ആ മണിയൊച്ച മുഴങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം...

Saturday 30 May 2015 10:18 pm IST

കൊച്ചി: പൂട്ടിക്കിടന്ന ഇരുമ്പുഗേറ്റുകള്‍ തുറക്കുകയായി... കരയുന്ന ബഞ്ചുകളില്‍ തിങ്ങിഞെരുങ്ങി ഇരുന്ന് ഹാജര്‍ പറയാന്‍, കവിളില്‍ കരിമഷിക്കുത്തും ഇരുവശവും കൊമ്പുപോലെ പൊക്കിക്കെട്ടിയ മുടിയും, കഴുത്തില്‍ മുത്തുമാലയും കൈയില്‍ സ്ലേറ്റും കല്ലുപെന്‍സിലുമേന്തി സുന്ദരികളും നെറ്റിയില്‍ ചന്ദനക്കുറിയിട്ട് പുത്തനുടുപ്പും ചെരിപ്പും കളിവാച്ചും അണിഞ്ഞ സുന്ദരന്മാരും കലപില പറയാന്‍ മത്സരിക്കുന്ന കാലം തുടങ്ങുകയായി. മഴയത്തു പൊങ്ങിയ മഴപ്പാറ്റകളെ പോലെ, പൂമ്പാറ്റകളെപ്പോലെ അവര്‍ ഉല്ലസിച്ചോടുന്ന സ്‌കൂള്‍ അങ്കണങ്ങള്‍ ഉണരുകയായി. അടുത്ത ബെല്ലോടുകൂടി പ്രാര്‍ത്ഥന ആരംഭിക്കുകയായി.... പള്ളിക്കൂടം വീണ്ടും തുറക്കുന്നതിനെക്കുറിച്ച് ഇങ്ങനെയൊരെഴുത്തിന്റെ കാലം കഴിഞ്ഞുപോകുകയാണ്. ഇന്നേക്കു രണ്ടാം നാള്‍ അങ്കണ വാടികള്‍ മുതല്‍ 'നാടന്‍ ഡൂണ്‍' സ്‌കൂളുകള്‍വരെ സക്രിയമാവാന്‍ പോകുകയാണ്. നിരത്തുകളില്‍ ബസ്സുകളും വണ്ടികളും സ്‌കൂളിലേക്ക് എന്ന ബോര്‍ഡുവെച്ച് പരക്കം പായും. ചട്ടങ്ങളെ പരിഹസിച്ച് ഹോണ്‍ മുഴക്കിക്കൊണ്ട് കുട്ടികളെ കുത്തിനിറച്ച് ഓട്ടോ റിക്ഷകള്‍ മൂളിപ്പറക്കും. അവയിലിരുന്ന് അച്ചില്‍ വാര്‍ത്തതുപോലെ, ചോക്‌ളേറ്റു മിഠായികള്‍ പോലെ കുട്ടികള്‍ കൂട്ടംകൂടി കൂക്കിപ്പായും. അവരില്‍ ചിലര്‍ക്ക് കഴുത്തില്‍ ടൈ ഉള്‍പ്പെടെയുള്ള ജന്റില്‍മാന്‍ സ്‌റ്റൈല്‍ വേഷമാകും. ചിലര്‍ കളിക്കളത്തിലേക്കു പോകുംമട്ടിലായിരിക്കും. അങ്കം വെട്ടാനിറങ്ങുന്ന യോദ്ധാവിനെ പോലെയോ ട്രക്കിങ്ങിനു പോകുന്ന വിനോദ സഞ്ചാരിയെപ്പോലെയോ ചിലര്‍ക്ക് പുറത്ത് കനത്ത സഞ്ചിഭാരം കാണും. കൈയില്‍ തോക്കുപോലെ കുട. ജലസംഭരണികള്‍... അന്നുതന്നെ മഴയെത്തുമെന്ന് പഴമക്കാരുടെ ഉറപ്പ്, ശാസ്ത്രലോകത്തിന്റെ അറിയിപ്പ്. പെയ്ത്തിനു കാഠിന്യം കൂടിയാല്‍ കുഴപ്പം, പെയ്തില്ലെങ്കില്‍ 37 ഡിഗ്രിയിലെത്തിയ കൊടും ചൂട്, അതും കുഴപ്പം. പേടികൂട്ടാന്‍ ആന്ധ്രയിലെ മരണച്ചൂടുയര്‍ത്തുന്ന കൂട്ടും. സര്‍ക്കാര്‍ അംഗീകാരം ഉണ്ടെന്നുറപ്പു വരുത്താന്‍ സ്വകാര്യ സ്‌കൂള്‍ അധികൃതരുടെ നെട്ടോട്ടം. ഡിവിഷനുകള്‍ ഇല്ലാതാകാതിരിക്കാന്‍, സ്‌കൂളുകള്‍ പൂട്ടിപ്പോകാതിരിക്കാന്‍ സര്‍ക്കാര്‍ സ്‌കൂളുകളിനെ ആശ്രയിച്ചു ജീവിക്കുന്നവരുടെ വെപ്രാളം. അതിനിടെ പതിനൊന്നാം മണിക്കൂറില്‍ ഏഴ് പീരിയേഡ് എട്ടാകുന്ന പുതിയ പഠനക്രമം. നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളില്‍ പുതിയ പാഠപുസ്തകങ്ങള്‍ എപ്പോള്‍ കിട്ടുമെന്ന ആശങ്ക രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും മാത്രം. മന്ത്രിയും മന്ത്രിസഭയും 'രാഷ്ട്രീയ ചൂണ്ട'യുമായി അരുവിക്കരയിലാണ്. വിജയിച്ചെന്നുറപ്പിക്കാന്‍ സര്‍ട്ടിഫിക്കറ്റു കൈയില്‍ കിട്ടുന്നതുതിനു കണ്ണിലെണ്ണയൊഴിച്ച് മുന്‍ പത്താം ക്ലാസുകാര്‍; അടുത്ത വര്‍ഷം എങ്ങനെയാകുമെന്ന ആശങ്കിച്ച് ഇപ്പോഴത്തെ പത്തുകാര്‍. വിജയശതമാനം കൂട്ടാന്‍ തലപുകച്ചും കച്ചമുറുക്കിയും അദ്ധ്യാപകര്‍. അതിനിടെ, സംസ്‌കൃതം പഠിപ്പിക്കല്‍ എല്ലാ ക്ലാസിലും ആദ്യക്ലാസുമുതല്‍ നടപ്പാ ക്കുമെന്നും ഭാഷാ പഠനം നിര്‍ബന്ധിതമാക്കുമെന്നും മറ്റും മറ്റും നടത്തിയ പ്രഖ്യാപനങ്ങള്‍ക്ക് വയസ്സെത്രയോ ആയി. താല്‍കാലിക അദ്ധ്യാപകര്‍ക്കു പകരം പൂര്‍ണ്ണസമയ സ്ഥിരം അദ്ധ്യാപകരെന്ന പ്രഖ്യാപനത്തിന്റെ കാര്യവും അങ്ങനെതന്നെ. പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കിപ്പോഴും ലാബ് സൗകര്യങ്ങള്‍ സമ്പൂര്‍ണ്ണമായിട്ടില്ല. പരാധീനതകളും പരിമിതികളും ഒട്ടേറെ നിലനില്‍ക്കുമ്പോള്‍ ആരോഗ്യപൂര്‍ണ്ണമായ ശൗചാലയങ്ങളും അന്തരീക്ഷവും ഇല്ലാത്ത സ്‌കൂളുകള്‍ക്കു പൂട്ടല്‍ ഭീഷണി നോട്ടീസുകള്‍ വേറേ. അദ്ധ്യാപകര്‍ അവകാശങ്ങള്‍ക്കായി ഈവര്‍ഷം കൈയുയര്‍ത്തുന്നത് എന്നായിരിക്കും? വിദ്യാര്‍ത്ഥി സംഘടനകള്‍ വിവിധ ആവശ്യങ്ങളുടെ പേരില്‍ പഠിപ്പു മുടക്കുന്നതെത്ര ദിവമായിരിക്കും? അദ്ധ്യയന ദിവസങ്ങള്‍ കൊണ്ട് പാഠങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഈ വര്‍ഷം സാധിക്കുമോ? ഗൈഡു വില്‍പ്പനയും ട്യൂഷന്‍ മേളകളും ഈ വര്‍ഷവും പൊടിപൊടിക്കുമോ? ഉത്തരങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും മേലേ, ഈ വര്‍ഷവും പ്രവേശനോത്സവ മേളം ഉച്ചത്തില്‍ പൊങ്ങിക്കേള്‍ക്കും. ബലൂണ്‍ പൊട്ടിച്ചും മിഠായി നുണച്ചും നൃത്തം കളിച്ചും കൊച്ചു കുട്ടികളും മുതിര്‍ന്നവരും ആഘോഷിക്കും. അതെ, അടുത്ത മണിയോടെ പള്ളിക്കൂടങ്ങള്‍, അല്ല സ്‌കൂളുകള്‍ ഉണരുകയായി...

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.