മെഹ്ദി ഹസനെക്കുറിച്ച് മലയാളത്തില്‍ ആദ്യ പുസ്തകം പുറത്തിറങ്ങുന്നു

Saturday 30 May 2015 10:26 pm IST

കൊച്ചി: ഗസല്‍ ചക്രവര്‍ത്തി ഉസ്താദ് മെഹ്ദി ഹസനെക്കുറിച്ച് മലയാളത്തില്‍ ആദ്യ പുസ്തകം പുറത്തിറങ്ങുന്നു. ലോകത്തിലെ പ്രധാന നഗരങ്ങളിലെല്ലാം രാവുകളെ ഉണര്‍ത്തിയ ഈ ഗായകന് സംഗീത പ്രേമികള്‍ക്കിടയില്‍ സാര്‍വ ലൗകികകമായ അംഗീകാരം നേടാന്‍ കഴിഞ്ഞിരുന്നു. രാജസ്ഥാനിലെ ലൂണയില്‍ ജനിച്ച് വിഭജനകാലത്ത് പാക്കിസ്താനിലേക്ക് കുടിയേറിയ മെഹ്ദി ഹസന്റെ അവസാന കച്ചേരി രണ്ടായിരാമാണ്ടില്‍ കോഴിക്കോട്ടാണ് നടന്നത്. കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ ഒരു മാസം നീണ്ടു നിന്ന ചികിത്സ കഴിഞ്ഞ് മടങ്ങവേ ആരാധകരുടെ നിര്‍ബന്ധത്തിനു വഴങ്ങി അദ്ദേഹം പാടാന്‍ തയാറാവുകയായിരുന്നു. ദീര്‍ഘകാലം രോഗശയ്യയില്‍ കഴിഞ്ഞ ശേഷം 1912 ജൂണ്‍ 13ന് എണ്‍പത്തഞ്ചാം വയസില്‍ അദ്ദേഹം അന്തരിച്ചു. പത്രപ്രവര്‍ത്തകന്‍ സി.കെ ഹസ്സന്‍കോയ രചിച്ച് റെഡ് ചെറി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന 'മെഹ്ദി ഹസന്‍ അതിരുകളില്ലാത്ത സംഗീതം' എന്ന പുസ്തകം കോഴിക്കോട്ട് ജൂണ്‍ ആറിന് ശനിയാഴ്ച പ്രകാശിപ്പിക്കും. കവി ആലങ്കോട് ലീലാകൃഷ്ണന്‍ ചെലവൂര്‍ വേണുവിന് കോപ്പി നല്‍കിയാണ് പ്രകാശനം നിര്‍വഹിക്കുക.  അളകാപുരിയില്‍ വൈകിട്ട് അഞ്ചരക്കു നടക്കുന്ന പരിപാടിയില്‍ ജമാല്‍ കൊച്ചങ്ങാടി, കെ.പി.എ സമദ്, പോള്‍ കല്ലാനോട്, കെ.പി സുധീര, ഷാജി ചെന്നൈ, തോമസ് ജോസഫ്, ഹസ്സന്‍കോയ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് ചാവക്കാട് മെഹ്ദി ആവാസ് ഒരുക്കുന്ന സിറാജ് അമലിന്റെ മെഹ്ദി ഗസലുകളുടെ ആലാപനവും ഉണ്ടാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.