോടെ അടുക്കളയുടെ ജനല്‍ തകര്‍ക്കുന്ന ശബ്ദം കേട്ട് റാഫി ഉണര്‍ന്നു മുറിയിലെ ലൈറ്റിട്ടു. ശബ്ദം കേട്ടഭാഗത്തേക്കു പോകുന്നതിനിടെ മുഖംമൂടിസംഘം തോക്ക് ചൂണ്ടി ആക്രമിക്കുകയായിരുന്നു. ഇതിനുശേഷം കൈകാലുകള്‍ ബന്ധിച്ച് തൊട്ടടുത്ത ബാത്‌റൂമിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി. ഈ സമയം മറ്റു സംഘാംഗങ്ങള്‍ റാഫിയുടെ ഭാര്യ മിനിയുടെ സമീപത്തെത്തി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. ആക്രമിക്കരുതെന്നു മിനി നിലത്തുവീണ് അപേക്ഷിച്ചതോടെ സംഘം ഇവരെയും ബന്ധിച്ച് റാഫിയോടൊപ്പം ബാത്‌റൂമിലാക്കി. ഇതിനുശേഷം രണ്ടാം നിലയിലുണ്ടായിരുന്ന ഇവരുടെ രണ്ടു പെണ്‍മക്കളെയും തോക്ക് ചൂണ്ടി മാതാപിതാക്കള്‍ക്കൊപ്പം ബാത്‌റൂമിലാക്കി. സംഘം ഇവരോട് മറ്റൊരാളെപ്പറ്റി തിരക്കുകയും ചെയ്തു. അങ്ങനെയൊരാള്‍ ഇവിടെ ഇല്ലെന്നറിയിച്ചതോടെ സംഘത്തലവന്‍ ഇവരെ കൊന്നുകളയാന്‍ മറ്റുള്ളവരോടു നിര്‍ദേശിച്ചു. ഈ സമയം റാഫിയും കുടുംബവും, തങ്ങള്‍ക്കുള്ളതെല്ലാം നല്‍കാമെന്നും കൊല്ലരുതെന്നും അപേക്ഷിച്ചു. ഇതോടെ സംഘം മുറിക്കുള്ളില്‍ പ്രവേശിച്ച് അലമാരയിലുണ്ടായിരുന്ന 6000ല്‍പ്പരം ഡോളറും സ്വര്‍ണാഭരണങ്ങളും വീട്ടിലുണ്ടായിരുന്ന ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍, വസ്ത്രങ്ങള്‍ എന്നിവ ഉള്‍പ്പെടെ കവര്‍ന്നു. പുലര്‍ച്ചെ അഞ്ചോടെ ജോലി സ്ഥലത്തേക്കു കൊണ്ടുപോകാന്‍ രണ്ടുപേര്‍ എത്തുമെന്ന് റാഫി സംഘത്തോട് അറിയിച്ചതോടെ സംഘം മോഷണമുതലുമായി കടന്നുകളഞ്ഞു. സംഘം പോയതോടെ മക്കള്‍ മാതാപിതാക്കളെ ബന്ധനവിമുക്തരാക്കി. ഇതിനുശേഷം ഇവര്‍ പോലീസില്‍ വിവരം അറിയിക്കുകയും പോലീസെത്തി പരിശോധന നടത്തുകയും ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.