കേന്ദ്ര സര്‍ക്കാര്‍ പദ്ധതി കുടുംബശ്രീ പദ്ധതിയാക്കാന്‍ നീക്കം ഐ.ബി അന്വേഷണം തുടങ്ങി

Saturday 30 May 2015 7:18 pm IST

ഇടുക്കി:ഗ്രാമീണ മേഖലയിലെ യുവതീയുവാക്കള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതി കുടുംബശ്രീയുടേതാണെന്ന് നോട്ടീസിലൂടെ പ്രചരിപ്പിച്ചത് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസം കുടുംബശ്രീ വിതരണം ചെയ്ത നോട്ടീസ് രഹസ്യാന്വേഷണ വിഭാഗം പരിശോധിച്ചുവരികയാണ്.പ്രാഥമിക അന്വേഷണത്തില്‍ കുടുംബശ്രീയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് വിവരം. നരേന്ദ്ര മോദി സര്‍ക്കാര്‍ ദരിദ്രകുടുംബങ്ങളിലെ യുവതീയുവാക്കള്‍ക്കു വേണ്ടി നടപ്പിലാക്കിയിട്ടുള്ള തൊഴില്‍ദാന പദ്ധതിയാണ് ദീനദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ്‍ കൗശല്യ യോജന (ഡിഡിയു ജികെവൈ). ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ ആജീവിക മുഖാന്തിരമാണ് പദ്ധതി നടപ്പിലാക്കുന്നത്. 15നും 35 നും മദ്ധ്യേ പ്രായമുള്ള ദാരിദ്രരേഖയ്ക്ക് താഴെവരുന്ന യുവജനങ്ങള്‍ക്കും 45 വയസ്സ് വരെ പ്രായമുള്ള സ്ത്രീകള്‍ക്കും വര്‍ഷംതേറും തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, ഇംഗ്ലീഷ് പരിജ്ഞാനം , വ്യക്തിത്വ വികസനം എന്നിവയില്‍ നൈപുണ്യം നല്‍കി മാസവേതനം ലഭിക്കുന്ന ജോലികള്‍ ലഭ്യമാക്കുക എന്നതാണ് പദ്ധതി ലക്ഷ്യം. ഈ പദ്ധതിയാണ് യുഡിഎഫ് സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തില്‍ കുടുംബശ്രീയുടെ പദ്ധതിയാണെന്ന് നോട്ടീസിലൂടെ പ്രചരിപ്പിച്ചത്. ഈ ജനപ്രിയ പദ്ധതി കേരള സര്‍ക്കാരും കുടുംബശ്രീയും നേരിട്ട് നടത്തുന്നതാണെന്നായിരുന്നു പ്രചാരണം. 2014ല്‍ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ആജീവികാ സ്്കില്‍ പദ്ധതിയാണ് ഇതെന്നാണ് കുടുംബശ്രീയുടെ പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്നത്. ദീനദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ്‍ കൗശല്യ യോജന  പദ്ധതി കേരളത്തില്‍ നടപ്പിലാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീക്കാരെയാണ് നിയമിച്ചിരിക്കുന്നത്. പദ്ധതിയുടെ വിജയത്തിനായി ഓരോ ബ്ലോക്ക് പഞ്ചായത്ത് തലത്തിലും ഉദ്യോഗസ്ഥരെ നിയമിച്ചതിലും ക്രമക്കേട് നടന്നതായി ആക്ഷേപമുണ്ട്. പഞ്ചായത്ത് തോറും തൊഴിലില്ലാത്തവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ  പേരില്‍ ലക്ഷങ്ങളാണ് കുടുംബശ്രീ ചിലവഴിച്ചിരിക്കുന്നത്. എംപ്ലോയിമെന്റ് എക്‌ചേഞ്ച് വഴി തൊഴില്‍രഹിതരുടെ വിവരം ശേഖരിക്കാമെന്നിരിക്കെയാണ് കുടുംബശ്രീക്കാരെ വീടുകള്‍തോറും സര്‍വ്വേയിക്ക് വിട്ട് പണം എഴുതിയെടുക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.