ക്ഷീര കര്‍ഷകര്‍ക്ക് തൊഴിലുറപ്പ് പദ്ധതി

Saturday 30 May 2015 8:32 pm IST

കൊല്ലം: മില്‍മ തിരുവനന്തപുരം മേഖലാ യൂണിയനിലെ അംഗസംഘങ്ങളില്‍ പാല്‍ നല്‍കുന്ന ക്ഷീരകരഷകര്‍ക്ക് ഒരു വര്‍ഷം 100 തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കുന്ന തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നു. പദ്ധതിയില്‍ ഉള്‍പ്പെട്ട ഒരു വനിത അംഗത്തിന് ഒരു വര്‍ഷം 10000 രൂപ വേതനമായി ലഭിക്കുന്നതാണ് പദ്ധതി. പദ്ധതിയുടെ ഗുണഭോക്താവാകുന്നതിനുവേണ്ടി അംഗത്തിന് രണ്ടു കറവ മൃഗങ്ങള്‍ സ്വന്തമായി ഉണ്ടായിരിക്കണം. തൊട്ടുമുമ്പുള്ള സാമ്പത്തിക വര്‍ഷം 12 ശതമാനം ഖര പദാര്‍ത്ഥമുള്ള 1200 ലിറ്റര്‍ പാല്‍(240 ദിവസം) എങ്കിലും സംഘത്തിന് നല്‍കിയിരിക്കണമെന്ന് ചെയര്‍മാന്‍  കല്ലട രമേഷ് പത്രസമ്മേളനത്തില്‍ പറഞ്ഞു.കുടുംബത്തില്‍ ഒരാള്‍ക്ക് എന്ന ക്രമത്തില്‍ 1000പേര്‍ക്ക് 10000 രൂപ വീതം നല്‍കി ഈ പദ്ധതി നടപ്പിലാക്കുമ്പോള്‍ ആദ്യ വര്‍ഷം ഒരുകോടി രൂപ ചെലവാകും. സഹകരണ സംഘങ്ങളില്‍ പാല്‍ സംഭരണം വര്‍ദ്ധിപ്പിക്കുന്നതിന് ക്ഷീരസംഘം ജീവനക്കാര്‍ക്ക് പ്രോത്സാഹന അവാര്‍ഡ് നല്‍കും.വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം ജീവനക്കാര്‍ക്ക് ഓണ സമ്മാനമായും വിഷുക്കൈനീട്ടമായിട്ടും ലഭിക്കുന്ന വിധത്തിലാണ് അവാര്‍ഡ്. യൂണിയന്റെ പ്രവര്‍ത്തനപരിധിയില്‍ കറവപ്പശുക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന്് അന്യ സംസ്ഥാനത്ത് നിന്നും ഉല്പാദനക്ഷമത കൂടിയ പശുക്കുട്ടികളെ കൊണ്ടുവന്ന് തെരഞ്ഞെടുക്കപ്പെട്ട ക്ഷീര കര്‍ഷകര്‍ക്ക് നല്‍കി വളര്‍ത്തുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം നല്‍കുന്ന കിടാരി വളര്‍ത്തല്‍ പദ്ധതിയും വിഭാവനം ചെയ്തിട്ടുണ്ട്. 8000രൂപ വീതം വിലമതിക്കുന്ന രണ്ടു കിടാരികളെ അര്‍ഹതപ്പെട്ട കര്‍ഷകര്‍ക്ക് നല്‍കിയാണ് പദ്ധതിക്ക് തുടക്കമിടുന്നത്. നാളെ മുതല്‍ യൂണിയന്റെ പരിധിയിലുള്ള ക്ഷീര സംഘങ്ങളില്‍ പാല്‍ അളക്കുന്ന കര്‍ഷകര്‍ക്ക് മില്‍മ കാലീത്തീറ്റ ചാക്കൊന്നിന് 100 രൂപ നിരക്കില്‍ സബ്‌സിഡി നല്‍കുന്നതാണ്. കൂടാതെ ചെറുകിട ഡയറി ഫാം നടത്തുന്ന കര്‍ഷകര്‍ക്കായുള്ള മിനി-ഡയറി -സൗജന്യ കാലീത്തീറ്റ വിതരണ പദ്ധതി, പുല്‍കൃഷി വികസന പദ്ധതി, അകിടുരോഗ നിവാരണ പദ്ധതി, വെര്‍മി കമ്പോസ്റ്റ് നിര്‍മ്മാണത്തിനുള്ള പരിശീലനവും പ്രവര്‍ത്തി പരിചയവും വിരയിളക്കല്‍ പദ്ധതി, കറവപ്പശുക്കള്‍ക്കായുള്ള കാല്‍സ്യം സപ്ലിമെന്റ് സബ്‌സിഡി, കൃത്രിമ ബീജധാന കേന്ദ്രങ്ങള്‍ നടപ്പിലാക്കും. ക്ഷീരകര്‍ഷകര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായുള്ള സൗജന്യ മെഡിക്കല്‍ ക്യാമ്പ് തുടങ്ങിയവയും മേഖല യൂണിയന്‍ നടത്തുമെന്ന് ചെയര്‍മാന്‍ അറിയിച്ചു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.