ന്യൂദല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയം. മോദിസര്‍ക്കാരിന്റെ ആദ്യവാര്‍ഷികത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് പുറത്തിറക്കിയ റിപ്പോര്‍ട്ട് കാര്‍ഡിലെ അസത്യ പ്രസ്താവനകള്‍ക്കാണ് മന്ത്രാലയത്തിന്റെ മറുപടി. പിഎംഒയുടെ അനുമതിയോടെയാണ് മന്ത്രാലയം കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ ഔദ്യോഗികമായി പ്രസ്താവന ഇറക്കിയത്.
കോണ്‍ഗ്രസ് പ്രചരിപ്പിച്ച കാര്യങ്ങള്‍ തെറ്റാണെന്ന് മാനവ വിഭവശേഷി മന്ത്രാലയം അക്കമിട്ടു പറയുന്നു. 14-ാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശകള്‍ പ്രകാരം സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രവിഹിതത്തിലെ വര്‍ദ്ധനവാണ് മന്ത്രാലയത്തിന്റെ ബജറ്റ് വിഹിതം കുറയാന്‍ കാരണം. മിക്ക കേന്ദ്രപദ്ധതികളും നടപ്പാക്കാനുള്ളത്ര തുക പുതിയ പരിഷ്ക്കരണംവഴി സംസ്ഥാനങ്ങളില്‍ വന്നുചേര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസ് പുറത്തിറക്കിയ ഏക് സാല് ദേശ് ബദല്‍ എന്ന ബുക്ലെറ്റിന് മറുപടിയായി മാനവ വിഭവശേഷി മന്ത്രാലയം പറയുന്നു.
ദല്‍ഹി ഐഐറ്റി ഡയറക്ടര്‍ ആര്. ശിവഗോങ്കര്, മുംബൈ ഐഐറ്റി ചെയര്മാന് അനില്‍ കകോദ്ക്കര് എന്നിവര്‍ സ്ഥാനമൊഴിഞ്ഞത് മന്ത്രാലയത്തിന്റെ അനാവശ്യ ഇടപെടലാണെന്ന പ്രചാരണം തെറ്റാണ്. ഒരു സമ്മര്‍ദ്ദങ്ങളും ഇരുവരുടേയും മേല്‍ മന്ത്രാലയം ചുമത്തിയിട്ടില്ല. ഐഐറ്റി ഡയറക്ടര്‍മാരെ നിയമിച്ചതില്‍ ചട്ടങ്ങള്‍ പാലിച്ചില്ലെന്ന കകോദ്ക്കരുടെ ആരോപണം തെറ്റാണ്. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയാണ് നിയമനം നടന്നത്. ആര്. ശിവഗോങ്കറിന്റെ രാജി ഇതുവരെ മന്ത്രാലയം സ്വീകരിച്ചിട്ടില്ല. നിയമവിരുദ്ധമായി അന്താരാഷ്ട്ര സാങ്കേതിവിദ്യയുമായി ബന്ധപ്പെട്ട സ്ഥാപനം മൗറീഷ്യസില്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരെ അന്വേഷണം നടക്കുന്നുണ്ട്.
കേന്ദ്രചരിത്രഗവേഷണ കൗണ്‍സിലിലെ ഉള്‍പ്പെടെയുള്ള നിയമനങ്ങള്‍ സംബന്ധിച്ച കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ രാഷ്ട്രീയ നിറത്തോടെയുള്ളതാണ്. ക്രിസ്തുമസ് ദിനത്തിലെ സദ്ഭരണ ദിനാചരണവും ഐഐറ്റി ക്യാന്റീനിലെ സസ്യാഹാരത്തിന് പ്രത്യേക കൗണ്ടറെന്ന തീരുമാനവും കേന്ദ്രീയ വിദ്യാലയത്തില്‍ ജര്മ്മനു പകരം സംസ്കൃത പഠനവും കോണ്‍ഗ്രസ് വിവാദമാക്കിയിരുന്നു.
ഐഐറ്റിയിലെ ക്യാന്റീന് വിവാദം അനാവശ്യമാണെന്നും അത്തരത്തിലൊരു തീരുമാനവും ഉണ്ടായിട്ടില്ലെന്നും മന്ത്രാലയം പറയുന്നു. ത്രിഭാഷ ഫോര്‍മുല നിലനിര്‍ത്തുന്നതിനായാണ് ജര്‍മ്മന്‍ ഭാഷ ഒഴിവാക്കിയതെന്നും മന്ത്രാലയം വിശദീകരിക്കുന്നു. കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് എല്ലാ മന്ത്രാലയവും പ്രത്യേക പത്രക്കുറിപ്പുകളില്‍ മറുപടി നല്‍കണമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: