മനുഷ്യന് ഇന്ന് നിങ്ങളെ സ്നേഹിക്കുന്നു. നാളെ വേര്‍പിരിയുന്നു. ഇന്നു സര്‍വ്വപ്രകാരേണ നിങ്ങളെ സഹായിക്കുന്നു. നാളെ കൈവെടിയുന്നു. എന്നാല്‍, ഈശ്വരന് ഒരിക്കലും നിങ്ങളെ ഉപേക്ഷിക്കുകയില്ല. അവിടുത്തെ പ്രേമവും കാരുണ്യവും സംരക്ഷണവും സദാപി നിങ്ങള്‍ക്കുണ്ടായിരിക്കും. ഈശ്വര കാരുണ്യത്തില്‍ വിശ്വാസം കൊള്ളുവിന്‍. ഇക്കാലത്ത് ക്ഷയോന്മുഖമായിക്കാണുന്നത് വിശ്വാസത്തിന്റെ അഭാവമാണ്.
മാനസികമായ എല്ലാ അസ്വാസ്ഥ്യങ്ങള്‍ക്ക് മൂലകാരണം വിശ്വാസരാഹിത്യമാണ്. ഈശ്വരാര്‍പ്പിതമായ ഉത്കൃഷ്ടജീവിതം നയിക്കാനുള്ള അഭിരുചി നിങ്ങളില്‍ പ്രോജ്ജ്വലിക്കട്ടെ. എന്ത് സംഭവിച്ചാലും ശരി വിശ്വാസത്തെ കാത്തുസൂക്ഷിക്കുവിന്‍. നിങ്ങളെ വളര്‍ത്തിയെടുത്ത വിശ്വാസത്തെ നശിപ്പിക്കുവാന്‍ ഇടയുള്ള യാതൊന്നും ചെയ്തുപോകരുത്. ഇപ്പോഴുള്ള ഭക്തി എത്ര ചെറുതാണെങ്കിലും അതിനെ പരിപോഷിപ്പിക്കണം. പടിപടിയായി പുരോഗമിക്കുക. ജാഗരൂകരായി വര്‍ത്തിക്കുക.
മനസ്സിന്റെ ചാഞ്ചല്യം സംശയം നിരാശാഭീതി ഭാവിയെക്കുറിച്ചുള്ള ആശങ്ക ഇവയെല്ലാം വിശ്വാസരാഹിത്യത്തിന്റെ പ്രതിഫലനങ്ങളാണ്. വൃത്തികളും ഗുണങ്ങളുമുള്ളകാലത്തോളം മനസ്സ് നിലനില്ക്കും. അവ ഇല്ലാതാകുമ്പോള്‍ മനസ്സ് എന്നൊന്നില്ല. അവശേഷിക്കുന്നത് ജ്ഞാനം മാത്രം
പ്രതികരിക്കാൻ ഇവിടെ എഴുതുക: