ഗുരുവായൂരില്‍ ക്ഷേത്രരക്ഷാസമിതി ഭക്തജനമുന്നേറ്റം നടത്തി

Saturday 30 May 2015 10:15 pm IST

ഗുരുവായൂര്‍: മുമ്പ് ക്ഷേത്രപ്രവേശനത്തിനു സമരം നടത്തിയ ഗുരുവായൂരില്‍ ഇന്ന് ക്ഷേത്ര ഭരണപ്രവേശനത്തിനായുള്ള സമരമാണ് നടക്കുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍. ഭരണം കൈയടക്കാനാണ് ദേവസ്വം അധികൃതരുടെ ആഗ്രഹം. അന്നത്തെ സമരനേതാക്കളുടെ ആത്മാവിന് സംതൃപ്തി ലഭിക്കാന്‍ ഈ സമരം വിജയിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിന് ഇത്ര കാലമായിട്ടും ഒരു മാസ്റ്റര്‍ പ്ലാന്‍ പോലുമില്ലെന്നും ഭക്തജനങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഭരണസമിതി ഇവിടെ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂര്‍ ദേവസ്വത്തിന്റെ അഴിമതിയ്ക്കും ദുര്‍ഭരണത്തിനും എതിരെ ക്ഷേത്രരക്ഷാ സമിതിയുടെ നേതൃത്വത്തില്‍ നടന്ന ഭക്തജനമുന്നേറ്റം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാഭിപ്രായം സ്വരൂപിക്കാന്‍ ക്ഷേത്രരക്ഷാ സമിതി മുന്നിട്ടിറങ്ങും. കാലഹരണപ്പെട്ട ദേവസ്വം നിയമങ്ങളാണ് ഗുരുവായൂരില്‍. പുതിയ ദേവസ്വം ആക്ട് നിലവില്‍ വരേണ്ട സമയം അതിക്രമിച്ചു. ക്ഷേത്രം കേന്ദ്രീകരിച്ച് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടക്കുന്നു. ക്യു കോംപ്ലക്‌സിന്റെ പേര് പറഞ്ഞ് ജനങ്ങളെ മുഴുവന്‍ സ്ഥലമൊഴിപ്പിച്ചു. ഇപ്പോള്‍ കോംപ്ലക്‌സ് സ്ഥലം തന്നെ മാറ്റി. ഹിന്ദുക്കള്‍ സംഘടിതമായി നീങ്ങിയാലേ ക്ഷേത്രരക്ഷനടക്കൂ. മാറിമാറി വരുന്ന സര്‍ക്കാരും മന്ത്രിമാരും ദേവസ്വവും ചേര്‍ന്ന് ജനങ്ങളെ കബളിപ്പിക്കുകയാണ്, അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി ചാവക്കാട് കടപ്പുറത്ത് പ്രശ്‌നങ്ങള്‍ പഠിക്കാന്‍ എത്തിയപ്പോഴും ഗുരുവായൂര്‍ ക്ഷേത്രത്തെ തിരിഞ്ഞ് പോലും നോക്കിയില്ല.ക്ഷേത്രത്തിന്റെ അടിസ്ഥാന ഘടകം ഭക്തജനങ്ങളാണ്. അവരെ മറന്നുകൊണ്ടുള്ള പ്രവൃത്തി ഗുണകരമല്ല, കുമ്മനം ഓര്‍മ്മിപ്പിച്ചു. മഞ്ജുളാല്‍ പരിസരത്ത് നിന്നും നാമജപ ഘോഷയാത്രയോടെയായിരുന്നു പരിപാടികള്‍ ആരംഭിച്ചത്. എന്നാല്‍ രണ്ടായിരത്തിലധികം ഭക്തര്‍ ഒപ്പിട്ട നിവേദനവുമായി ദേവസ്വം ഓഫീസിന് മുന്നിലെത്തിയ ഭക്തരെ അധികൃതര്‍ അകത്ത് കടക്കാന്‍ അനുവദിച്ചില്ല. പീന്നിട് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ക്ക് നിവേദനം നല്‍കി.  ചടങ്ങില്‍ ക്ഷേത്രരക്ഷാസമിതി ഭാരവാഹി പൂങ്ങാട്ട് മാധവന്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന സഹസംഘടന സെക്രട്ടറി സി. ബാബു, ബിഎംഎസ് ജില്ലാ സെക്രട്ടറി സേതു തിരുവെങ്കിടം, ജി.കെ. പ്രകാശന്‍, ആര്‍എസ്എസ് വിഭാഗ് സഹകാര്യവാഹ് അരവിന്ദാക്ഷന്‍, ചേലനാട്ട് മോഹന്‍ദാസ്, വേണു, സി.എന്‍.പ്രഭാകരന്‍ നായര്‍, ശിവരാമന്‍ നായര്‍, രവി ചങ്കത്ത്, വേണുഗോപാല്‍ പാഴൂര്‍, എം. ബിജേഷ്, ശിവരാമന്‍ എന്നിവര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.