അരുവിക്കര: ബിജെപിക്ക് ഒ. രാജഗോപാല്‍

Sunday 31 May 2015 11:44 pm IST

തിരുവനന്തപുരം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന അരുവിക്കരയില്‍ മുതിര്‍ന്ന നേതാവ് ഒ.രാജഗോപാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകും. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ഒ.രാജഗോപാലിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ശുപാര്‍ശ ജില്ലാകമ്മറ്റി കഴിഞ്ഞ ദിവസം സംസ്ഥാന ഘടകത്തിനു നല്‍കിയിരുന്നു. ഇന്നലെ ചേര്‍ന്ന സംസ്ഥാന കോര്‍കമ്മററിയില്‍ ഒ. രാജഗോപാലിന്റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കുകയായിരുന്നു. സംസ്ഥാന ഘടകത്തിന്റെ ശുപാര്‍ശ ഇന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ വി.മുരളീധരനും ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസും ചേര്‍ന്ന് കേന്ദ്രനേതൃത്വത്തിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കും. തുടര്‍ന്ന് ബിജെപി പാര്‍ലമെന്ററി സമിതി അരുവിക്കരയുടെ സ്ഥാനാര്‍ത്ഥിയായി ഒ. രാജഗോപാലിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന്  ബിജെപി സംസ്ഥാന ഘടകം അറിയിച്ചു. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമം നിയോജകമണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയ ഒ.രാജഗോപാല്‍ 6400 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫിലെ വി. ശിവന്‍കുട്ടിയോട് പരാജയപ്പെട്ടത്. യുഡിഎഫ് ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി എല്‍ഡിഎഫിന് അനുകൂലമായി വോട്ടു മറിച്ചാണ് രാജഗോപാലിനെ പരാജയപ്പെടുത്തിയതെന്ന് അന്ന് മണ്ഡലത്തിലുടനീളം ആക്ഷേപമുയര്‍ന്നിരുന്നു. 2012ല്‍ നെയ്യാറ്റിന്‍കരയില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും രാജഗോപാലായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി. അരുവിക്കരയിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ ബിജെപി കരുത്തുതെളിയിക്കുമെന്ന് സംസ്ഥാന ഘടകം വിലയിരുത്തുകയായിരുന്നു. അഴിമതിഭരണവും ഒത്തുതീര്‍പ്പ് സമരവും സമ്മര്‍ദ്ദത്തിലാക്കിയ കോണ്‍ഗ്രസ്സിനും ഇടതുമുന്നണിക്കും ബദലായി ബിജെപി എന്ന ചിന്ത അരുവിക്കരയിലെ ജനങ്ങള്‍ വച്ചുപുലര്‍ത്തുന്നുണ്ട്. ഈ ജനവികാരം വോട്ടാക്കി മാറ്റുവാന്‍ കരുത്തുറ്റ സ്ഥാനാര്‍ത്ഥിയാണ് വേണ്ടതെന്ന് ജില്ലാ സംസ്ഥാന നേതാക്കള്‍ ഉറപ്പിച്ചു. ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യതയും വ്യക്തിപ്രഭാവവുമുള്ള രാജഗോപാലിനെ കോര്‍ കമ്മററി ഐകകണ്‌ഠ്യേന തീരുമാനിക്കുകയായിരുന്നു. അരുവിക്കരയില്‍ കാലിടറി നില്‍ക്കുന്ന ഇരുമുന്നണികള്‍ക്കും അന്ധാളിപ്പു നല്‍കിയാണ് ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നത്. രാജഗോപാലാണ് സ്ഥാനാര്‍ത്ഥിയെന്നറിഞ്ഞതോടെ അരുവിക്കര മണ്ഡലത്തിലെ ജനങ്ങളും ബിജെപി പ്രവര്‍ത്തകരും വലിയ ആഹ്ലാദത്തിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.